പ്രഭാത ഭക്ഷണം തൊട്ട് അത്താഴം വരെ, അതും ഫ്രീയായി; ഇവിടെ ആരും പട്ടിണി കിടക്കില്ല

കൊവിഡ് കാലത്ത് ഓച്ചിറ ആലുംപീടികയിലെ ഓട്ടോ ടാക്സി കൂട്ടായ്മയിലെ 20 അംഗങ്ങള്‍ക്ക് തോന്നിയ ഒരാശയം 937 ദിവസം പിന്നിടുമ്ബോഴും, വിശന്നുവലഞ്ഞ് ഇവിടെ എത്തുന്നവർക്ക് ആശ്വാസമാകുന്നു.

Jul 28, 2024 - 20:14
 0  8
പ്രഭാത ഭക്ഷണം തൊട്ട് അത്താഴം വരെ, അതും ഫ്രീയായി; ഇവിടെ ആരും പട്ടിണി കിടക്കില്ല

കൊല്ലം: കൊവിഡ് കാലത്ത് ഓച്ചിറ ആലുംപീടികയിലെ ഓട്ടോ ടാക്സി കൂട്ടായ്മയിലെ 20 അംഗങ്ങള്‍ക്ക് തോന്നിയ ഒരാശയം 937 ദിവസം പിന്നിടുമ്ബോഴും, വിശന്നുവലഞ്ഞ് ഇവിടെ എത്തുന്നവർക്ക് ആശ്വാസമാകുന്നു.

വിശക്കുന്നവർക്ക് സ്ഥിരമായി ഭക്ഷണം നല്‍കാൻ ലക്ഷ്യമിട്ടു തുടങ്ങിയ 'വിശപ്പുരഹിത ആലുംപീടിക'യാണ് കൈത്താങ്ങിന്റെ തിരിനാളമായി നിറഞ്ഞു നില്‍ക്കുന്നത്.

സൗജന്യ ഭക്ഷണ വിതരണത്തിന് ഭക്ഷണ അലമാര എന്ന തീരുമാനത്തിലേക്ക് എത്തിയതോടെയാണ് വിശപ്പുരഹിത ആലുംപീടിക എന്ന പേര് പദ്ധതിക്കായി നല്‍കിയത്. ഓട്ടോയും ടാക്സിയും ഓടിക്കിട്ടുന്ന പണത്തില്‍ നിന്ന് മിച്ചം പിടിച്ചാണ് ആദ്യം അലമാരയിലേക്ക് വേണ്ട ഭക്ഷണ സാധനങ്ങള്‍ എത്തിച്ചിരുന്നത്. പിന്നീട് നാട്ടുകാരും പദ്ധതിയുടെ ഭാഗമായി. പിറന്നാള്‍, വിവാഹം, ചരമവാർഷികം തുടങ്ങി വിശേഷദിവസങ്ങളില്‍ലെല്ലാം മിക്കവരും അലമാരയിലേക്ക് ഭക്ഷണം നല്‍കാറുണ്ട്. ഉച്ചഭക്ഷണവും പ്രഭാതഭക്ഷണവും അത്താഴവും എല്ലാം പൊതിക്കെട്ടുകളായി എല്ലാ ദിവസവും അലമാരയില്‍ ഉണ്ടാകും.

കൂടാതെ വെള്ളം, ബിസ്കറ്റ്, ബ്രെഡ്, പഴം അങ്ങനെ നീളുന്നു ഇനങ്ങള്‍. ആർക്കുവേണമെങ്കിലും ഭക്ഷണം ഇവിടെനിന്ന് എടുക്കാം. രാവിലെ ആറിന് അലമാര തുറക്കും. അപ്പോള്‍ മുതല്‍ ഭക്ഷണപ്പൊതികള്‍ അലമാരയില്‍ നിറയും. രാത്രി ഓട്ടോ സ്റ്റാൻഡ് വിട്ട് അവസാനത്തെ ആള് പോകുന്നത് വരെ അലമാര തുറന്നു കിടക്കും. ഒരു ദിവസം പോലും ഒഴിഞ്ഞുകിടക്കാറില്ല.

ദിവസവും നൂറിലേറെപ്പേർക്ക്

937 ദിവസങ്ങളായി ഭക്ഷണ അലമാരയിലൂടെ നൂറിലേറെപ്പേർക്കാണ് ദിവസം ഭക്ഷണം നല്‍കുന്നത്. ലോക്ക് ഡൗണ്‍ കാലത്ത് കൂട്ടായ്മയുടെ നേതൃത്വത്തില്‍ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളാണ് നടന്നത്. ഒരു ലക്ഷത്തിലധികം രൂപ ക്ലാപ്പന പഞ്ചായത്തിലെ കമ്മ്യൂണിറ്റി കിച്ചണിലേക്ക് സാധനങ്ങള്‍ വാങ്ങാനായി ഇവർ നല്‍കിയിരുന്നു. അന്ന് രോഗികളെ ആശുപത്രിയില്‍ എത്തിച്ചിരുന്നതും അവർക്ക് മരുന്നുകള്‍ നല്‍കിയിരുന്നതും തികച്ചും സൗജന്യമായാണ്.

പണമില്ലാത്തതിന്റെ പേരില്‍ ആരും പട്ടിണി കിടക്കരുത് എന്ന ചിന്തയാണ് ഭക്ഷണ അലമാരയിലേക്ക് നയിച്ചത്- അനില്‍, പ്രസിഡന്റ്, ഓട്ടോ ടാക്സി കൂട്ടായ്മ, ആലുംപീടിക.

വിശന്ന് വലഞ്ഞ് ആലുംപീടികയിലേക്ക് എത്തുന്നവർ വയറു നിറഞ്ഞ് മടങ്ങുന്നതു കാണുമ്ബോള്‍ വല്ലാത്ത സന്തോഷമാണ്. സുമനസുകളുടെ ഉള്‍പ്പെടെ സഹായത്തോടെയാണ് പദ്ധതി മുന്നോട്ട് പോകുന്നത്.- സോനു മങ്കടത്തറയില്‍, സെക്രട്ടറി, ഓട്ടോ ടാക്സി കൂട്ടായ്മ.

What's Your Reaction?

like

dislike

love

funny

angry

sad

wow