ആമയിഴഞ്ചാൻ തോട് ശുചീകരണം; 63 ലക്ഷം രൂപയുടെ പദ്ധതി സര്‍ക്കാരിന് സമര്‍പ്പിച്ചു

ആമയിഴഞ്ചാൻ തോട് ശുചീകരിക്കാനുള്ള പദ്ധതി തയ്യാറാക്കി.

Jul 26, 2024 - 12:17
 0  4

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട് ശുചീകരിക്കാനുള്ള പദ്ധതി തയ്യാറാക്കി. ജലവിഭവ വകുപ്പ് 63 ലക്ഷം രൂപയുടെ പദ്ധതി സർക്കാരിന് സമർപ്പിച്ചു.

ഇതിനുള്ള ചെലവ് റെയില്‍വെയാണോ സർക്കാരാണോ ചെലവഴിക്കേണ്ടതെന്ന് ചർച്ച ചെയ്തു തീരുമാനിക്കും. 1200 ഘനമീറ്റർ മാലിന്യം ഈ ഭാഗത്ത് അടിഞ്ഞു കിടക്കുന്നുണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളത്. മാലിന്യം പൂർണമായും നീക്കുന്നതിന് മൂന്ന് മാസത്തോളം വേണ്ടിവരും. ഈ ഭാഗം രണ്ടുവർഷം മുൻപ്‌ ശുചീകരിക്കാൻ ജലസേചന വകുപ്പ് 52 ലക്ഷം രൂപയുടെ പദ്ധതി സർക്കാരിന് സമർപ്പിച്ചിരുന്നു.

മൊത്തം 140 മീറ്ററാണ് റെയില്‍വേയുടെ സ്ഥലത്തുകൂടി ആമയിഴഞ്ചാൻ തോട് ഒഴുകുന്നത്. ഇതില്‍ 117 മീറ്ററാണ് തുരങ്കഭാഗം. ചെറിയ മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച്‌ തുരങ്കഭാഗത്തിന്റെ ഇരുഭാഗത്ത് നിന്നും മാലിന്യം മാറ്റാനാണ് ഉദ്ദേശിക്കുന്നത്. ഇതിന് ക്രെയിൻ ഉപയോഗിച്ച്‌ തോട്ടിലേക്ക് യന്ത്രങ്ങള്‍ ഇറക്കേണ്ടിവരും. ഓപ്പറേഷൻ അനന്തസമയത്ത് ശുചീകരിച്ച അതേ രീതിയാണ് പിന്തുടരുന്നത്.

സർക്കാർ പണം അനുവദിച്ചാല്‍ അടിയന്തരമായി ശുചീകരണം തുടങ്ങും. ഇതു കൂടാതെ തോടിന്റെ തുടക്കഭാഗത്ത് രണ്ട് കിലോമീറ്റർ ദൂരം തോട്ടിലേക്ക്‌ മാലിന്യം വലിച്ചെറിയുന്നത്‌ തടയാൻ പുതിയതായി ഫെൻസിങ് സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. രണ്ട് കോടി രൂപയാണ് ചെലവ് വരുന്നത്.രാജാജി നഗർ അടക്കമുള്ള സ്ഥലങ്ങളില്‍ മാലിന്യം തള്ളാനായി ഫെൻസിങ്ങുകള്‍ മുറിച്ചുമാറ്റിയ നിലയില്‍ കണ്ടെത്തിയിരുന്നു. ഇപ്പോള്‍ ഫെൻസിങ് ഇല്ലാത്ത തകരപ്പറമ്ബ് അടക്കമുള്ള ഭാഗങ്ങളിലും പുതിയ ഫെൻസിങ് സ്ഥാപിക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow