വാക്കുകളിലൂടെ മാത്രമല്ല, ജീവിതം കൊണ്ടും വിശ്വാസം പ്രഘോഷിക്കുക: ലിയോ പതിനാലാമൻ പാപ്പാ
ഓഗസ്റ്റ് ഇരുപത്തിനാല് ഞായറാഴ്ച ഉച്ചയ്ക്ക് വത്തിക്കാനിൽ ത്രികാലജപപ്രാർത്ഥന നയിച്ച അവസരത്തിൽ ലിയോ പതിനാലാമൻ പാപ്പാ പങ്കുവച്ച ചിന്തകളുടെ മലയാള പരിഭാഷ. ഹൃദയപരിവർത്തനത്തിന് നമ്മെ സഹായിക്കുന്ന വിധത്തിൽ വിശ്വാസത്തിന്റേതായ പ്രവൃത്തികൾ ജീവിക്കാൻ ലിയോ പാപ്പായുടെ ആഹ്വാനം. ജീവിതത്തിൽ പ്രതിഫലിക്കാത്ത വിശ്വാസം നമ്മെ രക്ഷയിലേക്ക് നയിക്കില്ല. കുരിശാകുന്ന ഇടുങ്ങിയ വാതിൽ കടക്കുന്ന ക്രിസ്തുവാണ് നമ്മുടെ രക്ഷയുടെ വാതിൽ.
ലിയോ പതിനാലാമൻ പാപ്പാ, ഓഗസ്റ്റ് ഇരുപത്തിനാല് ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിക്ക്, ഇന്ത്യയിലെ സമയം ഉച്ചകഴിഞ്ഞ് 3.30-ന്, വത്തിക്കാനിലെ അപ്പസ്തോലികകൊട്ടാരത്തിന്റെ ജാലകത്തിൽ എത്തുകയും, തന്നെ കാത്തുനിന്നിരുന്ന വിശ്വാസികളെയും സന്ദർശകരേയും അഭിവാദ്യം ചെയ്യുകയും ത്രികാലജപപ്രാർത്ഥന നയിക്കുകയും ചെയ്തു. പാപ്പായെ കാണാനും, പാപ്പായ്‌ക്കൊപ്പം പ്രാർത്ഥനയിൽ പങ്കുകൊള്ളാനും വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരത്തിനകത്തും പുറത്തുമായി ഇറ്റലിക്കാരും മറ്റു രാജ്യക്കാരുമായ പതിനായിരക്കണക്കിന് ആളുകൾ സന്നിഹിതരായിരുന്നു. അപ്പസ്തോലിക കൊട്ടാരത്തിന്റെ ജാലകത്തിങ്കൽ പാപ്പാ എത്തിയപ്പോൾ ജനസമൂഹം ആനന്ദാരവങ്ങൾ ഉയർത്തി. ലത്തീൻ ആരാധനാക്രമപ്രകാരം ഈ ഞായറാഴ്ചയിൽ വിശുദ്ധബലിമധ്യേ വായിക്കപ്പെട്ട, വിശുദ്ധ ലൂക്കായുടെ സുവിശേഷം പതിമൂന്നാം അദ്ധ്യായം ഇരുപത്തിരണ്ട് മുതൽ മുപ്പത് വരെയുള്ള ഭാഗത്ത് നാം കാണുന്ന, രക്ഷപ്രാപിക്കാനായി ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കാൻ ഉദ്ബോധിപ്പിക്കുന്ന ക്രിസ്തുവിനെക്കുറിച്ചുള്ള തിരുവചനങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു ഇറ്റാലിയൻ ഭാഷയിൽ ത്രികാലജപപ്രാർത്ഥനയ്ക്ക് മുൻപേയുള്ള തന്റെ ഉദ്‌ബോധനം പാപ്പാ നടത്തിയത്.