ഷാരോൺ വധക്കേസ്: ഇനിയും പഠിക്കണമെന്ന് ഗ്രീഷ്മ, പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ; ശിക്ഷാ വിധി തിങ്കളാഴ്ച
പാറശ്ശാല ഷാരോണ്‍ വധകേസില്‍ ശിക്ഷാവിധി മാറ്റി.
പാറശ്ശാല ഷാരോണ്‍ വധകേസില്‍ ശിക്ഷാവിധി മാറ്റി. ഒന്നാം പ്രതി ഗ്രീഷ്മയ്ക്കും മൂന്നാം പ്രതിയും ഗ്രീഷ്മയുടെ അമ്മാവനുമായ നിര്‍മൽകുമാരന്‍ നായര്‍ക്കും തിങ്കളാഴ്ചയാണ് ശിക്ഷ വിധിക്കുക. ശിക്ഷാവിധി സംബന്ധിച്ച് പ്രോസിക്യൂഷൻ്റെയും പ്രതിഭാഗത്തിൻ്റെയും വാദം കേട്ടതിന് ശേഷമാണ് വിധി പ്രഖ്യാപിക്കുന്നത് കോടതി തിങ്കളാഴ്ചത്തേയ്ക്ക് മാറ്റിയത്. ഗ്രീഷ്മയും, മൂന്നാം പ്രതിയായ ഗ്രീഷ്മയുടെ അമ്മാവനും കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.
കേസില്‍ സമൂഹത്തിന് നല്ല സന്ദേശം ലഭിക്കത്തക്കവിധത്തിലുള്ള വിധിപ്രസ്താവം കോടതിയില്‍നിന്നുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രോസിക്യൂഷന്‍ അഭിഭാഷകന്‍ വിനീത് കുമാര്‍ പറഞ്ഞു. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ കുറ്റം തെളിഞ്ഞതാണെന്നും ഷാരോണിനെ മാത്രമല്ല, പ്രണയമെന്ന സങ്കല്‍പത്തെ തന്നെ പ്രതി ഗ്രീഷ്മ കൊലചെയ്തെന്നും പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി. അതേസമയം, ഗ്രീഷ്മയ്ക്ക് വധശിക്ഷ നൽകണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.
പ്രതി ഗ്രീഷ്മയക്ക് ക്രിമിനൽ പശ്ചാത്തലമില്ല എന്നത് പ്രസക്തമായ കാര്യമല്ലെന്ന് ഡി.വൈ.എസ്.പി ജോൺസൺ. ക്രിമിനൽ പശ്ചാത്തലം ഇല്ലാത്ത ഒരാൾ വളരെ
ആസൂത്രിതമായി ഈ കുറ്റകൃത്യം നടത്തി എന്നതാണ് പ്രസക്തമായ കാര്യം. ആസൂത്രണത്തോടെ കരുതലോടെ എല്ലാ വശങ്ങളും പരിശോധിച്ചാണ് കുറ്റം ചെയ്തത്. തെളിവ് നശിപ്പിക്കുന്നതിനും മറച്ച് വെക്കുന്നതിനും അന്വേഷണം തെറ്റിദ്ധരിപ്പിക്കുന്നതിനും വേണ്ടി എല്ലാ തരത്തിലുള്ള ബുദ്ധിയും പ്രതി ഉപയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ശിക്ഷയില്‍ പരമാവധി ഇളവ് വേണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. കേസില്‍ വധശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷന്‍ വാദത്തെ എതിര്‍ത്ത പ്രതിഭാഗം, എങ്ങനെ വധശിക്ഷ നല്‍കാനാകുമെന്നും കേസില്‍ സാഹചര്യത്തെളിവുകള്‍ മാത്രമേയുള്ളൂവെന്നും വാദിച്ചു. ഷാരോണ്‍ വധക്കേസിലെ ശിക്ഷാവിധിക്ക് മുമ്പ് നടന്ന വാദത്തിലാണ് പ്രതിഭാഗം ഇക്കാര്യം വ്യക്തമാക്കിയത്.
ഗ്രീഷ്മയോട് എന്തെങ്കിലും പറയാനുണ്ടോ എന്ന് കോടതി ചോദിച്ചു. തുടര്‍ന്ന് ഗ്രീഷ്മ കാര്യങ്ങള്‍ എഴുതിനല്‍കി. ഗ്രീഷ്മയെ ചേംബറിനടുത്തേക്ക് വിളിപ്പിച്ച കോടതി, കാര്യങ്ങള്‍ നേരിട്ട് ചോദിച്ചറിയുകയും ചെയ്തു.
ഇനിയും പഠിക്കണമെന്നും ശിക്ഷയില്‍ പരമാവധി ഇളവ് വേണമെന്നുമായിരുന്നു ഗ്രീഷ്മ കോടതിയോട് പറഞ്ഞത്. 24 വയസ്സേ പ്രായമുള്ളൂ. ഇനിയും പഠിക്കണം. പ്രായം പരിഗണിച്ച് ശിക്ഷയില്‍ പരമാവധി ഇളവുവേണം. തനിക്ക് മറ്റുക്രിമിനല്‍ പശ്ചാത്തലമില്ലെന്നും ഗ്രീഷ്മ കോടതിയില്‍ പറഞ്ഞു. വിദ്യാഭ്യാസരേഖകളും കോടതിക്ക് കൈമാറി.
What's Your Reaction?