അരവിന്ദ് കേജ്‌രിവാളിൻ്റെ കാർ ആക്രമിച്ചെന്ന് എഎപി; വാഹനം 2 പേരെ ഇടിച്ചതായി ബിജെപി
നിയമസഭാ തെരഞ്ഞെടുപ്പിൽ ന്യൂഡൽഹി മണ്ഡലം നിർണായക പോരാട്ടത്തിനാണ് സാക്ഷ്യം വഹിക്കുന്നത്
ന്യൂഡൽഹി അസംബ്ലി മണ്ഡലത്തിൽ അരവിന്ദ് കേജ്‌രിവാളിൻ്റെ വീടു കേറിയുള്ള പ്രചാരണത്തിനിടെ അദ്ദേഹത്തിൻ്റെ വാഹനവ്യൂഹം ആക്രമിക്കപ്പെട്ടുവെന്ന് ആം ആദ്മി പാർട്ടി (AAP) ആരോപിച്ചു. പ്രചാരണത്തിനിടെ കേജ്രിവാളിൻ്റെ കാറിന് നേരെ കല്ലെറിഞ്ഞ് എഎപിയുടെ പ്രചാരണം തടസ്സപ്പെടുത്താൻ ബിജെപി ശ്രമിക്കുന്നതായും എഎപി ആരോപിച്ചു. കേജ്‌രിവാളിൻ്റെ കാർ രണ്ടുപേരെ ഇടിച്ചിട്ടതായി ബിജെപി സ്ഥാനാർഥി പർവേഷ് വർമ ആരോപിച്ചു.
കേജ്‌രിവാളിൻ്റെ വാഹനത്തിന് നേരെ കല്ല് പതിക്കുന്നത് കാണാം എന്നാരോപിച്ച് സംഭവം വ്യക്തമാകുന്ന വീഡിയോ എഎപി പുറത്തുവിട്ടു.
“ബിജെപി സ്ഥാനാർത്ഥി പർവേഷ് വർമയുടെ ഗുണ്ടകൾ അരവിന്ദ് കെജ്‌രിവാളിനെ കല്ലേറ് നടത്തുകയും തിരഞ്ഞെടുപ്പ് പ്രചാരണം നടത്താതിരിക്കാൻ ഉപദ്രവിക്കുകയും ചെയ്തു. ബി.ജെ.പിക്കാരേ, നിങ്ങളുടെ ഭീരുത്വം നിറഞ്ഞ ആക്രമണത്തിൽ കേജ്‌രിവാൾ ജി ഭയപ്പെടാൻ പോകുന്നില്ല, ഡൽഹിയിലെ ജനങ്ങൾ നിങ്ങൾക്ക് തക്ക മറുപടി നൽകും.” എഎപി എക്‌സിൽ ഒരു പോസ്റ്റിൽ പറഞ്ഞു.
വാഹനവ്യൂഹത്തിന് സമീപം ചിലർ കരിങ്കൊടി വീശുന്നതും വീഡിയോയിൽ കാണിക്കുന്നുണ്ട്. ഇത് പ്രചാരണത്തെ തടസ്സപ്പെടുത്താനുള്ള ബോധപൂർവമായ ശ്രമത്തിൻ്റെ ഭാഗമാണെന്ന് എഎപി അവകാശപ്പെടുന്നു.
എഎപിയുടെ അവകാശവാദത്തിന് മിനിറ്റുകൾക്ക് ശേഷം, ന്യൂഡൽഹി നിയോജക മണ്ഡലത്തിൽ പ്രചാരണത്തിനിടെ അരവിന്ദ് കെജ്‌രിവാളിൻ്റെ വാഹനവ്യൂഹം രണ്ട് പേരുടെ മേൽ പാഞ്ഞുകയറിയതായി ആരോപിച്ച് ബിജെപി സ്ഥാനാർഥി പർവേഷ് വർമ ഒരു വീഡിയോ പങ്കിട്ടു.
“ആളുകൾ ചോദ്യങ്ങൾ ചോദിച്ചപ്പോൾ അരവിന്ദ് കേജ്‌രിവാളിൻ്റെ കാറ് രണ്ട് യുവാക്കളെ ഇടിച്ചു. ഇരുവരെയും ലേഡി ഹാർഡിംഗ് ആശുപത്രിയിലേക്ക് മാറ്റി. മുന്നിൽ തോൽവി കണ്ടപ്പോൾ ആളുകളുടെ ജീവൻ്റെ വില മറന്നു. ഞാൻ ഹോസ്പിറ്റലിലേക്ക് പോവുകയാണ്." ന്യൂഡൽഹിയിലെ ബിജെപി സ്ഥാനാർത്ഥി പർവേഷ് വർമ്മ എക്‌സിൽ എഴുതി.
അതേസമയം, ഡൽഹി പോലീസ് വൃത്തങ്ങൾ എഎപിയുടെ അവകാശവാദങ്ങൾ നിഷേധിച്ച് ആക്രമണം നടന്നിട്ടില്ല എന്ന് പറഞ്ഞു.
“ലാൽ ബഹാദൂർ സദാനിൽ അരവിന്ദ് കേജ്‌രിവാൾ ഒരു പൊതുയോഗം നടത്തുകയായിരുന്നു, ചോദ്യങ്ങൾ ചോദിക്കാൻ ചില ബിജെപി പ്രവർത്തകർ എത്തി. ഇത് ഇരുവശത്തുനിന്നും മുദ്രാവാക്യം വിളികൾക്ക് കാരണമായി. പോലീസ് ഇടപെട്ട് സ്ഥിതിഗതികൾ നിയന്ത്രിക്കാൻ രണ്ട് ഗ്രൂപ്പുകളിൽ നിന്നുമുള്ള ആളുകളെ പിരിച്ചുവിട്ടു.” വൃത്തങ്ങൾ പറഞ്ഞു.
ഫെബ്രുവരി 5 ന് നടക്കുന്ന ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ന്യൂഡൽഹി നിയമസഭാ മണ്ഡലം നിർണായക പോരാട്ടത്തിനാണ് സാക്ഷ്യം വഹിക്കുന്നത്.
മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ന്യൂഡൽഹി മണ്ഡലത്തിൽ നിന്ന് മത്സരിക്കുമ്പോൾ, അന്തരിച്ച മുൻ മുഖ്യമന്ത്രി ഷീല ദീക്ഷിതിൻ്റെ മകൻ സന്ദീപ് ദീക്ഷിതിനെ കോൺഗ്രസും ബിജെപി മുൻ മുഖ്യമന്ത്രി സാഹിബ് സിംഗ് വർമ്മയുടെ മകനും വെസ്റ്റ് ഡൽഹിയിൽ നിന്നുള്ള മുൻ എംപിയുമായ പർവേഷ് വർമ്മയെയുമാണ് ഈ സീറ്റിൽ നിന്ന് മത്സരിപ്പിക്കുന്നത്.
What's Your Reaction?