ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; തെളിവുകള്‍ മൂടിവെച്ചു, സര്‍ക്കാറിനെതിരെ പ്രതിഷേധം

മലയാള സിനിമ മേഖലയില്‍ നടക്കുന്ന ലൈംഗിക അരാജകത്വത്തിനും മാംസക്കച്ചവടത്തിനുമെതിരെ വ്യക്തമായ തെളിവുകള്‍ ഹേമ കമ്മിറ്റി

Aug 21, 2024 - 10:45
 0  3
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; തെളിവുകള്‍ മൂടിവെച്ചു, സര്‍ക്കാറിനെതിരെ പ്രതിഷേധം

തിരുവനന്തപുരം: മലയാള സിനിമ മേഖലയില്‍ നടക്കുന്ന ലൈംഗിക അരാജകത്വത്തിനും മാംസക്കച്ചവടത്തിനുമെതിരെ വ്യക്തമായ തെളിവുകള്‍ ഹേമ കമ്മിറ്റി സമർപ്പിച്ചിട്ടും നാലര വർഷമായിട്ടും ചെറുവിരല്‍ അനക്കാത്ത സംസ്ഥാന സർക്കാറിനെതിരെ പ്രതിഷേധം കനക്കുന്നു.

ഇരകളെ മറയാക്കി വേട്ടക്കാരെ സംരക്ഷിച്ച നിലപാടിനെതിരെ ഗവർണറും പ്രതിപക്ഷവും രംഗത്തെത്തിയതോടെ സർക്കാർ പ്രതിരോധത്തിലായി.

സോളാര്‍ കമീഷന്‍ റിപ്പോര്‍ട്ടില്‍ പോലും പരാതിക്കാരിയെ വിളിച്ചുവരുത്തി പരാതി എഴുതി കേസ് സി.ബി.ഐക്ക് വിട്ട സർക്കാർ എന്തുകൊണ്ട് തെളിവുകളോടെ ഗുരുതര ആരോപണമുന്നയിച്ചവരില്‍നിന്ന് പരാതി വാങ്ങി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിച്ചില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ചോദിച്ചു. വേട്ടക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചതെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനും വിമർശിച്ചു. റിപ്പോർട്ടില്‍ സർക്കാറിന് നടപടിയെടുക്കാൻ ബാധ്യതയുണ്ടെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനും പ്രതികരിച്ചു.

കേസെടുക്കാന്‍ പുതുതായി പരാതി നല്‍കേണ്ട കാര്യമില്ലെന്നും ഇത്ര വലിയൊരു പരാതിയുടെ കൂമ്ബാരം നാലര കൊല്ലമായി സര്‍ക്കാറിന്‍റെ കൈയില്‍ ഇരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.

അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ട് സമർപ്പിക്കുമ്ബോള്‍ അതില്‍ തെളിവുകളുണ്ടായിരുന്നില്ലെന്നും ആകാശത്തുനിന്ന് കേസ് അന്വേഷിക്കാൻ കഴിയില്ലെന്നുമുള്ള അന്നത്തെ സാംസ്കാരിക മന്ത്രി എ.കെ. ബാലന്‍റെ വാദം പൊളിഞ്ഞു. ഇരകള്‍ സമർപ്പിച്ച സ്ക്രീൻ ഷോട്ടുകളും വാട്സ്‌ആപ് ചാറ്റുകളും ഇവരുടെ മൊഴികളുമടങ്ങിയ പെൻഡ്രൈവുകളും സീഡികളും റിപ്പോർട്ടിന് അനുബന്ധമായി സർക്കാറിന് സമർപ്പിച്ചിട്ടുണ്ടെന്ന് ജസ്റ്റിസ് ഹേമ സാംസ്കാരിക വകുപ്പിന് കൈമാറിയ കത്തിന്‍റെ വിവരങ്ങള്‍ പുറത്തുവന്നു.

ആരോപണങ്ങള്‍ ശക്തമായതോടെ സമഗ്ര സിനിമ നയം നവംബറില്‍ പ്രഖ്യാപിക്കാനുള്ള നടപടികള്‍ സർക്കാർ ആരംഭിച്ചു. ഷാജി എൻ. കരുണ്‍ അധ്യക്ഷനായ സമിതി ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ ശിപാർശകള്‍ കൂടി പരിഗണിച്ചാണ് സിനിമ നയം രൂപവത്കരിക്കുന്നതെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചു. നയരൂപവത്കരണത്തിന് സഹായിക്കുന്നതിനും വിവര ശേഖരണത്തിനുമായി സ്വകാര്യ കണ്‍സല്‍ട്ടൻസിയെ ചുമതലപ്പെടുത്തി.

What's Your Reaction?

like

dislike

love

funny

angry

sad

wow