ബന്ദിപ്പൂരില്‍ മലയാളി യാത്രക്കാര്‍ക്കുനേരെ കാട്ടാന ആക്രമണം; രക്ഷപ്പെട്ടത് തലനാരിഴക്ക്

വനപാതകളിലൂടെയുള്ള യാത്രകളില്‍ ചില യാത്രക്കാർ നടത്തുന്ന നിയമലംഘനങ്ങള്‍ മറ്റു യാത്രക്കാരുടെ ജീവനുകൂടി ഭീഷണിയാവുന്നു.

Jun 30, 2024 - 11:36
 0  6
ബന്ദിപ്പൂരില്‍ മലയാളി യാത്രക്കാര്‍ക്കുനേരെ കാട്ടാന ആക്രമണം; രക്ഷപ്പെട്ടത് തലനാരിഴക്ക്

ബംഗളൂരു: വനപാതകളിലൂടെയുള്ള യാത്രകളില്‍ ചില യാത്രക്കാർ നടത്തുന്ന നിയമലംഘനങ്ങള്‍ മറ്റു യാത്രക്കാരുടെ ജീവനുകൂടി ഭീഷണിയാവുന്നു.

ബന്ദിപ്പൂർ, മുത്തങ്ങ, മുതുമല വനങ്ങളിലൂടെ കടന്നുപോകുന്ന പ്രധാന പാതകളില്‍ വനമേഖലയില്‍ വാഹനം നിർത്തുന്നതും മൃഗങ്ങളുടെ ഫോട്ടോയെടുക്കുന്നതും നിയമവിരുദ്ധമാണെന്നിരിക്കെ, ഇരു പാതയിലും ഇത് പതിവുകാഴ്ചയാണ്.

കഴിഞ്ഞ ദിവസം മൈസൂരു -ഊട്ടി പാതയില്‍ ബന്ദിപ്പൂരില്‍ മലയാളി യാത്രക്കാരന്റെ കാറിനുനേരെ കൊമ്ബനാന ആക്രമിക്കാനായി ഓടിയടുത്തു. ഭാഗ്യം കൊണ്ടാണ് ഇയാള്‍ രക്ഷപ്പെട്ടത്. എതിരെ വന്ന കർണാടക രജിസ്ട്രേഷനിലുള്ള കാറിലെ യാത്രക്കാരൻ ഫോട്ടോയെടുക്കാൻ വാഹനം നിർത്തി ആനക്കൂട്ടത്തെ പ്രകോപിപ്പിച്ചതാണ് ആക്രമണത്തിനിടയാക്കിയതെന്ന് രക്ഷപ്പെട്ട കാറിലെ യാത്രക്കാരൻ കോട്ടക്കല്‍ സ്വദേശി എ.പി. അനീസ് 'മാധ്യമ'ത്തോട് പറഞ്ഞു.

ബൊമ്മസാന്ദ്ര ജിഗനിയില്‍ ഇലക്‌ട്രോണിക്സ് കമ്ബനി ജീവനക്കാരനായ ഇദ്ദേഹം കഴിഞ്ഞ ദിവസം വൈകീട്ട് നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. വാഹനത്തില്‍ സുഹൃത്തും സുഹൃത്തിന്റെ രണ്ടു മക്കളുമാണ് കൂടെയുണ്ടായിരുന്നത്. വൈകീട്ട് ആറോടെ ഇവർ ബന്ദിപ്പൂർ -മുതുമല പാതയിലെത്തി.

ഈ സമയം റോഡരികില്‍ മൂന്നിടത്ത് ആനക്കൂട്ടത്തെ കണ്ടിരുന്നു. എന്നാല്‍, അവയൊന്നും യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നില്ല. എന്നാല്‍, മുതുമല വനാതിർത്തിയിലേക്ക് കടന്ന ശേഷം മറ്റൊരു ആനക്കൂട്ടത്തെ കണ്ടു. ഈ സമയം എതിരെ വന്ന കർണാടക രജിസ്ട്രേഷനിലുള്ള കാർ യാത്രക്കാരൻ കാർ നിർത്തി ഫോട്ടോയെടുക്കാൻ ശ്രമിച്ചു.

കൂട്ടത്തിലെ കൊമ്ബനാന പ്രകോപിതനായി കാറിനുനേരെ ചീറിയടുത്തു. അപകടം മുന്നില്‍ക്കണ്ട് ഇയാള്‍ വേഗത്തില്‍ വാഹനമോടിച്ചു പോയി.

ഇതോടെ മലയാളി യാത്രക്കാരന്റെ കാർ ആനയുടെ മുന്നില്‍പെട്ടു. ചീറിയടുത്ത ആനയില്‍നിന്ന് രക്ഷപ്പെടാൻ വണ്ടി വേഗത്തില്‍ പുറകോട്ടെടുക്കുകയായിരുന്നെന്നും ഭാഗ്യത്തിന് പിന്നില്‍ മറ്റു വാഹനങ്ങളില്ലാത്തതിനാല്‍ തങ്ങള്‍ വൻ അപകടത്തില്‍നിന്ന് രക്ഷപ്പെടുകയായിരുന്നെന്നും അനീസ് പറഞ്ഞു.

മയിലും മാൻകൂട്ടവും ആനക്കൂട്ടവും കാട്ടുപോത്തുകളും വനപാതയോരങ്ങളില്‍ തീറ്റതേടുന്നത് പതിവുകാഴ്ചയാണ്. ഇവയെ കാണാനും ഫോട്ടോയും വിഡിയോയും പകർത്താനുമായി വാഹനങ്ങള്‍ നിർത്തിയിടരുതെന്നാണ് വന നിയമം.

ഇത് ലംഘിക്കുന്നവർക്ക് കനത്ത പിഴയും നിയമം ശിപാർശ ചെയ്യുന്നു. വനപാതകളിലൂടെ യാത്ര ചെയ്യുന്ന വാഹനങ്ങളില്‍നിന്ന് യൂസർ ഫീ എന്ന പേരില്‍ പണം പിരിക്കാൻ ജാഗ്രത കാണിക്കുന്ന കർണാടക വനംവകുപ്പ്, ഇത്തരം നിയമലംഘനം പതിവാകുമ്ബോഴും കാര്യമായ നടപടിയെടുക്കുന്നില്ലെന്നാണ് ആക്ഷേപം.

What's Your Reaction?

like

dislike

love

funny

angry

sad

wow