യുഡിഎഫിൽ വിശ്വാസം അർപ്പിച്ചതിന് കേരളത്തിലെ ജനങ്ങൾക്ക് സല്യൂട്ട്; ഹൃദയസ്പർശിയായ ജനവിധിയെന്ന് രാഹുൽ ഗാന്ധി
തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിൽ സന്തോഷവും നന്ദിയും പ്രകടിപ്പിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തിരഞ്ഞെടുപ്പ ഫലത്തിലെ ആദ്യ ഫലസൂചനകൾ പുറത്തുവന്നപ്പോൾ മുതൽ ഐക്യ ജനാധിപത്യ മുന്നണിയ്ക്ക് മേൽക്കൈയുണ്ടായിരുന്നു. പിന്നാലെ ആ മേൽക്കൈ യാഥാർത്ഥ്യമായി. തിരഞ്ഞെടുപ്പിൽ തങ്ങളിൽ വിശ്വാസം അർപ്പിച്ച ജനങ്ങൾക്ക് നന്ദി പറയുകയാണ് രാഹുൽ ഗാന്ധി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ യുഡിഎഫിൽ വിശ്വാസം അർപ്പിച്ചതിന് കേരളത്തിലെ ജനങ്ങൾക്ക് ഒരു സല്യൂട്ട്. ഇത് നിർണായകവും ഹൃദയസ്പർശിയായതുമായ ഒരു ജനവിധിയാണ്. ഈ ഫലങ്ങൾ യുഡിഎഫിൽ വളർന്നുവരുന്ന ആത്മവിശ്വാസത്തിന്റെ വ്യക്തമായ സൂചനയാണ്, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ വിജയത്തിലേക്കുള്ള വഴി ചൂണ്ടുന്നു. സന്ദേശം വ്യക്തമാണ്: കേൾക്കുകയും പ്രതികരിക്കുകയും വിജയങ്ങൾ നൽകുകയും ചെയ്യുന്ന ഉത്തരവാദിത്തമുള്ള ഭരണമാണ് കേരളം ആഗ്രഹിക്കുന്നത്.