അമേരിക്കയുടെ 250-ാം വാർഷികാഘോഷം: വമ്പൻ പദ്ധതികൾ പ്രഖ്യാപിച്ച് ട്രംപ്

അമേരിക്കയുടെ 250-ാം വാർഷികാഘോഷം: വമ്പൻ പദ്ധതികൾ പ്രഖ്യാപിച്ച് ട്രംപ്

പ്രസിദ്ധീകരിച്ചത്: 19 Dec, 2025
ഷെയർ ചെയ്യുക:

അമേരിക്കയുടെ 250-ാം ജന്മദിനം ആഘോഷിക്കുന്നതിനായി അടുത്ത വർഷം വൈറ്റ് ഹൗസ് ഒരുക്കുന്ന വലിയ ആഘോഷ പരിപാടികളുടെ രൂപരേഖ പ്രഖ്യാപിച്ചു പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. “ലോകം ഇതുവരെ കണ്ട ഏറ്റവും വലിയ ജന്മദിനാഘോഷം അമേരിക്കയ്ക്ക് നൽകും” എന്ന തന്റെ വാഗ്ദാനം അദ്ദേഹം വീണ്ടും ആവർത്തിച്ചു.

2024 തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് തന്നെ മുൻകാല ലോകപ്രദർശനങ്ങളോട് താരതമ്യപ്പെടുത്താവുന്ന വമ്പൻ ആഘോഷം സംഘടിപ്പിക്കുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. അതിന്റെ ഭാഗമായി ‘ഫ്രീഡം 250’ (Freedom 250) എന്ന പേരിലുള്ള പരിപാടികളുടെ പട്ടിക അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ ഔദ്യോഗികമായി പുറത്തുവിട്ടു.

 

വൈറ്റ് ഹൗസ് വ്യക്തമാക്കുന്നത് അനുസരിച്ചു ജൂൺ 25 മുതൽ ജൂലൈ 10 വരെ വിവിധ ആഘോഷ പരിപാടികൾ നടക്കും. ഇതിൽ രാജ്യത്തിനായി ജീവൻ നല്കിയ സൈനികരെ ആദരിക്കുന്ന ‘സ്പിരിറ്റ് ഓഫ് അമേരിക്ക’ പരേഡ്, ലോകത്തിലെ ഏറ്റവും വലിയതായിരിക്കും എന്ന് വാഗ്ദാനം ചെയ്യുന്ന നാഷണൽ മാളിലെ ‘ബർത്ത്ഡേ ഫയർവർക്സ് സെലിബ്രേഷൻ’, കൂടാതെ 50 സംസ്ഥാനങ്ങളുടെയും പവിലിയനുകൾ ഉൾപ്പെടുന്ന ‘ഗ്രേറ്റ് അമേരിക്കൻ സ്റ്റേറ്റ് ഫെയർ’ എന്നിവ ഉൾപ്പെടും.