സ്വർണവും പണവും നൽകാമെന്ന് പറഞ്ഞ് പറ്റിച്ചു; 27 ജോഡികൾ സമൂഹവിവാഹം ബഹിഷ്കരിച്ചു; നടത്തിപ്പുകാർക്കെതിരെ കേസ്
വധുവരന്മാർക്ക് ഒരു ഒറ്റമുണ്ടും ഒരു ഗ്രാം തികയാത്ത താലിയും സാരിയും ബ്ലൗസുമാണ് ദമ്പതികൾക്ക് നൽകിയതെന്നാണ് ആരോപണം
ആലപ്പുഴ: ചേർത്തലയിൽ സമൂഹവിവാഹത്തിന് സ്വർണവും പണവും നൽകാമെന്ന് പറഞ്ഞ് സംഘാടകർ പറ്റിച്ചതായി പരാതി. 2 പവൻ സ്വർണവും ഒരു ലക്ഷം രൂപയും നൽകുമെന്ന് പറഞ്ഞാണ് കബളിപ്പിച്ചത്. ഇതിനെ തുടർന്ന് 27 ജോഡികൾ സമൂഹവിവാഹം ബഹിഷ്കരിച്ചു. സ്വർണവും പണവും നൽകാമെന്ന് വാഗ്ദാനം നൽകിയിട്ട് ഒരു ഒറ്റമുണ്ടും ഒരു ഗ്രാം തികയാത്ത താലിയും സാരിയും ബ്ലൗസുമാണ് ദമ്പതികൾക്ക് നൽകിയതെന്നാണ് ആരോപണം.
സ്വർണവും പണവും നൽകാമെന്ന് വാഗ്ദാനം ചെയ്തിട്ടും നൽകാത്തതിനാൽ വിവാഹത്തിനെത്തിയ വധു വരന്മാർ ഇക്കാര്യം ചോദിച്ചു. എന്നാൽ, സംഘാടകരെ കാണാനില്ലായിരുന്നെന്നാണ് വിവാഹത്തിനെത്തിയ യുവാവ് പറഞ്ഞത്. ഇത് കൂടാതെ, ചടങ്ങിനെത്തിയ വധുവരന്മാർക്ക് കുടിവെള്ളം പോലും ലഭിച്ചില്ലെന്നും റിപ്പോർട്ടുണ്ട്. പണവും സ്വർണവും നൽകാത്തിനെ തുടർന്നുണ്ടായ വാക് തർക്കം സംഘർഷത്തിലാണ് അവസാനിച്ചത്.
ചേർത്തല കേന്ദ്രമായി പ്രവർത്തിക്കുന്ന സൽസ്‌നേഹഭവൻ ചാരിറ്റബിൾ സൊസൈറ്റിക്കെതിരെയാണ് വിവാഹം ബഹിഷ്കരിച്ച വധുവരന്മാർ പരാതി നൽകിയത്. ചേർത്തല വാരനാട് അഖിലാജ്ഞലി ഓഡിറ്റോറിയത്തിലാണ് നാടകീയമായ രംഗങ്ങൾ നടന്നത്. സംഘാടനയുടെ രക്ഷാധികാരി ഡോ ബിജു കൈപ്പാറേഡൻ, പ്രസിഡന്‍റ് എ ആർ ബാബു, മറ്റ് ഭാരവാഹികളായ കെ അനിരുദ്ധൻ, സനിതസജി, അപർണ്ണ ഷൈൻകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമൂഹ വിവാഹത്തിനായുള്ള പ്രവർത്തനങ്ങൾ നടന്നത്. സമൂഹ വിവാഹത്തിൻ്റെ പേരിൽ വ്യാപകമായ പണപ്പിരിവ് നടന്നുവെന്നും ആക്ഷേപവും ഉയരുന്നുണ്ട്.
ആലപ്പുഴ ജില്ലയിലുള്ള സംഘാടകർ മറ്റ് ജില്ലയിൽ നിന്നാണ് ദമ്പതികളെ തിരഞ്ഞെടുത്തത്. 35 പേരുണ്ടായിരുന്ന സമൂഹവിവാഹത്തിൽ നിന്നും സംഘാടകർ കബളിപ്പിച്ചെന്ന് ആരോപിച്ച് 27 പേരാണ് പിന്മാറിയത്. ഇടുക്കി മുതുകാൻ മന്നൻ സമുദായത്തിൽ നിന്ന് മാത്രം 22 ദമ്പതികളാണ് സമൂഹവിവാഹത്തിനായെത്തിയത്.
What's Your Reaction?