ക്ലാസ് മുറികൾ ഇനി കൂടുതൽ സൗഹൃദപരം; സമഗ്ര മാറ്റത്തിന് ഒരുങ്ങി വിദ്യാഭ്യാസ വകുപ്പ്
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ക്ലാസ് മുറികളിൽ വലിയ മാറ്റങ്ങൾ നടപ്പാക്കാൻ വിദ്യാഭ്യാസ വകുപ്പ് തയ്യാറെടുക്കുന്നു. ക്ലാസ് മുറികളിലെ ഇരിപ്പിട ക്രമീകരണം പുനഃസംഘടിപ്പിക്കുന്നതിനുള്ള നൂതന നിർദേശങ്ങളാണ് എസ്‌സിഇആർടി തയ്യാറാക്കിയ പഠന റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നിർദേശങ്ങളടങ്ങിയ മാർഗരേഖയുടെ പകർപ്പ് മാധ്യമങ്ങൾക്ക് ലഭിച്ചു. ‘ബാക്ക് ബെഞ്ചർ’ എന്ന ആശയം ഇല്ലാതാക്കണമെന്ന വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ നിലപാടാണ് ഈ മാറ്റങ്ങൾക്ക് അടിത്തറയാകുന്നത്.
20 വിദ്യാർഥികൾ വരെയുള്ള ക്ലാസുകളിൽ യു ആകൃതിയിലോ അർധവൃത്താകൃതിയിലോ ഇരിപ്പിട ക്രമീകരണം നടത്താമെന്നാണ് നിർദേശം. പരമ്പരാഗത ബെഞ്ച്–ഡെസ്ക് സംവിധാനം ഒഴിവാക്കി, ഭാരം കുറഞ്ഞ മേശകളും കസേരകളും ഉപയോഗിക്കണം. വിഷയത്തിന്റെ സ്വഭാവം അനുസരിച്ച് ക്ലാസ് മുറി ക്രമീകരണം മാറ്റാൻ ഇത് സഹായകമാകും. ശാസ്ത്ര വിഷയങ്ങൾക്ക് നാല് മുതൽ ആറ് പേർ വരെ ഉൾപ്പെടുന്ന ഗ്രൂപ്പ് ടേബിളുകൾ, ഭാഷാ–ഡിജിറ്റൽ–ശ്രവണ–സംസാര ക്ലാസുകൾക്ക് യു ആകൃതിയിലുള്ള ക്രമീകരണം, സാമൂഹ്യശാസ്ത്ര വിഷയങ്ങൾക്ക് വൃത്താകൃതിയിലുള്ള ഇരിപ്പിടങ്ങൾ എന്നിങ്ങനെയാണ് ശുപാർശ.
ക്ലാസ് തലങ്ങൾക്കനുസരിച്ചും വ്യത്യസ്ത ഇരിപ്പിട ക്രമീകരണങ്ങളുണ്ട്. പ്രീ-പ്രൈമറി, പ്രൈമറി ക്ലാസുകളിൽ യു ആകൃതി, പ്രൈമറിയിൽ പെയർ ഷെയറിങ്, അപ്പർ പ്രൈമറിയിൽ സ്റ്റേഡിയം സീറ്റിങ്ങും കോമ്പിനേഷൻ ലേഔട്ടും, സെക്കൻഡറി–ഹയർ സെക്കൻഡറി തലങ്ങളിൽ വൃത്താകൃതിയിലോ അർധവൃത്താകൃതിയിലോ ആയ ക്രമീകരണങ്ങളുമാണ് നിർദേശിക്കുന്നത്. 30ൽ താഴെ വിദ്യാർഥികളുള്ള ക്ലാസുകൾക്ക് ഇരട്ട യു ആകൃതിയിലുള്ള ക്രമീകരണം അനുയോജ്യമാണെന്നും റിപ്പോർട്ട് പറയുന്നു.