ലൈസൻസ് പുതുക്കലിന് പുതിയ കടമ്ബ; വര്‍ക്ഷോപ്പുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍

ലൈസൻസ് പുതുക്കലിനുള്ള പുതിയ നിബന്ധനകളും കടമ്ബകളും ചെറുകിട വർക്ഷോപ്പുകളുടെ നിലനില്‍പ് പ്രതിസന്ധിയിലാക്കുന്നു.

Aug 18, 2024 - 11:37
 0  5
ലൈസൻസ് പുതുക്കലിന് പുതിയ കടമ്ബ; വര്‍ക്ഷോപ്പുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍

തിരുവനന്തപുരം: ലൈസൻസ് പുതുക്കലിനുള്ള പുതിയ നിബന്ധനകളും കടമ്ബകളും ചെറുകിട വർക്ഷോപ്പുകളുടെ നിലനില്‍പ് പ്രതിസന്ധിയിലാക്കുന്നു.

തദ്ദേശ സ്ഥാപനങ്ങളാണ് വർഷാവർഷം ലൈസൻസ് പുതുക്കിനല്‍കുന്നത്. എന്നാല്‍, മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ സർട്ടിഫിക്കറ്റ് വേണമെന്നതാണ് പുതിയ നിബന്ധന.

ഉയർന്ന ഫീസും, ഫീല്‍ഡ് സന്ദർശനവും നടപടി ക്രമങ്ങളും പൂർത്തിയാക്കി സർട്ടിഫിക്കറ്റ് കിട്ടാനെടുക്കുന്ന താമസവുമാണ് വർക്ഷോപ്പുകാരെ വെട്ടിലാക്കുന്നത്. ലൈസൻസ് പുതുക്കേണ്ട അവസാന തിയതി ജൂണ്‍ 30 ആയിരുന്നത് സെപ്റ്റംബർ 30ലേക്ക് മാറ്റിയെങ്കിലും ഭൂരിപക്ഷം സ്ഥാപനങ്ങള്‍ക്കും പുതുക്കാനായിട്ടില്ല.

സ്വന്തം ഉടമസ്ഥതയിലുള്ള ഭൂമിയാണെങ്കില്‍ വർക്ഷോപ് നില്‍ക്കുന്ന സ്ഥലം, കെട്ടിടം, യന്ത്രങ്ങള്‍ എന്നിവയുടെ മൂല്യം കണക്കാക്കിയാണ് പൊല്യൂഷൻ സർട്ടിഫിക്കറ്റിന്‍റെ നിരക്ക് നിശ്ചയിക്കുന്നത്. വാടകക്കെട്ടിടത്തിലാണെങ്കില്‍ ഒരു വർഷത്തെ വാടകയുടെ അഞ്ചിരട്ടി കണക്കാക്കിയാകും ഫീസ് നല്‍കേണ്ടത്. ഓണ്‍ലൈൻ വഴി അപേക്ഷിച്ച്‌ പണമടച്ചാലും ഫീല്‍ഡ് വിസിറ്റിനടക്കം താമസമേറെയാണ്.

കേന്ദ്ര ജല നിയമപ്രകാരമാണ് പൊല്യൂഷൻ സർട്ടിഫിക്കറ്റ് നല്‍കുന്നതിന് സമയപരിധി നിശ്ചയിച്ചിരിക്കുന്നത്. ഇതു പ്രകാരം അപേക്ഷ ലഭിച്ച്‌ നാലുമാസത്തിനുള്ളില്‍ സർട്ടിഫിക്കറ്റ് അനുവദിച്ചാല്‍ മതി. ഉദ്യോഗസ്ഥർ ഫീല്‍ഡ് സന്ദർശനം നടത്തുമ്ബോള്‍ എന്തെങ്കിലും പോരായ്മ കണ്ടാല്‍ അത് നേരിട്ട് പറയില്ലെന്നതാണ് മറ്റൊരു പരാതി. ലൈസൻസ് നിഷേധിച്ചുള്ള അറിയിപ്പിലാകും ഇക്കാര്യം ചൂണ്ടിക്കാട്ടുക. വീണ്ടും നടപടി ഒന്നുമുതല്‍ തുടങ്ങണം. സെപ്റ്റംബർ 30നുള്ളില്‍ ലൈസൻസ് പുതുക്കിക്കിട്ടിയില്ലെങ്കില്‍ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടേണ്ട സ്ഥിതിയാണ്.

കെ-സ്മാർട്ട് വഴിയാണ് ലൈസൻസിന് അപേക്ഷ സമർപ്പിക്കേണ്ടത്. പൊല്യൂഷൻ സർട്ടിഫിക്കറ്റില്ലാതെ അപേക്ഷ നടപടി പൂർത്തിയാക്കാനാവില്ല. ഇതില്‍ തന്നെ കരി ഓയില്‍ എന്തു ചെയ്യുന്നുവെന്ന പ്രത്യേക ചോദ്യവുമുണ്ട്. കരി ഓയില്‍ ശേഖരിക്കുന്ന കമ്ബനികളുടെ സർട്ടിഫിക്കറ്റാണ് ഇവിടെ ചേർക്കേണ്ടത്. ലിറ്ററിന് 23 രൂപ വീതം ലഭിക്കുമെന്നതിനാല്‍ വലിയ കാനുകളിലാക്കി ഇവ കമ്ബനികള്‍ക്ക് കൈമാറുകയാണ് ചെയ്യുന്നതെന്നും ആരും മണ്ണിലേക്ക് ഒഴുക്കുന്നില്ലെന്നും സംരംഭകർ പറയുന്നു. ടൂ വീലർ വർക്ഷോപ്പുകള്‍ ഉള്‍പ്പെടെ 50000ത്തോളം സ്ഥാപനങ്ങളാണ് സംസ്ഥാനത്തുള്ളത്. മേഖലയില്‍ തൊഴിലെടുക്കുന്നവരാകട്ടെ രണ്ട് ലക്ഷത്തോളവും.

What's Your Reaction?

like

dislike

love

funny

angry

sad

wow