PROBA-3 mission| ഐഎസ്ആർഒയുടെ പ്രോബ-3 വിക്ഷേപണം വിജയം; കൃത്രിമ സൂര്യഗ്രഹണം സൃഷ്ടിച്ച് പഠനം നടത്തും
സൗരപര്യവേഷണത്തിനായാണ് യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ രണ്ട് പേടകങ്ങളെ പിഎസ്എൽവി 59ൽ ഒരേസമയം ഐഎസ്ആര്‍ഒ വിക്ഷേപിച്ചത്.
ശ്രീഹരിക്കോട്ട: യൂറോപ്യൻ ബഹിരാകാശ ഏജൻസിക്ക് വേണ്ടിയുള്ള ഐഎസ്ആർഒയുടെ വാണിജ്യ ബഹിരാകാശ ദൗത്യമായ പ്രോബ-3 ബഹിരാകാശ പേടകം വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സ്റ്റേഷനില്‍ വൈകുന്നേരം 4.04നായിരുന്നു വിക്ഷേപണം. ഇന്നലെ നടക്കേണ്ടിയിരുന്ന വിക്ഷേപണം കൗണ്ട്‌ഡൗൺ അവസാനിക്കാൻ 43 മിനിറ്റും 50 സെക്കൻഡും ബാക്കിനിൽക്കെ മാറ്റിവച്ചിരുന്നു.
സൗരപര്യവേഷണത്തിനായാണ് യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ രണ്ട് പേടകങ്ങളെ പിഎസ്എൽവി 59ൽ ഒരേസമയം ഐഎസ്ആര്‍ഒ വിക്ഷേപിച്ചത്. കൊറോണഗ്രാഫ്, ഒക്യുല്‍റ്റര്‍ എന്നിങ്ങനെ രണ്ട് കൃത്രിമ ഉപഗ്രഹങ്ങളുമായാണ് പ്രോബ കുതിച്ചത്. ഇന്നലെ ഇരട്ട ഉപഗ്രഹങ്ങളിലെ കൊറോണോഗ്രാഫ് പേടകത്തിലാണ് അവസാന മണിക്കൂറില്‍ പ്രശ്നം കണ്ടെത്തിയത്.ഐഎസ്ആര്‍ഒയുടെ കൊമേഴ്‌സ്യല്‍ വിഭാഗമായ ന്യൂസ്പേസ് ഇന്ത്യാ ലിമിറ്റഡും (NSIL) യൂറോപ്യന്‍ സ്പേസ് ഏജന്‍സിയും (ESA) സഹകരിച്ചാണ് പ്രോബ-3 ദൗത്യം നയിക്കുന്നത്. സൂര്യന്റെ അന്തരീക്ഷത്തില്‍ ഏറ്റവും ബാഹ്യഭാഗത്തുള്ളതും ചൂടേറിയതുമായ കൊറോണയെ കുറിച്ച് പഠിക്കുകയാണ് പ്രോബ 3ലെ രണ്ട് കൃത്രിമ ഉപഗ്രഹങ്ങളുടെ ലക്ഷ്യം. 2001-ന് ശേഷം യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയ്ക്ക് വേണ്ടി നടത്തുന്ന ആദ്യവിക്ഷേപണമാണിത്. 550 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹങ്ങളെ 60,000 കിലോമീറ്റര്‍ വരെ ഉയരത്തിലുള്ള ഭ്രമണ പഥത്തിലാണ് എത്തിക്കുക.
What's Your Reaction?