കഴിഞ്ഞ രണ്ടാഴ്ചകളിൽ വത്തിക്കാനിലെ വിശുദ്ധവാതിൽ കടന്നത് അഞ്ചുലക്ഷത്തിലധികം ആളുകൾ

ഡിസംബർ 24-ന് തുറക്കപ്പെട്ട വിശുദ്ധ പത്രോസിന്റെ ബസലിക്കയിലെ വിശുദ്ധവാതിൽ ഇതിനോടകം അഞ്ചുലക്ഷത്തിലധികം ആളുകൾ കടന്നുവന്ന് ജനുവരി ഏഴാം തീയതി ചൊവ്വാഴ്ച ജൂബിലിയുമായി ബന്ധപ്പെട്ട വത്തിക്കാൻ പ്രസ് ഓഫീസ് അറിയിച്ചു. ജൂബിലിയുടെ തുടക്കം മികച്ചതായിരുന്നുവെന്ന് വത്തിക്കാൻ.

Jan 9, 2025 - 11:10
 0  5
കഴിഞ്ഞ രണ്ടാഴ്ചകളിൽ വത്തിക്കാനിലെ വിശുദ്ധവാതിൽ കടന്നത് അഞ്ചുലക്ഷത്തിലധികം ആളുകൾ

2025-ലെ ജൂബിലിയുമായി ബന്ധപ്പെട്ട് ഡിസംബർ 24-ന് ഫ്രാൻസിസ് പാപ്പാ വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസലിക്കയിൽ തുറന്ന വിശുദ്ധ വാതിൽ ഇതിനോടകം അഞ്ചുലക്ഷത്തിലധികം ആളുകൾ കടന്നുവന്ന് ജൂബിലി ആഘോഷങ്ങളുമായി ബന്ധപ്പെട്ട വത്തിക്കാൻ ഓഫീസ് ജനുവരി ഏഴ് ചൊവ്വാഴ്ച പുറത്തുവിട്ട പത്രക്കുറിപ്പിലൂടെ അറിയിച്ചു. ജനുവരി ആറ് തിങ്കളാഴ്ച വരെയുള്ള കണക്കുകൾ പ്രകാരം അഞ്ചുലക്ഷത്തിനാൽപ്പത്തിഅയ്യായിരത്തിലധികം പേർ (5.45.532) വത്തിക്കാനിലെ വിശുദ്ധ വാതിൽ കടന്നുകഴിഞ്ഞു.

ഡിസംബർ ഇരുപത്തിനാലാം തീയതി വിശുദ്ധ പത്രോസിന്റെ വിശുദ്ധവാതിൽ തുറന്നതിനെത്തുടർന്ന്, വത്തിക്കാന് മുന്നിലുള്ള വിയ ദെല്ല കൊൺചിലിയാസിയോണെയിലൂടെ (Via della Conciliazione) ജൂബിലിക്കായി പ്രത്യേകമായി തയ്യാറാക്കിയ കുരിശുമായി ഗ്രൂപ്പുകളും വ്യക്തികളും തങ്ങളുടെ തീർത്ഥാടനത്തിന്റെ ഭാഗമായി എത്തുന്നുണ്ട്.

ശ്രദ്ധേയമായ ഒരു തുടക്കമാണ് ജൂബിലിക്ക് ലഭിച്ചിരിക്കുന്നതെന്ന് സുവിശേഷവത്കരണത്തിനായുള്ള ഡികാസ്റ്ററി പ്രൊ പ്രീഫെക്ട് ആർച്ച്ബിഷപ് റീനോ ഫിസിക്കെല്ല പ്രസ്താവിച്ചു. വത്തിക്കാനിലേക്കെത്തുന്ന തീർത്ഥാടകരുടെ ഉയർന്ന നിരക്ക് ഏവർക്കും വലിയൊരു സാക്ഷ്യമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.

ജൂബിലിയുമായി ബന്ധപ്പെട്ട് ഇറ്റലിയിലെ, പ്രത്യേകിച്ച് റോമിലെ ഭരണാധികാരികൾ സുരക്ഷാക്രമീകരണങ്ങളുൾപ്പെടെ വൻ ഒരുക്കങ്ങളാണ് ചെയ്തിട്ടുള്ളത്. തീർത്ഥാടകർക്ക് സ്വാഗതാർഹമായ സാഹചര്യവും സൗകര്യങ്ങളും ഒരുക്കാൻ സുവിശേഷവത്കരണത്തിനായുള്ള വത്തിക്കാൻ ഡികാസ്റ്ററി നിതാന്തപരിശ്രമമാണ് നടത്തിവരുന്നതെന്ന് ആർച്ച്ബിഷപ് ഫിസിക്കെല്ല അറിയിച്ചു.

ജനുവരി അഞ്ചിന്, റോമൻ മതിലുകൾക്ക് പുറത്തുള്ള വിശുദ്ധ പൗലോസിന്റെ ബസലിക്കയിലെ വിശുദ്ധ വാതിൽ തുറന്നതോടെ, റോമിലെ നാല് മേജർ ബസലിക്കകളിലെയും വിശുദ്ധവാതിലുകളിലൂടെ കടക്കാൻ തീർത്ഥാടകർക്ക് സാധ്യതയൊരുങ്ങിക്കഴിഞ്ഞു.

വാർത്താവിനിമയരംഗവുമായി ബന്ധപ്പെട്ട ജൂബിലിയാണ് ഈ ജൂബിലി വർഷത്തിലെ പ്രഥമ പ്രധാന സംഭവം. ജനുവരി 24 മുതൽ 26 വരെയുള്ള തീയതികളിലാണ് വാർത്താവിനിമയരംഗത്തുള്ളവരുടെ ജൂബിലി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ആയിരക്കണക്കിന് പത്രപ്രവർത്തകരും, മാധ്യമമേഖലയിലെ പ്രമുഖരും, റോമിലെത്തുമെന്നാണ് കരുതപ്പെടുന്നത്.

ജൂബിലിയുമായി ബന്ധപ്പെട്ട തിരക്കുകൾ കണക്കിലെടുത്ത്, iubilaeum2025.va എന്ന വെബ്‌സൈറ്റിൽ മുൻകൂട്ടി തങ്ങളുടെ സന്ദർശനം ബുക്ക് ചെയ്യാൻ തീർത്ഥാടകർക്ക് നിർദ്ദേശം ലഭിച്ചിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow