കലാവേശത്തിൽ അനന്തപുരി; രണ്ടാം ദിനത്തിൽ കൗമാര പൂരം; കണ്ണൂർ മുന്നിൽ

കലാവേശത്തിലാണ് തലസ്ഥാന നഗരിയായ തിരുവനന്തപുരം.

Jan 5, 2025 - 11:50
 0  4
കലാവേശത്തിൽ അനന്തപുരി; രണ്ടാം ദിനത്തിൽ കൗമാര പൂരം; കണ്ണൂർ മുന്നിൽ

കലാവേശത്തിലാണ് തലസ്ഥാന നഗരിയായ തിരുവനന്തപുരം. ഉത്സവ ലഹരിയിലായിരുന്നു  63-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൻ്റെ ആദ്യദിനം. ഉദ്ഘാടന സമ്മേളനം ഉൾപ്പടെ നടന്ന ഒന്നാം ദിവസത്തിൽ  58 ഇനങ്ങളാണ് പൂർത്തിയായയത്. ആദ്യ ദിവസം നൃത്തമത്സരങ്ങളാൽ സമ്പന്നമായിരുന്നു വേദികൾ. ഇന്ന് കൂടുതൽ ജനപ്രിയ ഇനങ്ങള്‍ വേദികളിലെത്തും. ഞായറാഴ്ചയായതിനാൽ തന്നെ വേദികളിൽ കാണികൾ നിറയുമെന്നാണ് പ്രതീക്ഷ. 

ആകെയുള്ള 249 മത്സര ഇനങ്ങളിൽ 58 എണ്ണമാണ് ആദ്യദിനം പൂർത്തിയായത്. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ആദ്യദിനത്തിൽ 217 അപ്പീലുകളാണ് എത്തിയത്. എല്ലാ വിദ്യാഭ്യാസ ഓഫീസുകൾ വഴിയും എത്തിയത് 163 അപ്പീലുകളാണ്. കോടതി വഴി എത്തിയത് 76 അപ്പീലുകളും ബാലാവകാശ കമ്മീഷൻ വഴിയെത്തിയത് ഒരു അപ്പീലുമാണ്.

വേദി മൂന്നായ ടാഗോർ തിയേറ്ററിൽ രാവിലെ 9.30ന് തുടങ്ങുന്ന ഹയർ സെക്കന്‍ഡറി വിഭാഗം നാടക മത്സരമാണ് ഇന്നത്തെ മുഖ്യ ആകർഷണം. വേദി രണ്ടിൽ ഉച്ചയ്ക്ക് ശേഷം ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികളുടെ നാടോടിനൃത്ത മത്സരം നടക്കും. 

ആദ്യ ദിനം പൂർത്തിയായപ്പോൾ തന്നെ സ്വർണ്ണക്കപ്പിനായുള്ള പോരാട്ടവും ഇഞ്ചോടിഞ്ചായി തുടരുകയാണ്. 215 പോയിന്‍റുമായി കണ്ണൂരാണ് ഒന്നാമത്. 214 പോയിന്‍റുമായി തൃശൂർ തൊട്ടു പിന്നാലെയുണ്ട്. 213 പോയിന്‍റുമായി കോഴിക്കോടാണ് മൂന്നാമത്. ആലപ്പുഴ നാലാം സ്ഥാനത്തുമാണ്.

സംസ്കൃതോത്സവത്തിൽ 35 പോയിന്‍റുമായി നാല് ജില്ലകളാണ് മുന്നിൽ. മലപ്പുറം പാലക്കാട് കോഴിക്കോട് കാസർകോട് ജില്ലകളാണ് മുന്നിലുള്ളത്. 33 പോയിന്‍റുമായി കൊല്ലം തൊട്ട് പിന്നിലുണ്ട്. 

ഹയർ സെക്കൻഡറി വിഭാഗത്തിൽ 23, ഹൈസ്‌കൂൾ വിഭാഗത്തിൽ 22, ‌സംസ്‌കൃതം കലോത്സവത്തിൽ 7, അറബിക് കലോത്സവത്തിൽ 6 ഇനങ്ങളുമാണ് പൂർത്തിയായത്. ഹൈസ്‌കൂൾ പെൺകുട്ടികളുടെ മോഹിനിയാട്ടം, കുച്ചുപ്പുടി, ലളിതഗാനം, ഹൈസ്‌കൂൾ ആൺകുട്ടികളുടെ കഥകളി, ലളിതഗാനം എന്നീ മൽസരങ്ങളും ഹയർ സെക്കണ്ടറി പെൺകുട്ടികളുടെ സംഘനൃത്തം, ഭരതനാട്യം മൽസരങ്ങളും ഇന്ന് നടന്നു. ഹയർ സെക്കണ്ടറി വിഭാഗത്തിലെ ഒപ്പന, സംഘഗാനം, ദേശഭക്തിഗാനം, കഥകളി ഗ്രൂപ്പ്, പഞ്ചവാദ്യം, അറബന മുട്ട്, ഉറുദു ഗസൽ ആലാപനം മൽസരങ്ങളും അരങ്ങേറി. ഹൈസ്‌കൂൾ വിഭാഗത്തിലെ മാർഗംകളി, സംസ്‌കൃത നാടകം, അറബനമുട്ട്, ചാക്യാർ കൂത്ത്, നങ്ങ്യാർ കൂത്ത്, നാദസ്വരം, പഞ്ചവാദ്യം മൽസരങ്ങൾ നടന്നു.

അറബിക് കലോത്സവത്തിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ ഖുർ ആൻ പാരായണം, മുശാറ, സംഭാഷണം എന്നീ ഇനങ്ങളിൽ മത്സരങ്ങൾ നടന്നു. സംസ്‌കൃത കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ അഷ്ടപദി, പദ്യംചൊല്ലൽ, സമസ്യാപൂരണം, പ്രശ്‌നോത്തരി ഇനങ്ങളിൽ മൽസരങ്ങൾ നടന്നു. ഹയർ സെക്കണ്ടറി വിഭാഗത്തിലെ കാർട്ടൂൺ, കൊളാഷ്, മലയാളം കഥാരചന തുടങ്ങിയ മൽസരങ്ങളും നടന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow