പൂച്ചെണ്ടുകളും മധുരപലഹാരങ്ങളും; ബംഗ്ലാദേശ് തെരഞ്ഞെടുപ്പ് വിജയത്തിൽ അഭിനന്ദനങ്ങളുമായി മമത ബാനർജി
ബംഗ്ലാദേശിൽ ചരിത്ര വിജയം നേടിയ അഭിനന്ദനങ്ങളുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. വിജയത്തിൽ അഭിനന്ദനം അറിയിക്കാനായി പൂക്കളും മധുരപലഹാരങ്ങളുമാണ് മമത ബാനർജി താരിഖ് റഹ്മാനായി അയച്ചത്. ഫെബ്രുവരി 17ന് താരിഖ് റഹ്മാൻ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് റിപ്പോർട്ടുകളുണ്ട്. ഇതിനായി ലോകമെമ്പാടുമുള്ള രാഷ്ട്രത്തലവന്മാർക്ക് ക്ഷണക്കത്തുകൾ അയച്ചിട്ടുണ്ട്. അതിനിടെയാണ് മമത ബാനർജിയുടെ ആശംസകളും വാർത്തയാകുന്നത്.മമത ബാനർജിയുടെ ഈ നീക്കം തിരഞ്ഞെടുപ്പ് വിജയത്തോടുള്ള അഭിനന്ദനം മാത്രമല്ല, ഇരുരാജ്യങ്ങളും തമ്മിലുള്ള സാംസ്കാരികവും ഭൂമിശാസ്ത്രപരവുമായ സാമീപ്യം ശക്തിപ്പെടുത്താനുള്ള ശ്രമം കൂടിയാണ്. മമത ബാനർജി അയച്ച പൂച്ചെണ്ടും മധുരപലഹാരങ്ങളും ശനിയാഴ്ച ബി.എൻ.പി ചെയർമാന്റെ ഗുൾഷനിലെ ഓഫീസിൽ ലഭിച്ചതായി ബി.എൻ.പി മീഡിയ സെൽ അംഗം അതിയുർ റഹ്മാൻ റുമാൻ അറിയിച്ചു. നേരത്തെ എക്സിൽ മമത ബാനർജി താരിഖ് റഹ്മാന്റെ തിരഞ്ഞെടുപ്പ് വിജയത്തിൽ അഭിനന്ദനം അറിയിച്ചിരുന്നു. 'താരിഖ് ഭായ്' എന്ന് അഭിസംബോധന ചെയ്തായിരുന്നു മമതയുടെ അഭിനന്ദനം.