ഇന്ധന പമ്ബ്:ഐ.ഒ.സിയുമായി ഇടയുന്നു; മറ്റു കമ്ബനികളെ തേടി കെ.എസ്.ആര്‍.ടി.സി

ഐ.ഒ.സിയുമായി ബന്ധം വഷളായതിനെ തുടർന്ന് ഡിപ്പോകള്‍ക്ക് അനുബന്ധമായുള്ള പുതിയ പമ്ബുകള്‍ക്ക് മറ്റു കമ്ബനികളുമായി ചർച്ചക്കൊരുങ്ങി കെ.എസ്.ആർ.ടി.സി.

Oct 26, 2024 - 10:51
 0  7
ഇന്ധന പമ്ബ്:ഐ.ഒ.സിയുമായി ഇടയുന്നു; മറ്റു കമ്ബനികളെ തേടി കെ.എസ്.ആര്‍.ടി.സി

തിരുവനന്തപുരം: ഐ.ഒ.സിയുമായി ബന്ധം വഷളായതിനെ തുടർന്ന് ഡിപ്പോകള്‍ക്ക് അനുബന്ധമായുള്ള പുതിയ പമ്ബുകള്‍ക്ക് മറ്റു കമ്ബനികളുമായി ചർച്ചക്കൊരുങ്ങി കെ.എസ്.ആർ.ടി.സി.

ഇന്ധന ഇനത്തിലെ പണമടയ്ക്കാൻ വൈകിയതിന് 18 ശതമാനം പലിശ ചുമത്തിയതോടെയാണ് ഐ.ഒ.സിയുമായി കെ.എസ്.ആർ.ടി.സി ഇടഞ്ഞത്. ഓണത്തിന് ജീവനക്കാർക്ക് ഒറ്റത്തവണയായി ശമ്ബളം നല്‍കുന്നതിന് ഇന്ധനഇനത്തില്‍ മാറ്റിവെച്ച തുക വിനിയോഗിക്കാൻ കെ.എസ്.ആർ.ടി.സി, ഐ.ഒ.സിയോട് സാവകാശം തേടിയിരുന്നു. വാക്കാല്‍ അനുമതി നല്‍കുകയും ചെയ്തിരുന്നുവെന്നാണ് കെ.എസ്.ആർ.ടി.സി പറയുന്നത്.

എന്നാല്‍ ഇത് പരിഗണിക്കാതെ തുക വൈകിയതിന് 18 ശതമാനം പലിശ ചുമത്തുകയായിരുന്നു. ഇതേ തുടർന്ന് ഒരുക്കങ്ങളെല്ലാം പൂർത്തിയായെങ്കിലും പെരുമ്ബാവൂരിലെ പമ്ബ് ഉദ്ഘാടനത്തില്‍ നിന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ പിൻമാറി. ഉദ്ഘാടനത്തിനായി എറണാകുളത്ത് എത്തിയ ശേഷമായിരുന്നു പിൻവാങ്ങല്‍. എടപ്പാള്‍, പാലക്കാട്, ആറ്റിങ്ങല്‍ അടക്കം ഒമ്ബത് ഡിപ്പോകളില്‍ ആരംഭിക്കുന്ന പമ്ബുകള്‍ക്ക് മറ്റു കമ്ബനികളുടെ സഹകരണം തേടാനാണ് തീരുമാനം. ഹിന്ദുസ്ഥാൻ പെട്രോളിയവും ഭാരത് പെട്രോളിയവും സന്നദ്ധത അറിയിച്ചിട്ടുണ്ട്. കുറച്ച്‌ കൂടി മികച്ച ഓഫറാണ് ഇവർ മുന്നോട്ടുവെച്ചതെന്നാണ് സൂചന.

ഐ.ഒ.സിയും കെ.എസ്.ആർ.ടി.സിയും തമ്മിലെ കരാർ പ്രകാരം പണമടക്കാൻ വൈകുന്ന സാഹചര്യങ്ങളില്‍ 18 ശതമാനം പലിശ ഏർപ്പെടുത്താം. ഇത് സാങ്കേതികമായി ശരിയാണെന്ന് സമ്മതിക്കുമ്ബോഴും മാനുഷിക പരിഗണന നല്‍കിയില്ലെന്നതാണ് മന്ത്രിയുടെ പരാതി. ആന്‍റണി രാജുവിന്‍റെ സമയത്താണ് ഐ.ഒ.സിയുമായി കരാർ ഒപ്പിട്ടത്.

പുതിയ കരാറുകളില്‍ 18 ശതമാനം പലിശ എന്ന വ്യവസ്ഥ വെക്കില്ലെന്നാണ് ഗണേഷ്കുമാറിന്‍റെ നിലപാട്. ടിക്കറ്റിതര വരുമാനം വർധിപ്പിക്കുന്നതിനായാണ് സ്ഥാപന പുനഃസംഘടനയുടെ ഭാഗമായി കെ.എസ്.ആർ.ടി.സി പമ്ബുകള്‍ തുടങ്ങിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow