ബുര്‍ജ് ഖലീഫ മോഡല്‍ ലേസര്‍ ഷോ ഹിറ്റായി; കുത്തബ് മിനാറിലേക്ക് വിദേശികളുടെ പ്രവാഹം

ഇന്ത്യയില്‍ ഏറ്റവും അധികം വിദേശികള്‍ സന്ദർശിക്കുന്ന രണ്ടാമത്തെ ചരിത്ര സ്മാരകമായി കുത്തബ് മിനാർ.

Jul 15, 2024 - 11:53
 0  6
ബുര്‍ജ് ഖലീഫ മോഡല്‍ ലേസര്‍ ഷോ ഹിറ്റായി; കുത്തബ് മിനാറിലേക്ക് വിദേശികളുടെ പ്രവാഹം

ന്ത്യയില്‍ ഏറ്റവും അധികം വിദേശികള്‍ സന്ദർശിക്കുന്ന രണ്ടാമത്തെ ചരിത്ര സ്മാരകമായി കുത്തബ് മിനാർ. നേരത്തെ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ആഗ്ര കോട്ടയെ മറികടന്നാണ് കുത്തബ് മിനാർ ഈ നേട്ടം സ്വന്തമാക്കിയത്.

ആർക്കിയോളജിക്കല്‍ സർവേ ഓഫ് ഇന്ത്യ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഈ വിവരമുള്ളത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിദേശ സഞ്ചാരികളെത്തുന്ന ചരിത്രസ്മാരകമെന്ന നേട്ടം ഇത്തവണയും താജ്മഹലിന് തന്നെയാണ്.

താജ്മഹലിന് സമീപത്തായി സ്ഥിതി ചെയ്യുന്നത് കൊണ്ടുതന്നെ ആഗ്ര കോട്ടയ്ക്കായിരുന്നു ഏറെ നാളായി രണ്ടാം സ്ഥാനമുണ്ടായിരുന്നത്. എന്നാല്‍ സമീപകാലത്ത് കുത്തബ് മിനാറിലേക്കുള്ള വിദേശ സഞ്ചാരികളുടെ വരവ് കുത്തനെ വർധിച്ചിരുന്നു. 220,017 വിദേശികളാണ് കഴിഞ്ഞ വർഷം കുത്തബ് മിനാർ കാണാനെത്തിയത്. സമീപകാലത്ത് കുത്തബ് മിനാറില്‍ നടത്തിയ പരിഷ്കരണങ്ങളാണ് സഞ്ചാരികള്‍ വർധിക്കാൻ കാരണമായത്. ബുർജ് ഖലീഫ മാതൃകയില്‍ ലേസർ ഷോ ഉള്‍പ്പടെ തുടങ്ങിയതോടെ കുത്തബ് മിനാർ കൂടുതല്‍ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടിയിരുന്നു.

കൃത്യമായ പരിപാലനമില്ലാത്തതാണ് ആഗ്ര കോട്ടയില്‍ സഞ്ചാരികള്‍ കുറയാൻ കാരണമായത്. സഞ്ചാരികള്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊന്നും ഇവിടെയില്ലാത്തതും തിരിച്ചടിയായി. വർഷങ്ങള്‍ക്ക് മുൻപ് നിന്നുപോയ ലൈറ്റ് ആൻഡ് സൗണ്ട് ഷോ പുനരാരംഭിക്കാനും നടപടികളുണ്ടായില്ല. അതേസമയം താരതമ്യേനെ അപ്രശസ്തമായിരുന്ന ചാന്ദ് ബാവരി പടിക്കിണർ ഇത്തവണ മികച്ച നേട്ടമുണ്ടാക്കി. ഫത്തേപൂർ സിക്രിയെക്കാളും റെഡ് ഫോർട്ടിനേക്കാളും സന്ദർശകർ എത്തിയത് ഈ പടിക്കിണർ കാണാനായിരുന്നു.

തലയെടുപ്പോടെ ചരിത്രഗോപുരം

കുത്തബ് മിനാർ -അധികാരത്തിന്റെയും കലയുടെയും ചേരുവ ഇത്ര ലയിച്ചു നില്‍ക്കുന്ന നിർമിതി ഇന്ത്യയില്‍ മറ്റൊന്നില്ല. രാജധാനിയിലെത്തുന്ന സന്ദർശകരെ അത് വിസ്മയിപ്പിക്കുക മാത്രമല്ല, ചരിത്രത്തെയും കാലത്തെയും കുറിച്ചുള്ള വിലമതിക്കാനാവാത്ത ചില പാഠങ്ങള്‍ ഓർമിപ്പിക്കുക കൂടി ചെയ്യുന്നുണ്ട്. അതു നിർമിച്ചവരും തകർക്കാൻ ശ്രമിച്ചവരുമൊക്കെ മണ്ണടിഞ്ഞു പോയി. അതു മാത്രം ഇന്നും തലയെടുപ്പോടെ കാലത്തിനും കൈയൂക്കിനും മേലേ ഉയർന്നു നില്‍ക്കുന്നു. കലയുടെ അനാദിയായ ശക്തിയെയും കരുത്തിനെയും ഓർമിപ്പിച്ചു കൊണ്ട്..

സൗത്ത് ഡല്‍ഹിയിലെ മെഹ്റോളിയിലാണ് കുത്തബ് മിനാർ സ്ഥിതിചെയ്യുന്നത്. ഇഷ്ടിക കൊണ്ട് നിർമ്മിച്ച ലോകത്തിലെ ഏറ്റവും ഉയരമേറിയ മിനാരമാണ് കുത്തബ് മിനാർ. വിജയഗോപുരമെന്നും വിശേഷിപ്പിക്കുന്ന കുത്തബ് മിനാറിന്റെ ഉയരം 72.5 മീറ്ററാണ്. ഇന്തോ-ഇസ്ലാമിക് വാസ്തുശില്പകലാ മാതൃകയിലാണ് നിർമാണം. ഡല്‍ഹിയിലെ ആദ്യത്തെ സുല്‍ത്താനും മാംലൂക് രാജവംശത്തിന്റെ സ്ഥാപകനുമായ ഖുത്ബുദ്ദീൻ ഐബക്കാണ് ഡല്‍ഹിയില്‍ കുത്തബ്മിനാർ നിർമ്മിച്ചത്. 1199ലാണ് ഇതിന്റെ തറക്കല്ലിട്ടത്. എന്നാല്‍ ഈ മിനാരത്തിന്റെ ഒന്നാം നില മാത്രമേ ഖുത്ബുദ്ദീൻ ഐബക്കിന് പൂർത്തിയാക്കാൻ കഴിഞ്ഞുള്ളൂ.

ഖുത്ബുദ്ദീൻ ഐബക്കിന്റെ പിൻഗാമിയായ ഷംസുദ്ദീൻ ഇല്‍ത്തുമിഷാണ് ഈ മിനാരത്തിന്റെ അടുത്ത മൂന്ന് നിലകള്‍ പണിതത്. 1230 ലായിരുന്നു ഇത്. 1368 ല്‍ ഇടിമിന്നലേറ്റ് മിനാരത്തിന് കേടുപാടുകള്‍ പറ്റി. തുഗ്ലക്ക് രാജവംശത്തിലെ സുല്‍ത്താനായ ഫിറോസ് ഷാ തുഗ്ലക് ഇതിന്റെ കേടുപാടുകള്‍ തീർക്കുകയും അവസാനത്തെ നില പുതുക്കുകയും ഒരു നിലകൂടി കൂട്ടിച്ചേർക്കുകയും ചെയ്തു.

1503 ല്‍ മിനാരത്തിന് വീണ്ടും മിന്നേലറ്റ് കേടുപാടുകള്‍ പറ്റി. അക്കാലത്ത് ഡല്‍ഹി ഭരിച്ചിരുന്ന ലോധി രാജവംശത്തിലെ സുല്‍ത്താനായ സിക്കന്ദർ ലോധിയായിരുന്നു. അദ്ദേഹം മിനാരത്തിന് അറ്റകുറ്റപ്പണികള്‍ നടത്തി. കുത്തബ് മിനാറിന് ആകെ അഞ്ച് നിലകള്‍ ആണുള്ളത്. അടി മുതല്‍ മുടി വരെ 72.5 മീറ്റർ ഉയരം. ഉള്ളില്‍ കയറാൻ 379 സ്റ്റെപ്പുകള്‍.

What's Your Reaction?

like

dislike

love

funny

angry

sad

wow