അമിത് ഷായുടെ അംബേദ്കർ പരാമർശം; പ്രതിരോധവുമായി പ്രധാനമന്ത്രി
കോൺഗ്രസിന്റെ വിദ്വേഷ നുണകൾക്ക് അവരുടെ ദുഷ്പ്രവൃത്തികൾ മറയ്ക്കാൻ കഴിയുമെന്ന് കരുതുന്നുവെങ്കിൽ അവർ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു
ഡൽഹി: ഭരണഘടനാ ശില്പി ഡോക്ടർ ബി. ആർ അംബേദ്കറെ കുറിച്ചുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പരാമർശത്തിൽ പ്രതിരോധവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വിദ്വേഷ നുണകൾക്ക് വർഷങ്ങളായുള്ള തങ്ങളുടെ ദുഷ്പ്രവൃത്തികളെ മറയ്ക്കാൻ കഴിയുമെന്ന തെറ്റിദ്ധാരണയാണ് കോൺഗ്രസിനുള്ളതെന്ന് എക്സിലൂടെ മോദി പ്രതികരിച്ചു. അമിത് ഷായുടെ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയതിനു പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രതിരോധം.
"കോൺഗ്രസിന്റെ വിദ്വേഷ നുണകൾക്ക് അവരുടെ ദുഷ്പ്രവൃത്തികൾ മറയ്ക്കാൻ കഴിയുമെന്ന് കരുതുന്നുവെങ്കിൽ അവർ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു. പ്രത്യേകിച്ച് ഡോ. അംബേദ്കറോടുള്ള അവരുടെ അവഹേളനങ്ങളിൽ. ഡോ. അംബേദ്കറുടെ പൈതൃകം ഇല്ലാതാക്കാനും പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളെ അപമാനിക്കാനും ഒരു രാജവംശത്തിൻ്റെ നേതൃത്വത്തിലുള്ള പാർട്ടി എല്ലാ വൃത്തികെട്ട തന്ത്രങ്ങളും ആസൂത്രണം ചെയ്തത് എങ്ങനെയെന്ന് ഇന്ത്യയിലെ ജനങ്ങൾ വീണ്ടും വീണ്ടും കണ്ടതാണ്," മോദി എക്സിൽ കുറിച്ചു.
കോൺഗ്രസ് അംബേദ്കറോട് ചെയ്തത് അനിതീയാണെന്ന് ചൂണ്ടിക്കാണിച്ച പ്രധാനമന്ത്രി, അദ്ദേഹത്തെ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തിയത് രണ്ടുതവണയാണെന്ന് പറഞ്ഞു. നെഹ്റു അദ്ദേഹത്തിനെതിരെ പ്രചാരണം നടത്തുകയും അപകീർത്തിപ്പെടുത്തുകയും ചെയ്തുവെന്നും ഭാരത് രത്ന നിഷേധിച്ചുവെന്നും, പ്രധാനമന്ത്രി ആരോപിച്ചു.
ചൊവ്വാഴ്ചയാണ് അമിത് ഷാ രാജ്യസഭയിൽ വിവാദ പരാമര്‍ശം നടത്തിയത്. 'അംബേദ്കര്‍, അംബേദ്കര്‍, അംബേദ്കര്‍... എന്ന് പറയുന്നത് ഇപ്പോള്‍ ഒരു ഫാഷനായി മാറിയിരിക്കുന്നു. ഇങ്ങനെ പറയുന്നതിന് പകരം ദൈവത്തിന്റെ പേര് ഇത്ര തവണ പറഞ്ഞിരുന്നെങ്കില്‍ ഏഴു ജന്മങ്ങളിൽ അവര്‍ക്ക് സ്വര്‍ഗം ലഭിക്കുമായിരുന്നു,' എന്നായിരുന്നു അമിത് ഷായുടെ പരാമർശം.
What's Your Reaction?