ജൂലായ് മുതല്‍ മൊബൈല്‍ നിരക്ക് ഉയരും, 25 ശതമാനം വരെ വര്‍ദ്ധിപ്പിച്ച്‌ ജിയോ, മറ്റ് കമ്ബനികളും ഉടന്‍ കൂട്ടും

രാജ്യത്തെ മുന്‍നിര മൊബൈല്‍ നെറ്റ്‌വര്‍ക്ക് ധാതാക്കളായ റിലയന്‍സ് ജിയോ മൊബൈല്‍ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു.

Jun 28, 2024 - 12:27
 0  4
ജൂലായ് മുതല്‍ മൊബൈല്‍ നിരക്ക് ഉയരും, 25 ശതമാനം വരെ വര്‍ദ്ധിപ്പിച്ച്‌ ജിയോ, മറ്റ് കമ്ബനികളും ഉടന്‍ കൂട്ടും

ന്യൂഡല്‍ഹി: രാജ്യത്തെ മുന്‍നിര മൊബൈല്‍ നെറ്റ്‌വര്‍ക്ക് ധാതാക്കളായ റിലയന്‍സ് ജിയോ മൊബൈല്‍ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു.

രാജ്യത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന റിലയന്‍സ് ജിയോ 12 മുതല്‍ 25 ശതമാനം വരെയാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. അടുത്ത മാസം (ജൂലായ്) മൂന്നാം തീയതി മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും.

ഡാറ്റ പ്ലാനുകളും ഫോണ്‍കോള്‍ പ്ലാനുകളും കോംബോ പ്ലാനുകളും നിരക്കില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം നിരക്ക് വര്‍ദ്ധനവ് പ്രാബല്യത്തില്‍ വരുമെന്ന് ഈ വര്‍ഷം ജനുവരിയില്‍ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നിലവില്‍ നല്‍കുന്ന സേവനങ്ങള്‍ക്ക് ഇപ്പോള്‍ ഈടാക്കുന്ന നിരക്ക് ഭീമമായ നഷ്ടം വരുത്തുന്നുവെന്നാണ് കമ്ബനികള്‍ റേറ്റ് കൂട്ടുന്നതിന് മുന്നോടിയായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയെ അറിയിച്ചിരുന്നത്.

1559 രൂപയ്ക്ക് നല്‍കിയിരുന്ന ജിയോയുടെ 24 ജിബി വാര്‍ഷിക പ്ലാനിന് 340 രൂപ വര്‍ദ്ധിക്കും. 1899 രൂപയാണ് പുതിയ നിരക്ക്. പ്രതിദിനം 2.5 ജിബിയുള്ള 2,999 രൂപയുടെ പ്ലാന്‍ 600 രൂപ വര്‍ദ്ധിച്ച്‌ 3,599 രൂപയായി മാറും. അതേസമയം രണ്ട് ജിബിക്ക് മുകളിലുള്ള പ്രതിദിന ഡാറ്റ പ്ലാനുകളില്‍ 5ജി സേവനങ്ങള്‍ അണ്‍ലിമിറ്റ്ഡ് ആയിരിക്കും. ജിയോക്ക് പിന്നാലെ മുന്‍നിര കമ്ബനികളായ എയര്‍ടെല്‍, വോഡഫോണ്‍- ഐഡിയ (വി) തുടങ്ങിയവരും നിരക്ക് വര്‍ദ്ധനയ്ക്ക് തയ്യാറെടുക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആഗോള ബ്രോക്കറേജ് സ്ഥാപനമായ സി.എല്‍.എസ്.എയുടെ റിപ്പോര്‍ട്ടില്‍ 2024 താരിഫ് വര്‍ദ്ധനയുടെ വര്‍ഷമായിരിക്കുമെന്ന് നേരത്തെ തന്നെ സൂചിപ്പിച്ചിരുന്നു.മൊബൈല്‍ താരിഫുകളില്‍ അവസാനമായി വന്‍ തോതില്‍ വര്‍ദ്ധനവുണ്ടായത് 2021-ലാണ്. ചില സര്‍ക്കിളുകളില്‍ പ്രീപെയ്ഡ് മേഖലയില്‍ കമ്ബനികള്‍ താരിഫ് പരിഷ്‌കരിച്ചിരുന്നു.

ഉപഭോക്താക്കളില്‍ നിന്നും ഇപ്പോള്‍ ലഭിക്കുന്ന വരുമാനം വര്‍ദ്ധിപ്പിക്കേണ്ട സാഹചര്യമാണുള്ളതെന്നാണ് കമ്ബനികളുടെ നിലപാട്. സര്‍വീസ് മെച്ചപ്പെടുത്താന്‍ കൂടുതല്‍ നിക്ഷേപം നടത്തണമെന്നും കമ്ബനികള്‍ അഭിപ്രായപ്പെടുന്നുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow