സര്‍ക്കാര്‍ കനിഞ്ഞില്ലെങ്കില്‍ ദരിദ്രര്‍ക്ക് സൗജന്യ വെള്ളം മുട്ടും

സ്ഥാപനത്തിന് വൻ ബാധ്യത വരുത്തുന്നതിനാല്‍ ദരിദ്രവിഭാഗങ്ങള്‍ക്കുള്ള സൗജന്യ ജലവിതരണം തുടരുന്നതില്‍ സർക്കാറിനെ ബുദ്ധിമുട്ട് അറിയിച്ച്‌ ജല അതോറിറ്റി.

Aug 21, 2024 - 10:48
 0  3
സര്‍ക്കാര്‍ കനിഞ്ഞില്ലെങ്കില്‍ ദരിദ്രര്‍ക്ക് സൗജന്യ വെള്ളം മുട്ടും

തിരുവനന്തപുരം: സ്ഥാപനത്തിന് വൻ ബാധ്യത വരുത്തുന്നതിനാല്‍ ദരിദ്രവിഭാഗങ്ങള്‍ക്കുള്ള സൗജന്യ ജലവിതരണം തുടരുന്നതില്‍ സർക്കാറിനെ ബുദ്ധിമുട്ട് അറിയിച്ച്‌ ജല അതോറിറ്റി.

വിഷയത്തില്‍ നേരത്തേ ജലവിഭവ വകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറിക്ക് അതോറിറ്റി കത്ത് നല്‍കിയിരുന്നു.

അതോറിറ്റിയുടെ കഴിഞ്ഞ ഡയറക്ടർ ബോർഡിലും വിഷയം ചർച്ചയായി. പ്രതിമാസം 10 മുതല്‍ 12 കോടി രൂപ വരെ അധികബാധ്യത ഉയരുന്ന സാഹചര്യത്തില്‍ സർക്കാർ വിഹിതം നല്‍കാതെ മുന്നോട്ടുപോകാനാകില്ലെന്ന് യോഗം വിലയിരുത്തി. പണം ആവശ്യപ്പെട്ട് സർക്കാറിനെ സമീപിക്കാനും തീരുമാനിച്ചു.

സർക്കാർ വിഹിതം നല്‍കാൻ തയാറായില്ലെങ്കില്‍ സൗജന്യം തുടരാനാവില്ലെന്ന് അതോറിറ്റി ചൂണ്ടിക്കാട്ടുന്നു. വെള്ളക്കരം ഇനത്തില്‍ തദ്ദേശസ്ഥാപനങ്ങള്‍, സർക്കാർ- പൊതു മേഖല സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍നിന്ന് കോടികള്‍ കിട്ടാക്കടമുണ്ട്. കെ.എസ്.ഇ.ബിയുടെ കുടിശ്ശിക പിരിച്ചെടുക്കുന്നതില്‍ ഇടപെടാറുള്ള സർക്കാർ, ജല അതോറിറ്റിയുടെ കാര്യത്തില്‍ മൗനത്തിലാണ്.

ജല അതോറിറ്റിക്ക് നോണ്‍ പ്ലാൻ ഗ്രാൻറ് അനുവദിക്കുന്നുമില്ല. സാമ്ബത്തിക ഞെരുക്കത്തിനിടെ സൗജന്യ ജലവിതരണം നഷ്ടം ഉയർത്തുന്നെന്നാണ് അധികൃതരുടെ വാദം. ഇക്കൊല്ലം ദരിദ്രവിഭാഗങ്ങള്‍ക്കുള്ള സൗജന്യ ജലവിതരണത്തിന് 10 ലക്ഷം അപേക്ഷയാണ് ലഭിച്ചത്. ബി.പി.എല്‍ സബ്സിഡിക്ക് തുല്യമായ ഗ്രാൻറ് അനുവദിക്കുന്നതിനോ നോണ്‍ പ്ലാൻ ഗ്രാൻറ് കൃത്യമായി നല്‍കാനോ സർക്കാറിനോട് ജല അതോറിറ്റി ആവശ്യപ്പെടും.

മാരക രോഗമുള്ളവർ, ശാരീരികമായും മാനസികമായും വെല്ലുവിളി നേരിടുന്നവർ തുടങ്ങിയവർക്ക് പുതുക്കിയ വെള്ളക്കരത്തില്‍ ഇളവ് നല്‍കാൻ യോഗം അംഗീകാരം നല്‍കി. 40 ശതമാനമോ കൂടുതലോ ഓട്ടിസം ബാധിച്ച അംഗങ്ങളുള്ള കുടുംബം, 40 ശതമാനമോ കൂടുതലോ അംഗവൈകല്യം ബാധിച്ചവരുള്ള കുടുംബം എന്നീ വിഭാഗങ്ങളില്‍ വാർഷിക വരുമാനം രണ്ടു ലക്ഷത്തില്‍ താഴെയും പ്രതിമാസ ഉപഭോഗം 15 കിലോലിറ്ററില്‍ താഴെയുമാണെങ്കില്‍ വർധിപ്പിച്ച വെള്ളക്കരത്തില്‍ 50 ശതമാനം ഇളവ് അനുവദിക്കും.

അനാഥാലയങ്ങള്‍, വൃദ്ധമന്ദിരങ്ങള്‍ എന്നിവക്ക് 60 കിലോലിറ്റർ വരെ പ്രതിമാസ ഉപയോഗത്തിന് വർധിപ്പിച്ച വെള്ളക്കരത്തില്‍ 50 ശതമാനം ഇളവ് ലഭിക്കും. സർക്കാർ അനുമതിയോടെയാവും ഇതു നടപ്പാക്കുക.

What's Your Reaction?

like

dislike

love

funny

angry

sad

wow