സർക്കാർ ആശുപത്രികളെ ലക്ഷ്യമിട്ട് രാഷ്ട്രീയ ആക്രമണം; യൂത്ത് കോൺഗ്രസ് പ്രതിഷേധങ്ങൾക്ക് മറുപടിയുമായി വീണാ ജോർജ്
സർക്കാർ ആശുപത്രികളിലെ ചികിത്സാ പിഴവുകൾ ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധങ്ങൾക്ക് മറുപടിയുമായി വീണ ജോർജ് രംഗത്ത്. ആരോഗ്യമന്ത്രി എന്ന നിലയിൽ വേണ്ട എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയ മന്ത്രി, ഈ സാഹചര്യത്തിൽ യൂത്ത് കോൺഗ്രസ് ആക്രമണം നടത്തുന്നതെന്തിനാണെന്ന് ചോദിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തെത്തുന്ന സാഹചര്യത്തിൽ കോൺഗ്രസ് നടത്തുന്നത് രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള നീക്കമാണെന്നും മന്ത്രി ആരോപിച്ചു. തോൽവി ഭയന്നാണ് ഇത്തരം നടപടികളിലേക്ക് നീങ്ങുന്നതെന്നും, വി ഡി സതീശന്റെ നിർദേശപ്രകാരമാണ് പ്രതിഷേധമെന്നുമാണ് മന്ത്രിയുടെ ആരോപണം.
എന്തുതരത്തിലുള്ള ചികിത്സാ പിഴവായാലും സർക്കാർ അത് അംഗീകരിക്കില്ലെന്ന് വീണാ ജോർജ് വ്യക്തമാക്കി. തെറ്റ് ചെയ്യുന്നവർക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. സ്വകാര്യ ആശുപത്രികളിൽ നടക്കുന്ന ചികിത്സാ പിഴവുകൾക്കെതിരെ കോൺഗ്രസും യൂത്ത് കോൺഗ്രസും ശബ്ദമുയർത്തുന്നില്ലെന്നാരോപിച്ച മന്ത്രി, ആശുപത്രി മേഖലയിലെ കുത്തകകളെ സംരക്ഷിക്കാനാണ് അവർക്കുള്ള ശ്രമമെന്നും പറഞ്ഞു. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയ പ്രചാരണമെന്ന നിലയിലാണ് സർക്കാർ ആരോഗ്യ സംവിധാനത്തെ തകർച്ചയിലാണെന്നായി ചിത്രീകരിക്കുന്നതെന്നും അവർ അഭിപ്രായപ്പെട്ടു.