മുൻഗണനാ റേഷൻ കാര്‍ഡുകാര്‍ക്കുള്ള മസ്റ്ററിംഗ് ഒക്ടോബര്‍ 25 വരെ നീട്ടി: മന്ത്രി ജി.ആര്‍.അനില്‍

സംസ്ഥാനത്തെ മുൻഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള റേഷൻകാർഡ് അംഗങ്ങളുടെ മസ്റ്ററിംഗ് നടപടികള്‍ ഒക്ടോബർ 25 വരെ ദീർഘിപ്പിച്ച്‌ നല്‍കുന്നതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.അനില്‍ നിയമസഭയില്‍ അറിയിച്ചു.

Oct 10, 2024 - 00:14
 0  4

സംസ്ഥാനത്തെ മുൻഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള റേഷൻകാർഡ് അംഗങ്ങളുടെ മസ്റ്ററിംഗ് നടപടികള്‍ ഒക്ടോബർ 25 വരെ ദീർഘിപ്പിച്ച്‌ നല്‍കുന്നതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.അനില്‍ നിയമസഭയില്‍ അറിയിച്ചു.

മുൻഗണനാകാർഡുകളായ മഞ്ഞ, പിങ്ക് കാർഡംഗങ്ങള്‍ക്ക് മസ്റ്ററിംഗ് നടത്താനായി സർക്കാർ നിശ്ചയിച്ചിട്ടുള്ള സമയപരിധി അവസാനിച്ച സാഹചര്യത്തില്‍ ധാരാളം ആളുകള്‍ മസ്റ്ററിംഗ് പൂർത്തിയാക്കാനുള്ളതിനാല്‍ സമയപരിധി ദീർഘിപ്പിച്ച്‌ നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇ.കെ.വിജയൻ എം.എല്‍.എ നല്‍കിയ ശ്രദ്ധക്ഷണിക്കല്‍ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി.

ഇ-ശ്രം പോർട്ടല്‍ പ്രകാരമുള്ളവർക്ക് റേഷൻകാർഡ് അനുവദിച്ച്‌ ആനുകൂല്യങ്ങള്‍ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ കേസിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര നിർദ്ദേശാനുസരണമാണ് സംസ്ഥാനത്തെ മുൻഗണനാ വിഭാഗത്തില്‍പ്പെട്ട എ.എ.വൈ (മഞ്ഞ), പി.എച്ച്‌.എച്ച്‌ (പിങ്ക്) ഗുണഭോക്താക്കളുടെ e-KYC മസ്റ്ററിങ് ആരംഭിച്ചത്. ഒക്ടോബർ 8-ാം തീയതി വരെ 79.79% മുൻഗണനാ ഗുണഭോക്താക്കളുടെ അപ്‌ഡേഷൻ മാത്രമാണ് പൂർത്തിയായിട്ടുള്ളത്. മുൻഗണാകാർഡിലെ 20 ശതമാനത്തോളം അംഗങ്ങള്‍ക്ക് വിവിധ കാരണങ്ങളാല്‍ മസ്റ്ററിങ്ങില്‍ പങ്കെടുക്കാൻ കഴിഞ്ഞിട്ടില്ല. മുൻഗണനാകാർഡില്‍ ഉള്‍പ്പെട്ടിട്ടുള്ള മുഴുവൻ പേർക്കും മസ്റ്ററിങ്ങില്‍ പങ്കെടുക്കുവാനുള്ള അവസരം ഒരുക്കുവാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. മുൻഗണനാവിഭാഗത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള മുഴുവൻ അംഗങ്ങള്‍ക്കും വിജയകരമായി മസ്റ്ററിംഗ് പൂർത്തിയാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ട്.

മസ്റ്ററിങ്ങിനായി റേഷൻ കടകളിലെത്താൻ കഴിയാത്ത കിടപ്പ് രോഗികള്‍, ഇ-പോസില്‍ വിരലടയാളം പതിയാത്തവർ, പത്ത് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ എന്നിവരെ മസ്റ്ററിങ്ങിനായി മസ്റ്ററിങ്ങിന്റെ ആദ്യഘട്ടത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു. റേഷൻ വ്യാപാരികളുടെ സഹായത്തോടെ വീടുകളില്‍ നേരിട്ടെത്തി ഐറിസ് സ്‌കാനർ ഉപയോഗിച്ച്‌ അപ്‌ഡേഷൻ നടത്തുന്നതിനാവശ്യമായ നിർദ്ദേശം പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർക്ക് നല്‍കിയിട്ടുണ്ട്.

e-KYC (ഇലക്‌ട്രോണിക് - നോ യുവർ കസ്റ്റമർ) അപ്‌ഡേറ്റ് ചെയ്തിട്ടുള്ളതും വിതരണം സംബന്ധിച്ച AePDS പോർട്ടലില്‍ നിരസിച്ചിട്ടുള്ളതുമായ ഗുണഭോക്താക്കളുമായി ബന്ധപ്പെട്ട് റേഷൻ കാർഡ് മാനേജ്മെന്റ് സിസ്റ്റത്തില്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്തിയ ശേഷം അത്തരക്കാരുടെ അപ്‌ഡേഷൻ പൂർത്തികരിക്കാനുള്ള നടപടി സ്വീകരിക്കുവാനാണ് ഉദ്ദേശിക്കുന്നത്.

ആധാർ നമ്ബർ പരസ്പരം മാറിപ്പോയതും എന്നാല്‍ AePDS-ല്‍ അപ്രൂവ് ചെയ്തതുമായ കേസുകള്‍ പരിഹരിക്കുവാനാവശ്യമായ നടപടികളും സ്വീകരിച്ചു വരുന്നു. പഠനാവശ്യം മറ്റ് സംസ്ഥാനങ്ങളില്‍ താമസിക്കുന്നവർക്ക് അതാത് സംസ്ഥാനങ്ങളിലെ പൊതുവിതരണ കേന്ദ്രങ്ങളില്‍ മസ്റ്ററിങ് നടത്താൻ കഴിയുമെന്നാണ് കേന്ദ്രസർക്കാർ അറിയിച്ചിട്ടുള്ളത്. ഇതിന് കഴിയാത്തവർക്ക് നിശ്ചിത സമയപരിധിക്കുള്ളില്‍ നാട്ടിലെത്തി മസ്റ്ററിങ് പൂർത്തിയാക്കാവുന്നതാണ്. ഇതിനായി പരമാവധി സമയം അനുവദിക്കും.

തൊഴില്‍ ആവശ്യാർത്ഥം വിദേശത്ത് താമസിക്കുന്നവർക്ക് എൻആർകെ സ്റ്റാറ്റസ് നല്‍കി കാർഡില്‍ നിലനിർത്താനാണ് ഉദ്ദേശിക്കുന്നത്. അവർക്ക് അടിയന്തിരമായി മസ്റ്ററിങ് ചെയ്യാനായി സംസ്ഥാനത്ത് എത്തേണ്ടതില്ല. മുൻഗണനാപട്ടികയിലുള്ള മുഴുവൻ അംഗങ്ങളുടെയും മസ്റ്ററിംഗ് നടപടികള്‍ പൂർത്തിയാക്കുന്നതിന് രണ്ടുമാസത്തെ സമയം ദീർഘിപ്പിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്രസർക്കാരിന് കത്ത് നല്‍കും. മുൻഗണനാ കാർഡ് അംഗങ്ങളുടെ e-KYC മസ്റ്ററിംഗ് പൂർത്തിയാകുമ്ബോള്‍ ഉണ്ടാകുന്ന ഒഴിവിലേയ്ക്ക് അർഹരായവരെ പരിഗണിക്കുമെന്ന് മന്ത്രി അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow