നിയമസഭാ സമ്മേളനം  ജനുവരി 20 മുതല്‍; ഗവര്‍ണറോട് ശുപാർശ ചെയ്ത് മന്ത്രിസഭ

നിയമസഭാ സമ്മേളനം ജനുവരി 20 മുതല്‍; ഗവര്‍ണറോട് ശുപാർശ ചെയ്ത് മന്ത്രിസഭ

പ്രസിദ്ധീകരിച്ചത്: 07 Jan, 2026
ഷെയർ ചെയ്യുക:

പതിനഞ്ചാം കേരള നിയമസഭയുടെ 16-ാം സമ്മേളനം ജനുവരി 20 മുതല്‍ വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ ചെയ്യാൻ ഇന്ന് ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് നടക്കുന്ന അവസാനത്തെ പൂർണ്ണ സമ്മേളനമാണിത്. രണ്ടാം  സര്‍ക്കാരിൻ്റെ അവസാന ബജറ്റ് അവതരണം ഈ സമ്മേളനത്തിൽ നടക്കും

ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ  12 സയന്റിഫിക് ഓഫീസർ തസ്തികകൾ സൃഷ്ടിക്കും. ബയോളജി വിഭാഗത്തിൽ - 3  കെമിസ്ട്രി വിഭാഗത്തിൽ - 4, ഡോക്യുമെൻ്റ്സ് വിഭാഗത്തിൽ - 5  എന്നിങ്ങനെയാണ് തസ്തികകള്‍.

തലശ്ശേരിയില്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ അധിക ബെഞ്ച്;  22 തസ്തികകള്‍

തലശ്ശേരി കോടതി സമുച്ചയത്തിൻ്റെ കോമ്പൗണ്ടില്‍ സ്ഥിതി ചെയ്യുന്ന പഴയ അഡീഷണൽ ജില്ലാ കോടതി സമുച്ചയ കെട്ടിടത്തിൻ്റെ  താഴത്തെ നില കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്‍റെ അധിക ബെഞ്ച് പ്രവർത്തനത്തിന് വിനിയോഗിക്കാന്‍ അനുമതി നൽകി. ഇതിനായി 22 തസ്തികകളിൽ 16 തസ്തികകൾ പുതിയതായി സൃഷ്ടിക്കാനും 6 തസ്തികകൾ പുനർ വിന്യസിക്കാനും തീരുമാനിച്ചു. കെട്ടിടത്തിൻ്റെ സിവിൽ/ഇലക്ട്രിക് ജോലികൾക്കായി 87,30,000 രൂപയും ഓഫീസ് സംവിധാനത്തിനായി ഒരു കോടി എട്ട് ലക്ഷത്തി തൊണ്ണൂറ്റി അയ്യായിരം രൂപയും ചെലവഴിക്കും. 

വിരമിക്കല്‍ പ്രായം ഏകീകരിച്ചു

രണ്ട് തരത്തിലുള്ള വിരമിക്കല്‍ പ്രായം നിലനില്‍ക്കുന്ന കേരളേ അഗ്രോ മിഷനറി കോര്‍പ്പറേഷന്‍ ലിമിറ്റഡിലെ (KAMCO) ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 60 വയസ്സായി ഏകീകരിച്ചു.

മൃഗസംരക്ഷണ വകുപ്പിൻ്റെ കീഴിലെ പൊതുമേഖലാ സ്ഥാപനമായ കേരള ലൈവ് സ്റ്റോക്ക് ഡെവലപ്മെൻ്റ് ബോർഡ് ലിമിറ്റഡിലെ ജീവനക്കാരുടെ വിരമിക്കൽ പ്രായം 60 വയസ്സാക്കി ഉയർത്തി.

പാർട്ട് ടൈം കണ്ടിൻജൻ്റ് ജീവനക്കാരായി സ്ഥിരപ്പെടുത്തും

സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളിലെയും നഗരസഭകളിലെയും സാംസ്കാരിക നിലയങ്ങളിലും പഞ്ചായത്ത് ലൈബ്രറികളിലും ശിശു മന്ദിരങ്ങളിലും നഴ്സറി സ്കൂളുകളിലും ഓണറേറിയം/ ദിവസ വേതന അടിസ്ഥാനത്തിൽ പ്രവര്‍ത്തിച്ചു വരുന്ന നടപടിക്രമങ്ങള്‍ പാലിച്ച് നിയമനം ലഭിച്ചവരെ സ്ഥിരപ്പെടുത്തും. പതിനൊന്നിന പരിപാടിയുടെ ഭാഗമായോ അല്ലാതെയോ നിയമനം ലഭിച്ചവരും നിലവിൽ പത്തോ അതിലധികമോ വർഷമായി തുടർച്ചയായി പ്രവർത്തിച്ചു വരുന്നരെയാണ് സ്ഥിരപ്പെടുത്തുക. ലൈബ്രേറിയന്‍, നഴ്സറി ടീച്ചര്‍, ആയ എന്നീ വിഭാഗങ്ങളില്‍പ്പെട്ടവരെ പാർട്ട് ടൈം കണ്ടിൻജൻ്റ് ജീവനക്കാരായി സ്ഥിരപ്പെടുത്തും. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി പാർട്ട് ടൈം ആയി നിയോഗിച്ച് ഓണറേറിയം/ദിവസ വേതന രീതിയിലേക്ക് മാറ്റിയവർ ഉൾപ്പെടെയുള്ളവര്‍ക്കും ആനുകൂല്യം ലഭിക്കും.