കോഴിക്കോട് ആളൊഴിഞ്ഞ പറമ്പിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി
പ്രസിദ്ധീകരിച്ചത്: 07 Feb, 2026
കോഴിക്കോട് മാങ്കാവിൽ പതിനെട്ടുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് ദിണ്ഡിഗൽ സ്വദേശിയായ വേൽരാജാണ് മരിച്ചത്. ആളൊഴിഞ്ഞ പറമ്പിലെ താൽക്കാലിക ഷെഡിനോട് ചേർന്ന് കേബിളിൽ കെട്ടിത്തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. വേൽരാജിന്റെ കുടുംബം വർഷങ്ങളായി മാങ്കാവിൽ ആക്രി വ്യാപാരം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു. യുവാവിന് മാനസിക അസ്വാസ്ഥ്യമുണ്ടായിരുന്നുവെന്ന പ്രാഥമിക വിവരവും പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ അസ്വാഭാവികതയില്ലെന്നാണ് പൊലീസിന്റെ നിഗമനം. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ മരണകാരണം വ്യക്തമാകൂ.