വിദ്യാഭ്യാസം കുട്ടികളുടെ അവകാശമാണ്: ഫ്രാൻസിസ് പാപ്പാ
ഇറ്റലിയിലെ കത്തോലിക്കാ സ്‌കൂളുകളിലെ അധ്യാപകരും, അനധ്യാപകരും, മാതാപിതാക്കളും, മാനേജ്മെന്റും, ഫ്രാൻസിസ് പാപ്പായുമായി ജനുവരി മാസം നാലാം തീയതി കൂടിക്കാഴ്ച്ച നടത്തി
ഇറ്റാലിയൻ അധ്യാപക കൂട്ടായ്മയുടെ എൺപതാം വാർഷികത്തോടനുബന്ധിച്ചും, ഇറ്റലിയിലെ കത്തോലിക്കാ സ്‌കൂളിലെ മാതാപിതാക്കളുടെ കൂട്ടയ്മയുടെ അൻപതാം വാർഷികത്തോടനുബന്ധിച്ചും, ജനുവരി മാസം നാലാം തീയതി ഫ്രാൻസിസ് പാപ്പാ സ്വകാര്യ സദസ് അനുവദിച്ചു. തദവസരത്തിൽ, ആധുനികയുഗത്തിൽ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും, അവ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും പരാമർശിച്ചുകൊണ്ട് സന്ദേശം നൽകി.
സാമീപ്യം, അനുകമ്പ, ആർദ്രത എന്നീ മൂന്നു ഗുണങ്ങൾ ഉൾച്ചേർത്തതാണ് ദൈവത്തിന്റെ വിദ്യാഭ്യാസരീതിയെന്നും, ഇതിന്റെ ഓർമ്മയാണ് ക്രിസ്തുമസ് നമുക്ക് നൽകുന്നതെന്നും പാപ്പാ പറഞ്ഞു. ദാരിദ്ര്യത്തിന്റെയും ലാളിത്യത്തിന്റെയും ഒരു അവസ്ഥ തിരഞ്ഞെടുത്തുകൊണ്ട് ഈ ലോകത്തിൽ പിറന്ന യേശു, സ്നേഹത്തിന്റെ ഭാഷയിലൂടെയാണ് തന്റെ അധ്യാപനം നടത്തിയതെന്നു പരിശുദ്ധ പിതാവ് ഓർമ്മിപ്പിച്ചു. എന്നാൽ ആളുകളിൽ നിന്നും അകലെ ആയിരുന്നുകൊണ്ട് അധ്യാപനം നടത്തുന്നത്, ഉപയോഗശൂന്യമാണെന്നും, അത് ഒന്നിനും സഹായകരമാകുന്നില്ലെന്നും പറഞ്ഞ പാപ്പാ, മറ്റുള്ളവരോടുള്ള സ്നേഹത്തിലും സേവനത്തിലുമാണ് അധ്യാപനം സഫലമാകുന്നതെന്നും ചൂണ്ടിക്കാട്ടി.
ദൈവത്തിന്റെ അധ്യാപനശാസ്ത്രം ദാനത്തിന്റെതാണെന്നും, രണ്ടായിരം വർഷങ്ങൾക്ക് മുമ്പ് ഇടയന്മാരോട് പെരുമാറിയിരുന്നതുപോലെ, ഉപേക്ഷിക്കപ്പെട്ടവരിൽ നിന്ന് തുടങ്ങി ഓരോ വ്യക്തിയുടെയും അന്തസ്സ് തിരിച്ചറിയാനും കുട്ടിക്കാലം ഉൾപ്പെടെ ജീവിതത്തിന്റെ ഓരോ ഘട്ടത്തിന്റെയും മൂല്യം വിലമതിക്കാനുമുള്ള ഒരു ക്ഷണമാണ് ഈ അധ്യാപനശാസ്ത്രമെന്നും പാപ്പാ പറഞ്ഞു. ഈ അധ്യാപനത്തിന്റെ കേന്ദ്രസ്ഥാനം കുടുംബമാണെന്നു പറഞ്ഞ പാപ്പാ, അവിടെ നിലനിൽക്കേണ്ടുന്ന. സംഭാഷണത്തിന്റെ പ്രാധാന്യവും അടിവരയിട്ടു.
ഈ ജൂബിലി വർഷത്തിന്റെ പ്രാധാന്യവും പാപ്പാ തന്റെ സന്ദേശത്തിൽ ഓർമ്മപ്പെടുത്തി. "പ്രത്യാശയുടെ തീർഥാടകർ" എന്നത് തങ്ങളുടെ ജീവിതത്തിന് അർത്ഥം തേടുന്നവരും, ഈ പാതയിൽ നടക്കാൻ കുട്ടികളെ സഹായിക്കുന്നവരുമാണെന്നു പറഞ്ഞ പാപ്പാ, ഒരു നല്ല അധ്യാപകൻ പ്രത്യാശയുടെ വാഹകനാകണമെന്നും അടിവരയിട്ടു. അതിനാൽ വിദ്യാഭ്യാസ മേഖലയിൽ നിലനിൽക്കുന്ന ചൂഷണങ്ങൾ അവസാനിപ്പിക്കണമെന്നും, എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസത്തിനായുള്ള അവസരങ്ങൾ ഒരുക്കണമെന്നും പാപ്പാ എടുത്തു പറഞ്ഞു.
ബുദ്ധിമുട്ടുകളും പരാജയങ്ങളും നേരിടുമ്പോഴും, പ്രത്യാശ കൈവിടാതെ മുൻപോട്ടു നീങ്ങുവാൻ പാപ്പാ എല്ലാവരെയും ആഹ്വാനം ചെയ്തു. പ്രത്യാശ നമ്മെ നിരാശപ്പെടുത്തുന്നില്ലെന്നും, ആ പ്രത്യാശ സ്‌കൂളുകൾക്ക് ഏറെ ആവശ്യമാണെന്നും പാപ്പാ പറഞ്ഞു. സ്‌കൂളുകളിൽ കുട്ടികൾ പരസ്പരം നടത്തുന്ന ഭീഷണികളും, കളിയാക്കലുകളും ഒഴിവാക്കണമെന്നും പാപ്പാ ആവശ്യപ്പെട്ടു . മറിച്ച്, എല്ലാവരും പരസ്പരം സഹകരിച്ചുകൊണ്ട്, ഈ രംഗത്തിന്റെ മഹനീയത ഊട്ടിയുറപ്പിക്കുവാനും പാപ്പാ എല്ലാവരെയും ക്ഷണിച്ചു.
What's Your Reaction?