വിദ്യാര്‍ത്ഥികള്‍ക്കുള്ള സൈക്കിള്‍ വിതരണത്തിന് പൂട്ടിട്ട് സര്‍ക്കാര്‍

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴി നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് നല്കിവന്നിരുന്ന സൈക്കിള്‍ വിതരണത്തിന് പൂട്ടിട്ട് സംസ്ഥാന സര്‍ക്കാര്‍.

Jul 5, 2024 - 11:27
Jul 5, 2024 - 11:28
 0  3
വിദ്യാര്‍ത്ഥികള്‍ക്കുള്ള സൈക്കിള്‍ വിതരണത്തിന് പൂട്ടിട്ട് സര്‍ക്കാര്‍

കൊല്ലം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴി നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് നല്കിവന്നിരുന്ന സൈക്കിള്‍ വിതരണത്തിന് പൂട്ടിട്ട് സംസ്ഥാന സര്‍ക്കാര്‍.

മിക്ക സ്‌കൂളുകളിലും വാഹനമുണ്ടെന്നും പട്ടികവര്‍ഗ വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാവാഹിനി (ഗോത്രസാരഥി) പദ്ധതിയിലൂടെ യാത്രാസൗകര്യം ഒരുക്കുന്നുണ്ടെന്നുമാണ് ഇതുസംബന്ധിച്ചുള്ള ഉത്തരവില്‍ തദ്ദേശസ്വയംഭരണ വകുപ്പ് വ്യക്തമാക്കിയിരിക്കുന്നത്.

സൈക്കിള്‍ വാങ്ങുന്നതിനായി തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് വിഹിതം ചെലവഴിക്കാവുന്നതല്ലെന്നും അതിനായി പദ്ധതി ഏറ്റെടുക്കേണ്ടതില്ലെന്നും വകുപ്പ് ജോ. സെക്രട്ടറി നല്കിയ ഉത്തരവിലുണ്ട്. സംസ്ഥാനതല കോഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ശുപാര്‍ശപ്രകാരമാണ് തദ്ദേശവകുപ്പ് ഉത്തരവിറക്കിയത്.

2024-25 വാര്‍ഷിക ബജറ്റില്‍ സംസ്ഥാനത്തെ ഭൂരിഭാഗം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള സൈക്കിള്‍ വിതരണ പദ്ധതി ഉള്‍പ്പെടുത്തിയിരുന്നു. പു
തിയ ഉത്തരവ് പ്രകാരം ഈ പദ്ധതി നടപ്പാക്കാന്‍ സാധിക്കില്ല. വാഹന സൗകര്യമില്ലാത്തതിനാല്‍ സ്‌കൂളുകളിലെ കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കിയിരുന്നത്. ആദിവാസി മേഖലയിലാണ് കൂടുതലായി വിദ്യാര്‍ത്ഥികള്‍ക്ക് സൈക്കിളുകള്‍ വിതരണം ചെയ്തിരുന്നത്.

യാത്രാപ്രശ്‌നമാണ് കുട്ടികളുടെ കൊഴിഞ്ഞുപോക്കിന് ഒരു പ്രധാനകാരണമായി കണ്ടെത്തിയിരുന്നത്. ഇത് പരിഹരിക്കുക, പഠന രംഗത്ത് കുട്ടികളെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കിയിരുന്നത്. എട്ടാം ക്ലാസിലെത്തിയാല്‍ സൈക്കിള്‍ ലഭിക്കുമെന്ന ബോധം കുട്ടികളിലുണ്ടാക്കി എന്നും അവരെ സ്‌കൂളിലെത്തിക്കുക എന്നതും പദ്ധതിയുടെ ലക്ഷ്യമായിരുന്നു. ഇതിനാണ് ഇപ്പോള്‍ സര്‍ക്കാര്‍ തടയിട്ടിരിക്കുന്നത്. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ ഇപ്പോഴും മതിയായ യാത്രാ സൗകര്യമില്ല. അഞ്ഞൂറിലധികം വിദ്യാര്‍ത്ഥികള്‍ ഉള്ള സ്‌കൂളുകളില്‍ പോലും ഒന്നോ രണ്ടോ ബസുകള്‍ മാത്രമാണുള്ളത്. ആദിവാസി മേഖലയിലും വിദ്യാര്‍ത്ഥികള്‍ക്ക് മതിയായ യാത്രാ സൗകര്യമില്ല.

വിദ്യാവാഹിനി പദ്ധതിയില്‍ ഓടിയിരുന്ന ജീപ്പുകള്‍ക്ക് യഥാസമയം പണം നല്കാത്തതിനാല്‍ കഴിഞ്ഞ അധ്യയന വര്‍ഷം നിരവധി തവണയാണ് വാഹനഉടമകള്‍ സര്‍വീസ് നിര്‍ത്തിയത്. ഈ ദിവസങ്ങളിലൊന്നും ആ മേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളുകളില്‍ എത്താന്‍ സാധിച്ചിരുന്നില്ല. സാമ്ബത്തിക പ്രതിസന്ധി പരിഹരിക്കാന്‍ സാധാരണക്കാരായ വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ പോലും സംസ്ഥാന സര്‍ക്കാര്‍ കവര്‍ന്നെടുക്കുയാണെന്ന് ഒരു സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകന്‍ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow