രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രിക്ക് ഇന്ന് മുഖ്യമന്ത്രി തറക്കല്ലിടും
ആരോഗ്യ വകുപ്പിന് കീഴിൽ കോഴിക്കോട് ചേവായൂരിൽ നിർമിക്കുന്ന രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രിക്ക് ഇന്ന് (ഫെബ്രുവരി 7) രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിടും. ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് അധ്യക്ഷയാകും.
പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്, വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ, എം കെ രാഘവൻ എംപി, മേയർ ഒ സദാശിവൻ, എംഎൽഎമാരായ തോട്ടത്തിൽ രവീന്ദ്രൻ, ടി പി രാമകൃഷ്ണൻ, അഹമ്മദ് ദേവർകോവിൽ, സച്ചിൻ ദേവ്, എം കെ മുനീർ, ഇ കെ വിജയൻ, ലിന്റോ ജോസഫ്, കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ, പി ടി എ റഹീം, കെ കെ രമ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ കൊട്ടാരത്തിൽ, ആരോഗ്യ കുടുംബക്ഷേമ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ എൻ ഖോബ്രഗഡെ, ജില്ലാ കലക്ടർ സ്‌നേഹിൽ കുമാർ സിങ് തുടങ്ങിയവർ പങ്കെടുക്കും. 617 കോടി രൂപ ചെലവിട്ടാണ് ഈ സംരംഭം ഒരുക്കുന്നത്.
ചേവായൂരിലെ ത്വക്ക് രോഗ ആശുപത്രി വളപ്പിലെ 20 ഏക്കർ സ്ഥലത്താണ് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്പ്ലാന്റ് (അവയവമാറ്റ ആശുപത്രി) നിർമിക്കുന്നത്.