ഐഎസ്‌ആര്‍ഒയുടെ ശുക്രദൗത്യത്തിന് ഉള്‍പ്പടെ അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍

ഗ്രഹാന്തര പര്യവേഷണങ്ങളുടെ ഭാഗമായുള്ള ഐഎസ്‌ആർഒയുടെ ശുക്രദൗത്യത്തിന് ഉള്‍പ്പടെ അംഗീകാരം നല്‍കി കേന്ദ്ര സർക്കാർ.

Sep 18, 2024 - 23:14
 0  5

ന്യൂഡല്‍ഹി: ഗ്രഹാന്തര പര്യവേഷണങ്ങളുടെ ഭാഗമായുള്ള ഐഎസ്‌ആർഒയുടെ ശുക്രദൗത്യത്തിന് ഉള്‍പ്പടെ അംഗീകാരം നല്‍കി കേന്ദ്ര സർക്കാർ.

വീനസ് ഓർബിറ്റർ മിഷൻ (വോം) എന്ന ശുക്രദൗത്യത്തിനായി 1236 കോടി രൂപയാണ് സർക്കാർ നീക്കിവെക്കുന്നത്. ഇതില്‍ 824 കോടി രൂപ പേടകം വികസിപ്പിക്കുന്നതിനാണ്. ശുക്രന്റെ ഉപരിതലം, ഭൂഗർഭം, അന്തരീക്ഷ പ്രക്രിയകള്‍, ശുക്രന്റെ അന്തരീക്ഷത്തില്‍ സൂര്യന്റെ സ്വാധീനം എന്നിവയെക്കുറിച്ച വിശദമായി മനസിലാക്കുന്നതിനുള്ള ദൗത്യം 2028 മാർച്ചില്‍ വിക്ഷേപിക്കാനാണ് ഐഎസ്‌ആർഒ ലക്ഷ്യമിടുന്നത്.

ചന്ദ്രയാൻ മൂന്നിന്റെ വിജയത്തിനുശേഷം ചന്ദ്രോപരിതലത്തില്‍നിന്നു കല്ലും മണ്ണും കൊണ്ടുവരാൻ ലക്ഷ്യമിട്ടുള്ള ഐഎസ്‌ആർഒയുടെ ചന്ദ്രയാൻ-4 ദൗത്യത്തിനും കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയ, ശുക്രപര്യവേഷണ പദ്ധതികള്‍ക്കും മന്ത്രിസഭ അനുമതി നല്‍കി. അതിനിടെ, ഇന്ത്യയുടെ ആദ്യത്തെ മനുഷ്യ ബഹിരാകാശയാത്രാ ദൗത്യമായ ഗഗൻയാന്റെ ട്രാക്കിങ് സ്റ്റേഷൻ സൈറ്റ് ഐഎസ്‌ആർഒ നിശ്ചയിച്ചു.

മൂന്നുവർഷത്തിനുള്ള പ്രാവർത്തികമാക്കാൻ ലക്ഷ്യമിട്ടിരിക്കുന്ന ചന്ദ്രയാൻ-4 ദൗത്യത്തിനായി 2104 കോടി രൂപയാണ് കേന്ദ്രം വകയിരുത്തിയിരിക്കുന്നത്. അഞ്ച് മൊഡ്യൂളുകള്‍ അടങ്ങുന്ന രണ്ട് ഭാഗങ്ങളായാണു ദൗത്യം രൂപകല്പന ചെയ്തിരിക്കുന്നത്.

ചന്ദ്രോപരിതലത്തില്‍നിന്നു കല്ലും മണ്ണും ഉള്‍പ്പെടെയുള്ള സാമ്ബിളുകള്‍ ശേഖരിക്കുന്നതിനുള്ള അസെൻഡർ, ഡിസെൻഡർ മൊഡ്യൂളുകള്‍ ഉള്‍പ്പെടുന്നതാണു ദൗത്യത്തിന്റെ ഒന്നാം ഭാഗം. പ്രൊപ്പല്‍ഷൻ മൊഡ്യൂള്‍, ശേഖരിച്ച സാമ്ബിളുകള്‍ സ്വീകരിക്കുന്നതിനുള്ള ട്രാൻസ്ഫർ മൊഡ്യൂള്‍, സാമ്ബിളുകള്‍ ഭൂമിയിലേക്കു തിരികെ കൊണ്ടുവരുന്നതിനുള്ള റീ-എൻട്രി മൊഡ്യൂള്‍ എന്നിവ ഉള്‍പ്പെടുന്നതാണു രണ്ടാം ഭാഗം.

ചാന്ദ്രഭ്രമണപഥത്തില്‍ വെച്ചുള്ള ഡോക്കിങ്, അണ്‍ഡോക്കിങ് പ്രവർത്തനങ്ങള്‍ ചന്ദ്രയാൻ-4 ദൗത്യത്തിന്റെ വലിയ പ്രത്യേകയാണ്. രണ്ടു തവണയായി വിക്ഷേപിക്കുന്ന ദൗത്യത്തിന്റെ രണ്ടു ഭാഗവും ചന്ദ്രോപരിതലത്തില്‍വച്ച്‌ കൂടിച്ചേരുകയും സാമ്ബികളുകള്‍ ഭൂമിയിലെത്തിക്കുന്നതിനായി വീണ്ടും വേർപെടുകയും ചെയ്യും.

എല്‍വിഎം3, പിഎസ്‌എല്‍വി എന്നീ റോക്കറ്റുകള്‍ ഉപയോഗിച്ചായിരിക്കും ഇരു ദൗത്യങ്ങളുടെയും വിക്ഷേപണം.ആദ്യ ദൗത്യത്തിലെ മൊഡ്യൂള്‍ ചന്ദ്രോപരിതലത്തിലിറങ്ങി സാമ്ബികളുകള്‍ ശേഖരിക്കും. തുടർന്ന്, അവ രണ്ടാം ദൗത്യത്തില്‍ ചാന്ദ്രഭ്രമണപഥത്തിലെത്തുന്ന ട്രാൻസ്ഫർ മൊഡ്യൂളിനു കൈമാറുകയും റീ-എൻട്രി മൊഡ്യൂള്‍ ഭൂമിയിലെത്തിക്കുകയും ചെയ്യും.

What's Your Reaction?

like

dislike

love

funny

angry

sad

wow