മഹാത്മ ഗാന്ധിയെ ദൈവമായി ആരാധിക്കുന്ന ക്ഷേത്രം; പ്രസാദം പഴവും പൂക്കളും

സിനിമാ താരങ്ങള്‍ക്ക് വേണ്ടി അമ്ബലങ്ങള്‍ പണിത വാർത്തകള്‍ പലതും നിങ്ങള്‍ കേട്ടിട്ടുണ്ടാകും.

Oct 2, 2024 - 21:07
 0  3
മഹാത്മ ഗാന്ധിയെ ദൈവമായി ആരാധിക്കുന്ന ക്ഷേത്രം; പ്രസാദം പഴവും പൂക്കളും

കാസർകോട്: സിനിമാ താരങ്ങള്‍ക്ക് വേണ്ടി അമ്ബലങ്ങള്‍ പണിത വാർത്തകള്‍ പലതും നിങ്ങള്‍ കേട്ടിട്ടുണ്ടാകും. എന്നാല്‍ നമ്മുടെ രാഷ്ട്രപിതാവിനെ ദൈവമായി കണ്ട് ആരാധിക്കുന്ന ക്ഷേത്രവും നമ്മുടെ ഇന്ത്യയില്‍ ഉണ്ടെന്ന് എത്രപേർക്കറിയാം..?

മംഗലാപുരം നാഗോറിയിലെ കങ്കണാടി ശ്രീ ബ്രഹ്മ ബൈദർകല ഗരോഡി ക്ഷേത്രത്തിലാണ് ദൈവങ്ങള്‍ക്കൊപ്പം രാഷ്ട്രപിതാവിനെയും ആരാധിക്കുന്നത്.

ഒരേ സ്ഥലത്ത് ദൈവങ്ങള്‍, അർദ്ധദൈവങ്ങള്‍, ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ഏറ്റവും ഉയർന്ന വ്യക്തിത്വമായ മഹാത്മാഗാന്ധി, സാമൂഹിക പരിഷ്‌കർത്താവ് നാരായണ ഗുരു എന്നിവരെയെല്ലാം ആരാധിക്കുന്ന അപൂർവ്വമായ ക്ഷേത്രമാണ് ഇത്. മഹാ ഗണപതിയും ബാലപരമേശ്വരിയും സുബ്രഹ്മണ്യനും അടക്കം 12 ദേവീ ദേവ പ്രതിഷ്‌ഠകള്‍ ഈ ക്ഷേത്രത്തില്‍ ഉണ്ട്. ജാതി, മത, ലിംഗ വ്യത്യാസമില്ലാതെ എല്ലാവർക്കും ക്ഷേത്രത്തിലേക്ക് പ്രവേശിക്കാം എന്ന പ്രത്യേകതയും ക്ഷേത്രത്തിനുണ്ട്.

വർഷങ്ങള്‍ക്ക് മുമ്ബ് ക്ഷേത്രത്തിലെ അന്നത്തെ ക്ഷേത്രം നടത്തിപ്പുകാരായ നരസപ്പ സാലിയനും സോമപ്പ പണ്ഡിറ്റും കടുത്ത ഗാന്ധി അനുയായികളായിരുന്നുവെന്നും അവർ ക്ഷേത്രത്തില്‍ ഒരു കളിമണ്‍ ഗാന്ധി പ്രതിമ പ്രതിഷ്‌ഠിച്ചതായുമാണ് പറയപ്പെടുന്നത്. പിന്നീട് 1998 ഡിസംബറിലാണ് മാർബിള്‍ പ്രതിമ സ്ഥാപിച്ചത്.

ദിവസവും മൂന്ന് തവണയാണ് പൂജ നടക്കുന്നത്. രാവിലെ 6 മണിക്കും ഉച്ചയ്ക്ക് 12 മണിക്കും, വൈകിട്ട് 7.30 നും. പ്രതിമയ്ക്ക് സമീപം ദിവസവും ഒരു വിളക്ക് കത്തിക്കും. പഴവും പൂക്കളും പ്രസാദമായി അർപ്പിക്കും. ക്ഷേത്രത്തിലെത്തുന്ന എല്ലാ ഭക്തരും ഗാന്ധിജിക്കും പ്രാർത്ഥനകള്‍ അർപ്പിക്കാറുണ്ട്. ഗാന്ധിജിക്കായി പ്രത്യേക സ്ഥാനം ക്ഷേത്രത്തില്‍ ഉണ്ട്. തൊട്ടടുത്തതാണ് നാരായണ ഗുരുവിന് പൂജ അർപ്പിക്കുന്നത്.

ഗാന്ധിജയന്തി ദിനത്തില്‍ വലിയ ആഘോഷം തന്നെ ഇവിടെ നടക്കാറുണ്ട്. വൈകുന്നേരം 7.30ന് പ്രത്യേക പൂജ അർപ്പിക്കുന്നു. ഗാന്ധി പ്രതിമയില്‍ കാപ്പിയും മിക്‌സഡ് പഴങ്ങളും മധുരപലഹാരങ്ങളും നല്‍കും. പിന്നീട്, അതേ കാപ്പി ഭക്തർക്ക് തീർത്ഥമായി നല്‍കും. മറ്റ് ഉത്സവ കാലത്ത് ഗണപതി, നാഗബ്രഹ്മ ദേവതകളെ ഗാന്ധി, നാരായണ ഗുരു എന്നിവരുടെ പ്രതിമകള്‍ക്ക് മുന്നില്‍ കൊണ്ടുവന്ന് പ്രത്യേക ആരതി അർപ്പിക്കാറുമുണ്ട്.

മംഗലാപുരത്ത് നിന്ന് 4 കിലോമീറ്റർ അകലെ മംഗലാപുരം-ബാംഗ്ലൂർ ഹൈവേയോട് ചേർന്നാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തുളുവ സമുദായത്തിന് ഏറെ പ്രാധാന്യമുള്ളതാണ് ഈ ക്ഷേത്രം. ക്ഷേത്രത്തിന് ഏകദേശം 150 വർഷത്തെ ചരിത്രമുണ്ട്. നിരവധി ഭക്തരാണ് ഇവിടെ പ്രാർഥനക്കായി എത്താറുള്ളത്.

What's Your Reaction?

like

dislike

love

funny

angry

sad

wow