മൂല്യവര്‍ധിത കാര്‍ഷിക ഉല്‍പന്നങ്ങള്‍ കയറ്റുമതി ചെയ്യാനൊരുങ്ങി സഹകരണ വകുപ്പ്‌

സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ മൂല്യവര്‍ധിത കാര്‍ഷിക ഉല്‍പന്നങ്ങള്‍ സംസ്‌ഥാനത്തുനിന്ന്‌ അമേരിക്ക, യൂറോപ്പ്‌ എന്നിവിടങ്ങളിലേക്ക്‌ കയറ്റുമതി ചെയ്യുന്നു.

Jun 25, 2024 - 11:47
 0  3
മൂല്യവര്‍ധിത കാര്‍ഷിക ഉല്‍പന്നങ്ങള്‍ കയറ്റുമതി ചെയ്യാനൊരുങ്ങി സഹകരണ വകുപ്പ്‌

കൊച്ചി: സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ മൂല്യവര്‍ധിത കാര്‍ഷിക ഉല്‍പന്നങ്ങള്‍ സംസ്‌ഥാനത്തുനിന്ന്‌ അമേരിക്ക, യൂറോപ്പ്‌ എന്നിവിടങ്ങളിലേക്ക്‌ കയറ്റുമതി ചെയ്യുന്നു.

ആദ്യ കയറ്റുമതി ഇന്നു രാവിലെ 10ന്‌ വല്ലാര്‍പാടം കണ്ടെയ്‌നര്‍ ട്രാന്‍സ്‌ഷിപ്പ്‌ ടെര്‍മിനലില്‍ സഹകരണ വകുപ്പ്‌ മന്ത്രി വി.എന്‍ വാസവന്‍ ഫ്‌ളാഗ്‌ ഓഫ്‌ ചെയ്യും.
സഹകരണ വകുപ്പ്‌ സെക്രട്ടറി ഡോ.രത്തന്‍ യു. ഖേല്‍ക്കര്‍, സഹകരണ വകുപ്പ്‌ രജിസ്‌ട്രാര്‍ ടി.വി സുഭാഷ്‌ തുടങ്ങിയവര്‍ പങ്കെടുക്കും. കേരളത്തിന്റെ കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്കു വിദേശ രാജ്യങ്ങളില്‍ വിപണി സ്‌ഥാപിക്കുന്നതിന്റെ ഭാഗമായാണിത്‌. ഗുണനിലവാരമുള്ള മൂല്യവര്‍ധിത കാര്‍ഷിക ഉല്‍പന്നങ്ങള്‍ സംസ്‌കരിച്ച്‌ കയറ്റുമതിക്കായി തയാറാക്കുന്നതിന്‌ 30 സഹകരണ സ്‌ഥാപനങ്ങളെയാണ്‌ തെരഞ്ഞെടുത്തിരിക്കുന്നത്‌. ഇതില്‍ മൂന്ന്‌ സഹകരണ സംഘങ്ങളില്‍ നിന്നുള്ള ഉല്‌പന്നങ്ങളാണ്‌ ആദ്യമായി കയറ്റുമതി ചെയ്യുന്നത്‌. അടുത്ത മാസം 30 സഹകരണ സ്‌ഥാപനങ്ങളുടെയും ഉല്‍പ്പന്നങ്ങള്‍ വിദേശ രാജ്യങ്ങളിലേക്ക്‌ കയറ്റുമതി ചെയ്യുന്നതിനാണു ലക്ഷ്യമിടുന്നത്‌.
വാരപ്പെട്ടി സഹകരണസംഘം ഉത്‌പാദിപ്പിച്ച മസാലയിട്ട മരച്ചീനി, ബനാന വാക്വം ഫ്രൈ, റോസ്‌റ്റഡ്‌ വെളിച്ചെണ്ണ, ഉണക്കിയ ചക്ക, കാക്കൂര്‍ സഹകരണസംഘത്തിന്റെ ശീതികരിച്ച മരച്ചീനി, ഉണക്കിയ മരച്ചീനി, തങ്കമണി സഹകരണസംഘത്തിന്റെ തേയിലപ്പൊടി എന്നിവയാണ്‌ ആദ്യമായി യു.എസ്‌.എയിലേക്കു കയറ്റുമതി ചെയ്യുന്നത്‌.
25 വര്‍ഷമായി കാര്‍ഷിക ഉല്‍പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്ന കോതമംഗലം ആസ്‌ഥാനമായുള്ള മഠത്തില്‍ എക്‌സ്പോര്‍ട്ടേഴ്‌സാണ്‌ ഉല്‍പന്നങ്ങള്‍ അമേരിക്കന്‍ വിപണിയിലെത്തിക്കാനുള്ള ചുമതല. കൂടുതല്‍ സഹകരണസംഘങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളുള്ള രണ്ടാമത്തെ ചരക്ക്‌ ജൂലൈ ആദ്യവാരം കയറ്റുമതി ചെയ്യും.

What's Your Reaction?

like

dislike

love

funny

angry

sad

wow