ഇനി ഫോണില്‍ നെറ്റ്‌വര്‍ക്ക് തിരഞ്ഞ് ബുദ്ധിമുട്ടേണ്ട; ട്രായിയുടെ പുതിയ നിയമം നാളെ മുതല്‍, സംഭവം ഇങ്ങനെ
രാജ്യത്തെ ടെലികോം നിയമങ്ങളില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തി ട്രായ് അഥവാ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ.
ന്യൂഡല്‍ഹി: രാജ്യത്തെ ടെലികോം നിയമങ്ങളില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തി ട്രായ് അഥവാ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ.
ഉപഭോക്താവ് നില്‍ക്കുന്ന പ്രദേശത്ത് ഏത് തരം നെറ്റ്‌വർക്ക് ആണ് കിട്ടുക എന്നത് സംബന്ധിച്ച വിവരം നല്‍കാൻ ടെലികോം ഓപ്പറേറ്റർമാരോട് നിർദ്ദേശിക്കുന്നതാണ് പുതിയ നിയമം. ഇതോടെ ഇന്ത്യയിലെ പ്രമുഖ സർവീസ് പ്രൊവൈഡർമാരായ ജിയോ, എയർടെല്‍, വോഡഫോണ്‍, ബിഎസ്‌എൻഎല്‍ എന്നിവർ ഇത്തരത്തില്‍ കൃത്യമായ ഓരോ ഇടത്തേയും നെറ്റ്‌വർക്കുകളെ കുറിച്ചുള്ള വിവരങ്ങള്‍ ഉപഭോക്താവിനെ അറിയിക്കേണ്ടി വരും.
ഒക്ടോബർ ഒന്ന് മുതലാണ് പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നത്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവർക്ക് അറിയാം നമ്മള്‍ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് പോവുമ്ബോള്‍ നെറ്റ്‌വർക്ക് സംബന്ധമായ മാറ്റങ്ങള്‍ സാധാരണയാണ്. ഉദാഹരണത്തിന് ചിലയിടത്ത് 5ജി സേവനങ്ങളാണ് ലഭ്യമാവുക, മറ്റ് ചിലയിടത്ത് 4ജി മാത്രമേ ലഭ്യമാവൂ. പുതിയ നിയമത്തിലൂടെ ഇക്കാര്യത്തില്‍ കൃത്യമായ വിവരം ഉപഭോക്താവിനെ അറിയിക്കുക എന്നതാണ് ട്രായ് നല്‍കിയിരിക്കുന്ന നിർദ്ദേശം.
നിർബന്ധമായും ഓരോ സ്ഥലത്തെയും നെറ്റ്‌വർക്ക് പ്രവർത്തനക്ഷമത, ലഭ്യമായ സേവനം എന്നിവ ഉപഭോക്താക്കളെ അറിയിക്കണമെന്നാണ് ട്രായിയുടെ നിർദ്ദേശം. അവരുടെ വെബ്‌സൈറ്റില്‍ ആയിരിക്കും ഇത് സംബന്ധിച്ച വിവരങ്ങള്‍ നല്‍കുക. അങ്ങനെ വരുമ്ബോള്‍ നിങ്ങള്‍ക്ക് നില്‍ക്കുന്ന സ്ഥലത്ത് ഏത് നെറ്റ്‌വർക്ക് ലഭ്യമാകും എന്ന് വെബ്‌സൈറ്റില്‍ അടിച്ചുനോക്കിയാല്‍ കൃത്യമായി മനസിലാക്കാൻ കഴിയുന്നതാണ്.
കൂടുതല്‍ മാറ്റങ്ങള്‍ നിർദ്ദേശിച്ച് ട്രായി
ഇത് കൂടാതെ വേറെയും ചില പരിഷ്‌കാരങ്ങള്‍ ട്രായി പ്രഖ്യാപിച്ചിട്ടുണ്ട്. അതില്‍ നിർണായകമായ ഒന്ന് സ്‌പാം സന്ദേശങ്ങള്‍ തടയുന്നതിന് ചൊല്ലിയുള്ളതാണ്. നിരന്തരം ഉപയോക്താക്കള്‍ക്ക് സ്‌പാം സന്ദേശങ്ങള്‍ വരികയും അവയിലെ ലിങ്കുകള്‍ ക്ലിക്ക് ചെയ്യുമ്ബോള്‍ മറ്റേതെങ്കിലും വെബ്‌സൈറ്റിലേക്ക് പോവുകയും പണവും വിവരങ്ങളും നഷ്‌ടമാവുകയും ചെയ്യുന്നതായി പരാതികള്‍ വന്നതോടെയാണ് ട്രായിയുടെ പുതിയ നീക്കം.
ഇതിലൂടെ സ്‌പാം മെസേജുകള്‍ ഒരു പരിധിവരെ കുറയുമെന്നാണ് വിലയിരുത്തല്‍. നിർബന്ധമായും ഇത്തരം മെസേജുകള്‍ തടയണമെന്നാണ് ട്രായി സർവീസ് പ്രൊവൈഡർമാർക്ക് നല്‍കിയ നിർദ്ദേശം. ഇതിന് പുറമേ നവംബർ ഒന്ന് മുതല്‍ എല്ലാവിധ സന്ദേശങ്ങളും കൃത്യമായി ട്രാക്ക് ചെയ്യാനും ടെലികോം അതോറിറ്റി കമ്ബനികള്‍ക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട്.
What's Your Reaction?