17കാരന്റെ മരണത്തിൽ വിശദമായ അന്വേഷണത്തിന് ഒരുങ്ങി പോലീസ്
ഞാറയ്ക്കൽ സ്വദേശിയായ 17കാരൻ അർജുൻ കുമാറിനെ എളങ്കുന്നപ്പുഴ ബീച്ചിൽ മരിച്ച നിലയിൽ കണ്ടെത്തയ സംഭവത്തിൽ അന്വേഷണവുമായി പോലീസ്. സംഭവത്തിന് പിന്നിൽ ഗെയിം അഡിക്ഷൻ കാരണമാകാമെന്ന സംശയം ആണ് പൊലീസ് പരിശോധിക്കുന്നത്.
കുടുംബാംഗങ്ങളുടെ മൊഴിപ്രകാരം, അർജുൻ സ്ഥിരമായി മൊബൈൽ ഗെയിം കളിച്ചിരുന്നുവെന്ന് വ്യക്തമാക്കുന്നു. ഏതെങ്കിലും ഓൺലൈൻ ഗെയിം ചലഞ്ചിന്റെ ഭാഗമായിട്ടാണോ ബീച്ചിലെത്തിയതെന്ന് അന്വേഷിക്കുകയാണ് പൊലീസ്. ഇതുമായി ബന്ധപ്പെട്ട് യുവാവിന്റെ മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ഡിജിറ്റൽ ഉപകരണങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും.
19-ാം തീയതി ഉച്ചയ്ക്ക് രണ്ടുമണിയോടെ ടർഫിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് അർജുൻ വീട്ടിൽ നിന്ന് പുറപ്പെട്ടത്. തുടർന്ന് വീട്ടിലേക്ക് മടങ്ങിയെത്താത്തതിനെ തുടർന്ന് കുടുംബം തിരച്ചിൽ ആരംഭിച്ചു. കണ്ടെത്താനാവാത്തതിനാൽ പൊലീസിൽ പരാതി നൽകി. തുടര്‍ന്നുള്ള അന്വേഷണത്തിനിടെയാണ് ബീച്ചിനോട് ചേർന്ന് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാക്കാൻ പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്.