സത്യപ്രതിജ്ഞ തലേന്ന് അപ്രതീക്ഷിത മരണം; നോവായി നിയുക്ത ഗ്രാമപ്പഞ്ചായത്തംഗം പ്രസാദ് നാരായണൻ

സത്യപ്രതിജ്ഞ തലേന്ന് അപ്രതീക്ഷിത മരണം; നോവായി നിയുക്ത ഗ്രാമപ്പഞ്ചായത്തംഗം പ്രസാദ് നാരായണൻ

പ്രസിദ്ധീകരിച്ചത്: 21 Dec, 2025
ഷെയർ ചെയ്യുക:

കോട്ടയത്ത്  നിയുക്ത ഗ്രാമപ്പഞ്ചായത്തംഗം ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. മീനടം പഞ്ചായത്ത് ഒന്നാം വാർഡ് ചീരംകുളത്ത് നിന്ന് ജയിച്ച യുഡിഎഫ് അംഗം പ്രസാദ് നാരായണൻ (59) ആണ് മരിച്ചത്. വിവിധയിടങ്ങളിലെ പൊതുദർശനത്തിന് ശേഷം നാളെ രാവിലെ 11ന് മൃതദേഹം വീട്ടുവളപ്പിൽ ദഹിപ്പിക്കും. പഞ്ചായത്ത് പ്രസിഡന്റായും വൈസ് പ്രസിഡന്റായും പ്രസാദ് പ്രവർത്തിച്ചിട്ടുണ്ട്. തുടർച്ചയായി 30 വർഷം പഞ്ചായത്തംഗമായിരുന്നു. ഇത്തവണ ഏഴാമത്തെ വിജയം നേടിയതിന് പിന്നാലെയാണ് അപ്രതീക്ഷിത മരണം. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ മീനടത്ത് പ്രകടനം നടത്താൻ തീരുമാനിച്ചിരുന്നു. രാവിലെ  പ്രവർത്തകർക്കൊപ്പം വാർഡിലെ വീടുകളിൽ പോയി വോട്ടർമാരെ നേരിൽ കണ്ട് പ്രസാദ് മിഠായി നൽകിയിരുന്നു.

ഉച്ചയ്ക്ക് നിശ്ചയിച്ചിരുന്ന പ്രകടനത്തിന് മുമ്പ് പഞ്ചായത്ത് ഭരണസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എല്ലാ കോൺഗ്രസ് അംഗങ്ങളും ഉമ്മൻ ചാണ്ടിയുടെ കബറിടത്തിൽ എത്തി പുഷ്പാർച്ചന നടത്താനും തീരുമാനിച്ചിരുന്നു. ഒപ്പമുള്ളവർ എല്ലാവരും കബറിടത്തിൽ എത്തിയപ്പോഴാണ് പ്രസാദിന്റെ മരണവിവരം വിവരം അറിയുന്നത്. 

ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര പുതുപ്പള്ളി കവലയിൽ എത്തിച്ചേരും. തുടർന്ന് നാരകത്തോട്, അടുമ്പുംകാട്, മഠത്തിൽ കവല വഴി മീനടം ആശുപത്രിപ്പടിയിൽ എത്തും. കോൺഗ്രസ് ഭവനിൽ 4ന് പൊതുദർശനത്തിന് വെക്കും. തുടർന്ന് അഞ്ച് മണിയോടെ പഞ്ചായത്ത് ഓഫിസ് അങ്കണത്തിൽ അന്തിമോപചാരം അർപ്പിക്കാം. 5.30ന് മൃതദേഹം വീട്ടിലേക്ക് കൊണ്ടുവരും.