പി. സദാശിവത്തിന് നൽകിയത് ഗംഭീര യാത്രയയപ്പ്; ആരിഫ് മുഹമ്മദ് ഖാന് അതുവേണ്ടെന്ന് സർക്കാർ നിലപാട്
രാജ്ഭവനിലെ യാത്രയയപ്പ് സമ്മേളനത്തിന് പുറമേ മാസ്കറ്റ് ഹോട്ടലിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് സമ്മേളനം നടത്തിയിരുന്നു.
തിരുവനന്തപുരം: സ്ഥാനമൊഴിയുന്ന കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന് യാത്രയയപ്പ് നൽകാതെ സംസ്ഥാന സർക്കാർ. മുൻ ഗവർണർ ജസ്റ്റിസ് പി സദാശിവത്തിന് സർക്കാർ ഹൃദ്യമായ യാത്രയയപ്പ് നൽകിയിരുന്നു. എന്നാൽ സർക്കാരിന് എന്നും തലവേദനയായ ആരിഫ് മുഹമ്മദ് ഖാന് യാത്രയയപ്പ് വേണ്ടെന്ന നിലപാടിലാണ് സർക്കാർ. ഇതിനിടെ ഗവർണർക്ക് രാജ്ഭവൻ ജീവനക്കാർ നൽകാനിരുന്ന യാത്രയയപ്പും റദ്ദാക്കി. മുന്‍ പ്രധാനമന്ത്രി ഡോക്ടര്‍ മന്‍മോഹന്‍ സിങ്ങിന്റെ നിര്യാണത്തെ തുടര്‍ന്നുള്ള ദേശീയ ദുഃഖാചരണം കണക്കിലെടുത്താണ് യാത്രയയപ്പ് ചടങ്ങ് ഒഴിവാക്കിയത്.
ആരിഫ് മുഹമ്മദ് ഖാൻ മടങ്ങിപ്പോകുമ്പോഴും സർക്കാർ ഗവർണർ ശത്രുത അവസാനിക്കുന്നില്ല. ഗവർണർമാർക്ക് സർക്കാർ നൽകാറുള്ള പതിവ് യാത്ര അയപ്പ് ചടങ്ങ് അതുകൊണ്ട് കൂടിയാണ് ഒഴിവാക്കുന്നത്. ഞായറാഴ്ച കേരളം വിടുന്ന ആരിഫ് മുഹമ്മദ് ഖാന് യാത്രയയപ്പ് നൽകേണ്ടതില്ലെന്നാണ് സർക്കാർ തീരുമാനം. ആരിഫ് മുഹമ്മദ് മുൻഗാമിയായിരുന്ന ജസ്റ്റിസ് പി സദാശിവത്തിന് ഊഷ്മളമായ യാത്രയയപ്പാണ് സർക്കാർ നൽകിയത്.
രാജ്ഭവനിലെ യാത്രയയപ്പ് സമ്മേളനത്തിന് പുറമേ മാസ്കറ്റ് ഹോട്ടലിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് സമ്മേളനം നടത്തിയിരുന്നു. ചില വിഷയങ്ങളിൽ സർക്കാരുമായി അഭിപ്രായ ഭിന്നത ഉണ്ടായിരുന്നെങ്കിലും സദാശിവത്തെ വാനോളം പുകഴ്ത്തിയാണ് അന്ന് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ സംസാരിച്ചത്. മാത്രമല്ല വിമാനത്താവളത്തിൽ നേരിട്ട് എത്തി അദ്ദേഹത്തെ യാത്രയാക്കാനും പിണറായി വിജയൻ തയാറായി. എന്നാൽ ആരിഫ് മുഹമ്മദ് ഖാൻ ഇതൊന്നും ഉണ്ടാകില്ല.സർക്കാരിനെ ഇത്രയേറെ പ്രതിസന്ധിയിൽ ആക്കുകയും മുഖ്യമന്ത്രിയെ ഉൾപ്പെടെ സംശയ നിഴലിൽ നിർത്തുകയും ധനമന്ത്രിയോടുള്ള പ്രീതി നഷ്ടപ്പെട്ടെന്ന് പരസ്യമായി പറയുകയും ചെയ്ത ആരിഫ് മുഹമ്മദ് ഖാനോട് അത്ര മമത വേണ്ടെന്നാണ് സർക്കാർ നിലപാട്. ഞായറാഴ്ച കൊച്ചിയിലേക്ക് പോകുന്ന ഗവർണർ അവിടെനിന്ന് ഡൽഹി വഴി ബിഹാറിലേക്ക് പോകും. രണ്ടാം തിയതി ബിഹാർ ഗവർണറായി ചുമതലയേൽക്കും. അദ്ദേഹത്തിൻറെ പിൻഗാമി രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഒന്നാം തീയതി കേരളത്തിൽ എത്തും. രണ്ടാം തീയതി ഗവർണർ സ്ഥാനം ഏറ്റെടുക്കും.
What's Your Reaction?