ഇറാൻ യുദ്ധ പരാമർശത്തിൽ ജെ.ഡി വാൻസിനോട് അതൃപ്തി
അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ പാർട്ടിയുടെ പരാജയത്തിന് ഇറാൻ യുദ്ധമാണ് കാരണമെന്ന വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിന്റെ പ്രസ്താവനയിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കടുത്ത അതൃപ്തിയുള്ളതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ വാൻസ് സമൂഹമാധ്യമമായ എക്സിൽ പങ്കുവെച്ച കുറിപ്പാണ് ഭരണകൂടത്തിനുള്ളിൽ ഭിന്നതകൾക്ക് വഴിവെച്ചിരിക്കുന്നത്. ഇറാനെതിരെ യുദ്ധം ആരംഭിക്കാൻ താൻ എടുത്ത തീരുമാനം ശരിയായിരുന്നുവെന്ന് വാൻസ് ന്യായീകരിക്കേണ്ടതായിരുന്നു എന്നാണ് ട്രംപ് അടുത്ത വൃത്തങ്ങളോട് പങ്കുവെച്ചത്.അതേസമയം അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയെ ട്രംപ് തുടർച്ചയായി പ്രശംസിക്കുന്നതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇറാൻ യുദ്ധം അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണെന്ന് റൂബിയോ ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു. 2028-ലെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റൂബിയോ മികച്ചൊരു സ്ഥാനാർത്ഥിയായിരിക്കുമെന്ന് ട്രംപ് സഹായികളോട് സൂചിപ്പിച്ചതായാണ് വിവരം.തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ വാൻസ് നടത്തിയ പരാമർശത്തോട് തുടക്കത്തിൽ ട്രംപ് യോജിച്ചിരുന്നു. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ വാൻസിന്റെ നിലപാടിനോടുള്ള പ്രസിഡന്റിന്റെ അതൃപ്തി വർദ്ധിച്ചുവരികയായിരുന്നു. താൻ ബാലറ്റിൽ ഇല്ലാത്തതുകൊണ്ടാണ് റിപ്പബ്ലിക്കൻ പാർട്ടിക്ക് തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടതെന്നാണ് ട്രംപിന്റെ വിലയിരുത്തൽ.