ക്രിസ്തുമസ്–പുതുവത്സര ബമ്പർ: 20 കോടിയുടെ സമ്മാനത്തർക്കത്തിൽ ഇടപെട്ടു ഹൈക്കോടതി; സമ്മാനവിതരണം തടഞ്ഞു
20 കോടിയുടെ ക്രിസ്തുമസ്–പുതുവത്സര ബമ്പർ ലോട്ടറി സമ്മാനവുമായി ബന്ധപ്പെട്ട തർക്കത്തിൽ ഹൈക്കോടതി ഇടപെട്ടു. പിഴവം പാഴൂർ സ്വദേശിയായ കെ.കെ. സജിമോൻ സമർപ്പിച്ച ഹർജിയിലാണ് കോടതി നടപടികൾ ആരംഭിച്ചത്. സമ്മാനത്തുക വിതരണം താൽക്കാലികമായി തടഞ്ഞ കോടതി, ലോട്ടറി വകുപ്പിന് നോട്ടീസ് അയച്ചു.
ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് താനെടുത്തതാണെന്നാണ് സജിമോന്റെ അവകാശവാദം. റിട്ടയർഡ് എസ്.ഐ ആയ സജിമോൻ ഇപ്പോൾ ട്രാവൽ ഏജൻസി നടത്തുകയാണ്. ശബരിമല യാത്രയ്ക്കായി വിശാഖപട്ടണം സ്വദേശികൾ അദ്ദേഹത്തിന്റെ വാഹനത്തിൽ യാത്ര ചെയ്തിരുന്നു. യാത്രയ്ക്കിടെ അവർ നെയ്യ് നിറച്ച പാത്രം വാഹനത്തിൽ മറന്നുവച്ചതായാണ് വിവരം.
സജിമോൻ വാങ്ങിയ ലോട്ടറി ടിക്കറ്റ് ഈ നെയ്പാത്രത്തിനടിയിലായിരുന്നു സൂക്ഷിച്ചിരുന്നത്. പിന്നീട്, യാത്രക്കാരുടെ അഭ്യർത്ഥനപ്രകാരം നെയ്പാത്രം കൊറിയർ ചെയ്തപ്പോൾ അബദ്ധത്തിൽ ടിക്കറ്റും അതിനൊപ്പം പോയതായി പറയുന്നു. പാത്രം ലക്ഷ്യസ്ഥാനത്ത് എത്തിയെങ്കിലും ടിക്കറ്റ് കൂരിയർ സ്ഥാപനത്തിൽ നിന്ന് നഷ്ടമായെന്നാണ് സജിമോന്റെ വിശദീകരണം.