വിമാനയാത്രയ്ക്കിടെ കുഴഞ്ഞുവീണു; പ്രശസ്ത ഗിറ്റാറിസ്റ്റ് ജോസ് തോമസ് അന്തരിച്ചു
വിമാനയാത്രയ്ക്കിടെയുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് പ്രശസ്ത ഗിറ്റാറിസ്റ്റ് തിരുവനന്തപുരം മണികണ്‌ഠേശ്വരം പുത്തൂർ ഹൗസില്‍ ജോസ് തോമസ് പുത്തൂർ (54) അന്തരിച്ചു.
ബുധനാഴ്ച വൈകുന്നേരം മൂന്നോടെ ബംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്കുള്ള എയർ ഇന്ത്യ വിമാനത്തില്‍ യാത്ര തുടർന്നു. യാത്രയ്ക്കിടെ അവശനായ അദ്ദേഹം കുഴഞ്ഞുവീണു. ഒപ്പമുണ്ടായിരുന്ന മകൻ ജീവനക്കാരെ വിവരമറിയിച്ചതുപ്രകാരം വിമാനത്താവളത്തില്‍ ഡോക്ടർ അടിയന്തര ചികിത്സ നല്‍കി.
ലാൻഡിംഗിനുശേഷം ആംബുലൻസില്‍ ചാക്കയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര, എം.ജി. ശ്രീകുമാർ തുടങ്ങിയ ഗായകരുടെ പരിപാടികളിലും നിരവധി സിനിമകളില്‍ സംഗീതസംവിധായകർക്കായും പിന്നണിയില്‍ ജോസ് തോമസ് ഉണ്ടായിരുന്നു.
ടെലിവിഷൻ ചാനലുകളിലെ സംഗീതപരിപാടികളില്‍ സ്ഥിരംസാന്നിധ്യമായിരുന്നു. നാദബ്രഹ്മം സംഗീത ഗ്രൂപ്പിലും മക്കള്‍ക്കൊപ്പം ചേർന്ന് ജാമർ എന്ന ബാൻഡിലും അദ്ദേഹം ഭാഗമായി. ഭക്തിഗാന ആല്‍ബങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പാലാ പൂഞ്ഞാർ ചേന്നാട് പരേതനായ തോമസിന്‍റെയും മേരി തോമസിന്‍റെയും മകനാണ്. ഭാര്യ: മിനി ജോസ്. മക്കള്‍: അമല്‍ (കീബോർഡിസ്റ്റ്), എമില്‍ (ഗിറ്റാറിസ്റ്റ്). സംസ്‌കാരം പിന്നീട്.
What's Your Reaction?