ജുവനൈല്‍ നിയമത്തിന്റെ മറവില്‍ കുറ്റകൃത്യങ്ങള്‍ അനുവദിക്കില്ല
സംസ്ഥാനത്ത് പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടുന്ന കുറ്റകൃത്യങ്ങള്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ടില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തുന്നതിനായി കേന്ദ്ര സര്‍ക്കാരിനെ സമീപിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. നിയമത്തിന്റെ ആനുകൂല്യം മുതലെടുത്ത് ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ചെയ്ത് തടിയൂരാന്‍ ആരെയും അനുവദിക്കില്ല. ചേരാനല്ലൂരിലും തിരുവനന്തപുരത്തും നടന്ന ദാരുണമായ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ നിയമ വിദഗ്ധരുമായി ആലോചിച്ച് സര്‍ക്കാര്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അതേസമയം കാല്‍നടയാത്രക്കാരുടെയും ഇരുചക്രവാഹനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതില്‍ ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങളെ സ്വാഗതം ചെയ്ത മന്ത്രി, ലഹരി ഉപയോഗിച്ച് വാഹനമോടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നല്കി. കഴിഞ്ഞ 4 ദിവസത്തെ പരിശോധനയില്‍ 15,000-ത്തോളം ഡ്രങ്ക് ആന്‍ഡ് ഡ്രൈവിങ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ക്കായി ഗതാഗത മോട്ടോര്‍ വാഹന വകുപ്പുകളുമായി ചര്‍ച്ച നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു.