വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയതായി പരാതി; വഞ്ചിക്കപ്പെട്ടത് നിരവധി യുവാക്കള്‍
വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് കോടികള്‍ തട്ടിയതായി പരാതി.
തിരുവനന്തപുരം: വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് കോടികള്‍ തട്ടിയതായി പരാതി. ശാസ്തമംഗലത്ത് പ്രവർത്തിക്കുന്ന ബ്രൂക്ക്പോർട്ട് ട്രാവല്‍ ആൻഡ് ലോജിസ്റ്റിക്സ് എന്ന സ്ഥാപനത്തിനെതിരെയാണ് പരാതിയുമായി യുവാക്കള്‍ രംഗത്തുവന്നത്.
ഡോള്‍സി ജോസഫൈൻ സജു, ഇവരുടെ ഭർത്താവ് സജു, മകൻ രോഹിത് സജു എന്നിവർ ചേർന്നാണ് സ്ഥാപനം നടത്തുന്നത്. വിദേശരാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് സ്ഥാപനം പരസ്യം നല്‍കിയിരുന്നു. തുടർന്നാണ്, യുവാക്കള്‍ കമ്ബനിയെ സമീപിച്ചത്. വിസ നടപടികള്‍ ആരംഭിച്ചുവെന്ന് ബോധിപ്പിച്ച് ഇവരില്‍നിന്ന് പണവും വാങ്ങി. 43 യുവാക്കളാണ് നിലവില്‍ പരാതി സമർപ്പിച്ചിരിക്കുന്നത്. ഇവരെ കൂടാതെ, നൂറോളം പേർ തട്ടിപ്പിനിരയായതായും പരാതിക്കാർ പറയുന്നു.
ജോലിയും വിസയും ലഭ്യമാകാതെ വന്നതോടെയാണ് ഇവർ പരാതിയുമായി മുന്നോട്ടുവന്നത്. പണത്തിനായി സമീപിക്കുമ്ബോള്‍ ഉടമകള്‍ ഫോണെടുക്കുന്നില്ലെന്നാണ് പരാതിക്കാർ പറയുന്നത്. ഉടമകള്‍ സ്ഥലത്തുണ്ടോ എന്നും അറിവില്ല. 2.5 ലക്ഷം മുതല്‍ 10 ലക്ഷം വരെ യുവാക്കളില്‍നിന്ന് വാങ്ങിയിട്ടുണ്ട്. ഒരു വിദ്യാഭ്യാസ യോഗ്യതയും ആവശ്യമില്ലാത്ത ജോലിക്കാണ് ഇവർ ആളുകളെ വിളിച്ചത്. അഭിമുഖവും നടത്തിയിരുന്നില്ല.
സംസ്ഥാനവ്യാപകമായി നടന്ന വൻ വിസ തട്ടിപ്പാണ് ഇവിടെ ഉണ്ടായിരിക്കുന്നതെന്നാണ് പരാതിക്കാരുടെ ആരോപണം. കേരളത്തിലെ എല്ലാ ജില്ലക്കാരില്‍നിന്നും മംഗലാപുരത്തുള്ള ചിലരുടെ പക്കല്‍ നിന്നും ഇവർ പണം വാങ്ങിയിട്ടുണ്ട്. തട്ടിപ്പിന് ഇരയായവർ എല്ലാം യുവാക്കളാണ്. കാനഡക്ക് ജോലി വിസ നല്‍കാമെന്നാണ് പറഞ്ഞിരുന്നത്. ഇവർക്ക് യാതൊരുവിധ ലൈസൻസുകളും ഇല്ലെന്നും പരാതിക്കാർ പറയുന്നു.
What's Your Reaction?