രഞ്ജിത്ത് പ്രഗത്ഭനായ കലാകാരന്‍ ; നടിയുടെ ആരോപണത്തില്‍ കേസെടുക്കാന്‍ കഴിയില്ലെന്ന് മന്ത്രി

സംവിധായകന്‍ രഞ്ജിത്തിനെതിരേ ലൈംഗികാരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ആരോപണത്തില്‍ നടപടി പറ്റില്ലെന്ന് സാംസ്‌ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍.

Aug 24, 2024 - 12:39
 0  3
രഞ്ജിത്ത് പ്രഗത്ഭനായ കലാകാരന്‍ ; നടിയുടെ ആരോപണത്തില്‍ കേസെടുക്കാന്‍ കഴിയില്ലെന്ന് മന്ത്രി

തിരുവനന്തപുരം: സംവിധായകന്‍ രഞ്ജിത്തിനെതിരേ ലൈംഗികാരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ആരോപണത്തില്‍ നടപടി പറ്റില്ലെന്ന് സാംസ്‌ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍.

ഹേമകമ്മറ്റി റിപ്പോര്‍ട്ടിലെ കണ്ടെത്തലില്‍ പരാതിയില്ലാതെ കേസെടുക്കാനാകില്ലെന്നും പറഞ്ഞു. കഴിഞ്ഞ ദിവസം സംവിധായകന്‍ രഞ്ജിത്തിനെതിരേ ബംഗാളിനടി ശ്രീലേഖാമന്ത്രി ലൈംഗികാരോപണം ഉന്നയിച്ച സാഹചര്യത്തിലാണ് മറുപടി.

രേഖാമൂലം പരാതി വരട്ടെ അപ്പോള്‍ നടപടിയെടുക്കാമെന്ന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രേഖാമൂലം പരാതി കിട്ടാതെ രഞ്ജിത്തിനെതിരേ നടപടിയെടുക്കാനാകില്ലെന്നും കേവലം ആരോപണത്തിന്റെ പേരില്‍ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.

രഞ്ജിത്ത് ഇന്ത്യ കണ്ട പ്രഗത്ഭനായ കലാകാരനാണെന്നും രഞ്ജിത്തിനെതിരേ ഇപ്പോള്‍ കേസെടുക്കില്ലെന്നും മന്ത്രി പറഞ്ഞു. രേഖാമൂലം പരാതി വരട്ടെ അപ്പോള്‍ നടപടിയെടുക്കാമെന്നും പരാതി കിട്ടിയാല്‍ ഏത് ഉന്നതനായാലും നടപടിയെടുക്കുമെന്നും പറഞ്ഞു. സര്‍ക്കാര്‍ എല്ലാക്കാലത്തും സ്ത്രീകള്‍ക്കൊപ്പമാണ്. ഹേമക്കമ്മറ്റി റിപ്പോര്‍ട്ടില്‍ കോടതി പറയട്ടെ അപ്പോള്‍ കേസെടുക്കാമെന്നും പറഞ്ഞു.

2009 - 10 കാലഘട്ടത്തില്‍ രഞ്ജിത്ത് സംവിധാനം ചെയ്ത 'പാലേരി മാണിക്യം' സിനിമയില്‍ അഭിനയിക്കാന്‍ എത്തിയപ്പോള്‍ സംവിധായകന്‍ മോശമായി പെരുമാറിയെന്നാണ് ശ്രീലേഖ മിത്ര വെളിപ്പെടുത്തിയത്. ഒരു രാത്രി മുഴുവന്‍ ഹോട്ടലില്‍ കഴിഞ്ഞത് പേടിച്ചാണ് കഴിഞ്ഞതെന്നും ശ്രീലേഖ മിത്ര പറഞ്ഞു. സംഭവത്തില്‍ പരാതി അറിയിച്ചിരുന്നു. പരാതി പറഞ്ഞത് ഡോക്യുമെന്ററി സംവിധായകന്‍ ജോഷി ജോസഫിനോടാണ്. എന്നാല്‍ ആരും പിന്നീട് തന്നെ ബന്ധപ്പെട്ടില്ലെന്നും നടി പറയുന്നു.

മറ്റ് മലയാളം സിനിമകളിലും പിന്നീട് തനിക്ക് അവസരം കിട്ടിയില്ല. തന്നോടുള്ള മോശം പെരുമാറ്റം എതിര്‍ത്തത് കൊണ്ട് മാത്രമാണ് അവസരം നിഷേധിച്ചതെന്ന് ശ്രീലേഖ മിത്ര പറയുന്നു. അതേസമയം, ശ്രീലേഖ മിത്രയുടെ ആരോപണം രഞ്ജിത്ത് നിഷേധിച്ചു. ശ്രീലേഖ മിത്ര പാലേരി മാണിക്യത്തിന്റെ ഓഡീഷന് വന്നിരുന്നു. എന്നാല്‍ കഥാപാത്രത്തിന് അനുയോജ്യം അല്ലാത്തത് കൊണ്ടാണ് പരിഗണിക്കാതിരുന്നതെന്നും രഞ്ജിത്ത് പറഞ്ഞു. നടിയോട് മോശമായി പെരുമാറിയിട്ടില്ലെന്നും രഞ്ജിത്ത് കൂട്ടിച്ചേര്‍ത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow