കേരളത്തിലെ ക്രൈസ്തവന്യൂനപക്ഷം വെറും പോഴരല്ല! മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി ദീപിക മുഖപ്രസംഗം
മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് ദീപികയുടെ മുഖപ്രസംഗം. സംസ്ഥാനത്തെ ക്രൈസ്തവരുടെ വിദ്യാഭ്യാസ-സാമ്പത്തിക പിന്നാക്കാവസ്ഥ, ക്ഷേമം എന്നിവ സംബന്ധിച്ച പ്രശ്നങ്ങൾ പഠിച്ച് 2023 മേയ് 17ന് സമർപ്പിച്ച റിപ്പോർട്ട് പുറത്തുവിടണമെന്നും നടപ്പാക്കണമെന്നും ആവശ്യപ്പെടാൻ തുടങ്ങിയിട്ട് രണ്ടര വർഷത്തിലേറെയായി. സർക്കാർ അനങ്ങിയില്ല.
കേരളത്തിലെ ക്രൈസ്തവന്യൂനപക്ഷം വെറും പോഴരാണെന്ന മട്ടിലാണ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ടിനെക്കുറിച്ച് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചതും ഇന്നലെ വാർത്താസമ്മേളനത്തിൽ വിശദീകരിച്ചതുമെന്ന് ദീപിക മുഖപ്രസംഗം ആരോപിച്ചു.
തെരഞ്ഞെടുപ്പ് അടുത്തപ്പോൾ പെട്ടെന്നു മുഖ്യമന്ത്രിയുടെ വിശദീകരണം; “റിപ്പോർട്ടിലെ ശിപാർശകളിലേറെയും നടപ്പാക്കിക്കഴിഞ്ഞു. ബാക്കി ഉടനെ ശരിയാക്കും.” അതിദാരിദ്ര്യം തുടച്ചുനീക്കിയതിനേക്കാൾ ലാഘവത്തോടെ ഒരു ക്രിസ്ത്യാനിപോലും അറിയാതെ ജെ ബി കോശി കമ്മീഷൻ റിപ്പോർട്ടിലെ ശിപാർശകളിലേറെയും നടപ്പാക്കിക്കഴിഞ്ഞത്രേ. സർ, ഇനിയെങ്കിലും ആ റിപ്പോർട്ട് പുറത്തുവിടണം. ഈ സമുദായം എത്ര ശ്രമിച്ചിട്ടും കണ്ടെത്താനാകാത്ത ആനുകൂല്യങ്ങൾ തിരിച്ചറിഞ്ഞ് നന്ദി പ്രകടിപ്പിക്കാനാണെന്ന് മുഖപ്രസംഗത്തിൽ പരിഹസിക്കുന്നു.