അനുകമ്പയോടെ സൗഖ്യപ്പെടുത്തുന്ന ഈശോമിശിഹാ

പരിശുദ്ധാത്മാവിന്റെ പ്രവർത്തനങ്ങൾക്ക് പ്രത്യേകമായി പ്രാധാന്യം നൽകുന്ന ശ്ളീഹാക്കാലത്തിന്റെ ആറാം ഞായറാഴ്ച നമ്മുടെ വിചിന്തനത്തിനായി നൽക്കപ്പെട്ടിരിക്കുന്ന സുവിശേഷം വിശുദ്ധ മത്തായിയുടെ സുവിശേഷം ഒൻപതാം അദ്ധ്യായം ഇരുപത്തിയേഴ് മുതൽ മുപ്പത്തിയെട്ട് വരെയുള്ള തിരുവചനങ്ങളാണ്.

Jun 22, 2024 - 11:37
 0  12
അനുകമ്പയോടെ സൗഖ്യപ്പെടുത്തുന്ന ഈശോമിശിഹാ

പരിശുദ്ധാത്മാവിന്റെ പ്രവർത്തനങ്ങൾക്ക് പ്രത്യേകമായി പ്രാധാന്യം നൽകുന്ന ശ്ളീഹാക്കാലത്തിന്റെ ആറാം ഞായറാഴ്ച നമ്മുടെ വിചിന്തനത്തിനായി നൽക്കപ്പെട്ടിരിക്കുന്ന സുവിശേഷം വിശുദ്ധ മത്തായിയുടെ സുവിശേഷം ഒൻപതാം അദ്ധ്യായം ഇരുപത്തിയേഴ് മുതൽ മുപ്പത്തിയെട്ട് വരെയുള്ള തിരുവചനങ്ങളാണ്. സുവിശേഷമറിയിക്കാനായി ലോകമെങ്ങും അയക്കപ്പെട്ട ശ്ലീഹന്മാരുടെയും, മാമ്മോദീസയും തൈലാഭിഷേകവും സ്വീകരിച്ച ഓരോ ക്രൈസ്തവരുടെയും ഉത്തരവാദിത്വങ്ങളെക്കുറിച്ച് ചിന്തിക്കേണ്ട ഒരു ദിവസമാണിന്ന്. ഇടയനില്ലാത്ത ആടുകളെപ്പോലെ പരിഭ്രാന്തരും നിസ്സഹായരുമായ ജനക്കൂട്ടങ്ങളുടെമേൽ അനുകമ്പ തോന്നിയ യേശു, വിളഭൂമിയിലേക്ക് വേലക്കാരെ അയക്കാൻ വിളവിന്റെ നാഥനോട് പ്രാർത്ഥിക്കാൻ ആവശ്യപ്പെടുന്ന ഒരു സുവിശേഷഭാഗം കൂടിയാണ് ഇന്ന് സഭ നമുക്ക് മുന്നിൽ വയ്ക്കുന്നത്. ഇന്നത്തെ വായനകളിൽ ഒന്ന് കോറിന്തോസുകാർക്കുള്ള ഒന്നാം ലേഖനം ഒന്നാം അദ്ധ്യായം ഇരുപത്തിയാറ് മുതൽ മുപ്പത്തിയൊന്ന് വരെയുള്ള വാക്യങ്ങളാണ്. ദൈവവിളിയെക്കുറിച്ചും, നമ്മുടെ അയോഗ്യതകളെക്കുറിച്ചുമുള്ള ഒരോർമ്മപ്പെടുത്തലാണ് വിശുദ്ധ പൗലോസ് അവിടെ നടത്തുന്നത്.

സൗഖ്യപ്പെടുത്തുന്ന മിശിഹാ

ഈശോ മിശിഹാ, രക്ഷകനാണ് എന്നത് വെളിവാക്കുന്ന രണ്ടു സംഭവങ്ങളാണ് സുവിശേഷത്തിന്റെ ആദ്യഭാഗത്ത് നാം കാണുക. "ദാവീദിന്റെ പുത്രാ ഞങ്ങളിൽ കനിയണമേ" എന്ന് കരഞ്ഞപേക്ഷിച്ചുകൊണ്ട് യേശുവിനെ അനുഗമിക്കുന്ന രണ്ട് അന്ധന്മാർ. കർത്താവിന് തങ്ങളെ സുഖപ്പെടുത്താൻ സാധിക്കുമെന്ന അവരുടെ ഉത്തമബോധ്യത്തിന് മുന്നിൽ യേശു കനിഞ്ഞ്, അവരുടെ കണ്ണുകളിൽ തൊട്ട് അവരെ സുഖപ്പെടുത്തുന്നു. ഈ സംഭവം ആരും അറിയരുത് എന്ന് യേശു ആവശ്യപ്പെട്ടിട്ടുപോലും അവർ നാട്ടിലെങ്ങും അവനെക്കുറിച്ച് പറയുന്നു.

പിശാചുബാധിതനായ ഒരു ഊമനിൽനിന്ന് യേശു പിശാചിനെ പുറത്താക്കിയപ്പോൾ അവൻ സംസാരിക്കാൻ തുടങ്ങിയതാണ് ഇന്നത്തെ സുവിശേഷത്തിൽ കാണുന്ന രണ്ടാമത്തെ അത്ഭുതം. എന്നാൽ ഫരിസേയർക്ക് ഇത് ഇടർച്ചയ്ക്ക് കാരണമാകുന്നു. പിശാചുക്കളുടെ തലവനെക്കൊണ്ടാണ് യേശു പിശാചുക്കളെ ബഹിഷ്കരിക്കുന്നത് എന്ന് അവർ പറയുന്നു. വിശുദ്ധ ലൂക്കായുടെ സുവിശേഷം പതിനൊന്നാം അദ്ധ്യായം പതിനാലും പതിനഞ്ചും തിരുവചനങ്ങളിലും ഇതേ സംഭവം വിവരിക്കപ്പെടുന്നുണ്ട്. പിശാചുബാധിതനായ മനുഷ്യനെ സുഖപ്പെടുത്തുന്ന ഈ വിവരണങ്ങളോട് ഏതാണ്ട് സമാനമായ മറ്റൊരു വിവരണം വിശുദ്ധ മത്തായി ശ്ലീഹാതന്നെ തന്റെ സുവിശേഷം പന്ത്രണ്ടാം അദ്ധ്യായം ഇരുപത്തിരണ്ട് മുതൽ ഇരുപത്തിനാല് വരെ തിരുവചനങ്ങളിൽ നൽകുന്നുണ്ട്. അന്ധനും ഊമനുമായ ഒരു പിശാചുബാധിതനെ യേശു സുഖപ്പെടുത്തുന്ന സംഭവമാണ് അവിടെ നാം കാണുക.

ദാവീദിന്റെ വംശത്തിൽപ്പിറന്ന യേശു, മിശിഹായാണ് എന്ന ഒരു സത്യമാണ്, അവൻ ചെയ്യുന്ന അത്ഭുതകരമായ സൗഖ്യങ്ങൾ സാക്ഷ്യപ്പെടുത്തുന്നത്. യഥാർത്ഥമായ സൗഖ്യം നൽകാൻ കഴിവുള്ളവൻ ദൈവമാണ്. ദൈവസൃഷ്ടിയായ ഈ ലോകത്തിന്റെ യഥാർത്ഥ സൗന്ദര്യവും സത്യവും തിരിച്ചറിയാനും, മറ്റു മനുഷ്യരെ, ദൈവമക്കളെന്ന നിലയിൽ സഹോദരങ്ങളായി കാണാനും സാധിക്കത്തക്കവിധം നമ്മുടെ കണ്ണുകൾ തുറക്കാനും, ദൈവമക്കൾക്കടുത്ത വിവേകത്തോടെ സംസാരിക്കാൻ തക്കവിധം നമ്മുടെ നാവ് നിയന്ത്രിക്കപ്പെടാനും ദൈവത്തിന്റെ അനുഗ്രഹം, യേശുവിന്റെ സ്പർശനം ആവശ്യമുണ്ടെന്ന് ഈ സുവിശേഷഭാഗം നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്.

ദൈവവിളിയും ദൈവജനവും

ദൈവത്തിന്റെ അനുകമ്പയുടെ സ്വരവും, അവന്റെ കരങ്ങളും പാദങ്ങളുമാകുവാനും, ദൈവത്തിന്റെ വിളഭൂമിയിലേക്ക് കൂടുതൽ ആളുകൾ സേവനത്തിനായി കടന്നുവരുവാനായി പ്രാർത്ഥിക്കാനും നമുക്ക് കടമയുണ്ടെന്ന് ഇന്നത്തെ സുവിശേഷത്തിൽ യേശു നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്. ദൈവവിളിയുടെ ഒരു പ്രത്യേകതകൂടി ഈ സുവിശേഷഭാഗം വ്യക്തമാക്കുന്നുണ്ട്. ദൈവത്തിന്റെ വിളഭൂമിയിൽ വേലചെയ്യാനുള്ള വേലക്കാരെ വിളിക്കുന്നതും അയക്കുന്നതും ദൈവമാണ്. മാനുഷികമായ താൽപര്യമോ ആഗ്രഹങ്ങളോ അനുസരിച്ചല്ല, ദൈവത്തിന്റെ വിളിയും തീരുമാനങ്ങളും അനുസരിച്ചാണ് അജപാലനരംഗത്ത് പ്രവർത്തിക്കുന്നവർ ജീവിക്കേണ്ടത്. ദൈവത്തിന്റെ ആടുകൾക്കായി വേലചെയ്യുന്നവൻ ദൈവത്തിന്റെ സ്വരത്തിന് കാതോർക്കുകയും, ദൈവം നിർദ്ദേശിക്കുന്ന ഇടങ്ങളിൽ, അവന്റെ ഇഷ്ടമനുസരിച്ച് പ്രവർത്തിക്കുകയും വേണമെന്ന് നമുക്കോർക്കാം. ദൈവത്തിന്റെ സഭയിൽ അവന്റെ ആടുകളെ മേയ്ക്കാനുള്ള അജപാലനഉത്തരവാദിത്വമുള്ള, സേവനമനോഭാവമുള്ള സമർപ്പിതവിളികൾക്കായി പ്രത്യേകമായി പ്രാർത്ഥിക്കാനും ഈ വായനകൾ നമ്മെ ആഹ്വാനം ചെയ്യുന്നുണ്ട്.

ദൈവവും മനുഷ്യരുമായുള്ള കണ്ടുമുട്ടൽ

ജീവിതത്തിൽ അനുഗ്രഹങ്ങളും അത്ഭുതങ്ങളും സ്വന്തമാക്കണമെങ്കിൽ ദൈവത്തെ തേടേണമെന്ന ഒരു സത്യം കൂടി ഇന്നത്തെ സുവിശേഷം നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്. ആദ്യത്തെ അത്ഭുതത്തിന്റെ കാര്യത്തിൽ ഇത് വളരെ വ്യക്തമാണ്. ദാവീദിന്റെ പുത്രാ ഞങ്ങളിൽ കനിയണമേയെന്ന് അപേക്ഷിച്ചുകൊണ്ട്, അവരിരുവരും യേശു എത്തിയ ഭവനം വരെ അവനെ അനുഗമിച്ചു എന്ന് സുവിശേഷത്തിൽ നാം വായിക്കുന്നു. അന്ധരായ ഈ രണ്ടുപേരും, ബുദ്ധിമുട്ടി, യേശുവിന്റെ പിന്നാലെ സഞ്ചരിച്ച് ദൈവത്തിന്റെ കരുണയ്ക്കായി അപേക്ഷിക്കുന്നു. ഊമനായ മനുഷ്യന്റെ കാര്യത്തിലും സ്ഥിതി ഏറെ വ്യത്യസ്തമല്ല. ജനങ്ങൾ അവനെ യേശുവിന്റെ അടുക്കൽ കൊണ്ടുചെല്ലുകയാണ് എന്ന് സുവിശേഷത്തിൽ നമുക്ക് കാണാം. ഈ രണ്ടിടങ്ങളിലും മനുഷ്യർക്ക് യേശുവിലുള്ള വിശ്വാസവും പ്രധാനപ്പെട്ട ഒരു ഭാഗമായി മാറുന്നുണ്ട് എന്നും നമുക്ക് കാണാം.

അനുഗ്രഹങ്ങൾ തേടുന്നവർ യേശുവിന്റെ പിന്നാലെ സഞ്ചരിക്കുന്നു എന്നത് ഒരു യാഥാർത്ഥ്യമാണെന്നിരിക്കെ, ഇതിനൊരു മറുപുറം കൂടിയുണ്ടെന്ന് നമുക്ക് കാണാം. ഇത് സുവിശേഷത്തിന്റെ രണ്ടാം ഭാഗത്ത് വ്യക്തമാണ്: "യേശു അവരുടെ സിനഗോഗുകളിൽ പഠിപ്പിച്ചും രാജ്യത്തിന്റെ സുവിശേഷം പ്രസംഗിച്ചും എല്ലാ രോഗങ്ങളും വ്യാധികളും സുഖപ്പെടുത്തിയും എല്ലാ നഗരങ്ങളിലും ഗ്രാമങ്ങളിലും ചുറ്റി സഞ്ചരിച്ചു" (മത്തായി 9, 35) എന്ന് വിശുദ്ധ മത്തായി എഴുതുന്നു. മനുഷ്യർ ദൈവത്തെ തേടിയിറങ്ങുന്നതിന് മുൻപ്, മനുഷ്യരെ തേടിയിറങ്ങുന്ന ഒരു ദൈവമാണ് നമുക്കുള്ളത് എന്ന് യേശുക്രിസ്തുവെന്ന ദൈവപുത്രന്റെ ജീവിതം വ്യക്തമാക്കുന്നു. പരിഭ്രാന്തരും, നിസ്സഹായരുമായ, രോഗബാധിതരും പീഡിതരുമായ, രക്ഷതേടി വലയുന്ന മനുഷ്യരെ തേടിയെത്തുന്ന ദൈവപുത്രനെയാണ് പുതിയ നിയമം നമുക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. അങ്ങനെ അകലങ്ങളിൽ ഇരുന്നുകൊണ്ട് പരസ്‌പരം നോക്കുകയും, വലിയവനും ചെറിയവനുമെന്ന രീതിയിൽ പെരുമാറുകയും ചെയ്യുന്ന ഒരു ദൈവമനുഷ്യബന്ധം, ക്രിസ്‌തുവിന്റെ വരവോടെ അവസാനിക്കുകയും, ദൈവമക്കളെന്ന സ്വാതന്ത്ര്യത്തോടെയും അവകാശത്തോടെയും ദൈവത്തിന് മുൻപിൽ ആയിരിക്കാനുള്ള വഴി തുറന്നുകിട്ടുകയും ചെയ്‌തിരിക്കുന്നു. മനുഷ്യനെ തേടിവരുന്ന ദൈവമെന്നത് നമുക്ക് പ്രത്യാശയും ആനന്ദവും നൽകുന്ന ഒരനുഭവമായി ക്രിസ്തുവിൽ യാഥാർത്ഥ്യമായിരിക്കുന്നു.

കർത്താവിൽ അഭിമാനിക്കുക

യേശുവിനെ തേടിച്ചെല്ലുന്ന മനുഷ്യരെക്കുറിച്ച് സുവിശേഷം പറയുമ്പോൾ, യേശുവിനെ അനുഗമിക്കുന്നവരും, യേശുവിനാൽ തിരഞ്ഞെടുക്കപ്പെട്ടവരുമായ മനുഷ്യർക്കുണ്ടാകേണ്ട മനോഭാവത്തെക്കുറിച്ചാണ് വിശുദ്ധ പൗലോസ് കോറിന്തോസിലെ സഭയ്‌ക്കെഴുതിയ ഒന്നാം ലേഖനം ഒന്നാം അദ്ധ്യായത്തിന്റെ അവസാനഭാഗം ചൂണ്ടിക്കാട്ടി സഭ നമ്മെ ഉദ്ബോധിപ്പിക്കുന്നത്. വലിയവരെന്നോ വിജ്ഞാനികളെന്നോ അഹങ്കരിക്കാതെ ദൈവത്തിന് മുൻപിൽ വിനീതരായിരിക്കുവാനും, നമ്മുടെ കുറവുകളെ തിരിച്ചറിയാനും പൗലോസ് ഓർമ്മിപ്പിക്കുന്നു. ഇത് നമ്മുടെ വില കുറച്ചുകാട്ടുന്നതിനല്ല, മറിച്ച് ദൈവത്തിന്റെ ഹൃദയത്തിൽ നമുക്കുള്ള അമൂല്യത തിരിച്ചറിയുന്നതിനും, യേശുക്രിസ്തുവിന്റെ അനുയായികളെന്ന നിലയിൽ അവനിൽ അഭിമാനിക്കുന്നതിനും വേണ്ടിയാണ്.

ഉപസംഹാരം

അന്ധരും, ഊമനും ഈശോയിലൂടെ സൗഖ്യം പ്രാപിക്കുന്നതിനെക്കുറിച്ചും, ദൈവത്തിന്റെ വിളഭൂമിയിൽ വേലക്കാരെ ലഭിക്കുന്നതിനായി പ്രാർത്ഥിക്കുന്നതിനെക്കുറിച്ചും നമ്മെ ഓർമ്മിപ്പിച്ച സുവിശേഷഭാഗവും, നമ്മുടെ കുറവുകളെ തിരിച്ചറിഞ്ഞ്, ദൈവത്തിന്റെ മഹത്വം അംഗീകരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓർമ്മിപ്പിച്ച കോറിന്തോസുകാർക്കുള്ള ഒന്നാം ലേഖനത്തിൽനിന്നുള്ള വായനയും, എപ്രകാരമാണ് നാം ഈ ഭൂമിയിലെ നമ്മുടെ ദിനങ്ങളെ നയിക്കേണ്ടത് എന്ന് നമ്മെ ഉദ്ബോധിപ്പിക്കുന്നുണ്ട്. നമ്മുടെ കുറവുകളും, ബന്ധനങ്ങളും തിരിച്ചറിഞ്ഞ്, എളിമയുള്ള മനുഷ്യരായി, ദൈവകരുണയ്ക്കായി പ്രാർത്ഥിക്കാം. ദാവീദിന്റെ പുത്രനായ ഈശോമിശിഹാ നമ്മുടെ ഹൃദയത്തിന്റെ അന്ധത നീക്കി ക്രൈസ്തവമൂല്യങ്ങളുടെ വെളിച്ചത്തിൽ നമ്മെ നടത്തുകയും, നമ്മുടെ ആത്മാവിലെ ബന്ധനങ്ങളഴിച്ച്, ജീവിതം കൊണ്ട് രക്ഷയുടെ സുവിശേഷം പ്രഘോഷിക്കുവാൻ നമ്മെ യോഗ്യരാക്കുകയും ചെയ്യട്ടെ.

What's Your Reaction?

like

dislike

love

funny

angry

sad

wow