കോഴിക്കോട് വിലങ്ങാട് ഉരുള്‍പൊട്ടല്‍; ജില്ലാ കളക്ടറും സംഘവും സ്ഥലത്ത് കുടുങ്ങി

കനത്ത മഴയെ തുടർന്ന് കോഴിക്കോട് വിലങ്ങാട് വീണ്ടും ഉരുള്‍പൊട്ടലുണ്ടായെന്ന് റിപ്പോർട്ട്.

Jul 31, 2024 - 22:43
 0  3
കോഴിക്കോട് വിലങ്ങാട് ഉരുള്‍പൊട്ടല്‍; ജില്ലാ കളക്ടറും സംഘവും സ്ഥലത്ത് കുടുങ്ങി

കോഴിക്കോട്: കനത്ത മഴയെ തുടർന്ന് കോഴിക്കോട് വിലങ്ങാട് വീണ്ടും ഉരുള്‍പൊട്ടലുണ്ടായെന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസം ഉരുള്‍പൊട്ടലില്‍ കനത്ത നാശം വിതച്ച അടിച്ചിപ്പാറയിലാണ് വീണ്ടും ഉരുള്‍പൊട്ടിയത്.

വൈകിട്ട് 5.45 ഓടെയായിരുന്നു സംഭവം. കോഴിക്കോട് കളക്ടർ ഉള്‍പ്പടെ സ്ഥലം സന്ദർശിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കളക്ടറും സംഘവും അരമണിക്കൂറോളം സ്ഥലത്ത് കുടുങ്ങി. ഇവരെ റെസ്ക്യൂ ടീം
എത്തി രക്ഷപ്പെടുത്തി.

കോഴിക്കോട് ജില്ലയില്‍ ഇതിനോടകം 121 ദുരിതാശ്വാസ ക്യാമ്ബുകളാണ് തുറന്നിട്ടുള്ളത്. 1,514 കുടുംബങ്ങളില്‍ നിന്നുള്ള 4,730 പേർ ജില്ലയിലെ വിവിധ ക്യാമ്ബുകളിലുണ്ട്. കോഴിക്കോട് താലൂക്ക് - 72 (701 കുടുംബങ്ങള്‍, 2,176 പേർ), വടകര താലൂക്ക് - 18 (330 കുടുംബങ്ങള്‍, 1,135 പേർ)
താമരശ്ശേരി താലൂക്ക്- 18 (263 കുടുംബങ്ങള്‍, 772 പേർ), കൊയിലാണ്ടി താലൂക്ക് - 13 (220 കുടുംബങ്ങള്‍, 647 പേർ) എന്നിങ്ങനെയാണ് ക്യാമ്ബുകളിലുള്ളവരുടെ കണക്ക്.

ശക്തമായ മഴയെ തുടർന്ന് കോഴിക്കോട് അടക്കമുള്ള ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കാസർകോട്, തൃശൂർ, വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധിയാണ്. വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരണസംഖ്യയും ഉയരുകയാണ്. ഇതിനോടകം 222 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. രക്ഷാദൗത്യം പുരോഗമിക്കുന്ന ചൂരല്‍മല മേഖലയില്‍ അടക്കം മഴ തുടരുകയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow