വചനം പ്രഘോഷിക്കാനും, ദൈവവിശ്വാസത്തിലേക്ക് നയിക്കാനും വിളിക്കപ്പെട്ട ക്രിസ്തുശിഷ്യർ

യേശു തന്റെ ശിഷ്യന്മാരെ അനുതാപത്തിന്റെ സന്ദേശം പ്രസംഗിക്കുവാനും, പിശാചുക്കളെ പുറത്താക്കാനും, രോഗികളെ സുഖപ്പെടുത്താനുമായി അയക്കുന്ന സംഭവമാണ് വിശുദ്ധ മർക്കോസിന്റെ സുവിശേഷം ആറാം അദ്ധ്യായം

Jul 13, 2024 - 11:55
 0  3
വചനം പ്രഘോഷിക്കാനും, ദൈവവിശ്വാസത്തിലേക്ക് നയിക്കാനും വിളിക്കപ്പെട്ട ക്രിസ്തുശിഷ്യർ

യേശു തന്റെ ശിഷ്യന്മാരെ അനുതാപത്തിന്റെ സന്ദേശം പ്രസംഗിക്കുവാനും, പിശാചുക്കളെ പുറത്താക്കാനും, രോഗികളെ സുഖപ്പെടുത്താനുമായി അയക്കുന്ന സംഭവമാണ് വിശുദ്ധ മർക്കോസിന്റെ സുവിശേഷം ആറാം അദ്ധ്യായം ഏഴ് മുതൽ പതിമൂന്ന് വരെയുള്ള വാക്യങ്ങളിൽ നാം വായിക്കുന്നത്. വിശുദ്ധ മത്തായിയുടെ പത്താം അദ്ധ്യായത്തിലും, വിശുദ്ധ ലൂക്കായുടെ ഒൻപതാം അദ്ധ്യായത്തിലും നാം ഈയൊരു സംഭവം ചെറിയ വ്യത്യാസങ്ങളോടെ കാണുന്നുണ്ട്. ഇന്നത്തെ സുവിശേഷഭാഗത്തിന് തൊട്ടുമുൻപ് മർക്കോസ് എഴുതുന്നതുപോലെ, സ്വദേശത്ത് താൻ അവഗണിക്കപ്പെടുന്ന ഒരു സാഹചര്യത്തിൽ, യേശു ഗ്രാമപ്രദേശങ്ങളിൽ ചുറ്റിസഞ്ചരിച്ച് പഠിപ്പിക്കാൻ തുടങ്ങി. ആ സമയത്തുതന്നെയാണ് ദൈവപുത്രനായ യേശു, തന്റെ ശിഷ്യന്മാരെ സൗഖ്യപ്പെടുത്താനും, രക്ഷയിലേക്ക് നയിക്കാനുമുള്ള ദൗത്യം നൽകി അയക്കുന്നത്.

ഒരുക്കത്തിന്റെ നാളുകൾ

യേശു തന്റെ ശിഷ്യന്മാരെ പ്രത്യേക ദൗത്യം നൽകി അയക്കുന്നത്, അവരെ വിളിച്ച്, തന്നോട് കൂടെ നിറുത്തി, ഒരുക്കി തയ്യാറാക്കിയതിന് ശേഷമാണെന്ന് വിശുദ്ധ മർക്കോസിന്റെ തന്നെ സുവിശേഷത്തിൽ നമുക്ക് കാണാൻ സാധിക്കും. മർക്കോസിന്റെ സുവിശേഷം ഒന്നാം അദ്ധ്യായം പതിനാറുമുതൽ ഇരുപത് വരെയുള്ള വാക്യങ്ങളിൽ ഈയൊരു ദൗത്യത്തിലേക്കുള്ള ആദ്യഭാഗമായ, ആദ്യശിഷ്യന്മാരുടെ വിളി നമുക്ക് കാണാം. മീൻപിടുത്തക്കാരായിരുന്ന ശിമെയോനെയും അന്ത്രയോസിനെയും വിളിക്കുന്ന യേശു അവരോട് പറയുന്നു: "എന്നെ അനുഗമിക്കുവിൻ, ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും" (മർക്കോസ് 1, 17).

തന്റെ കൂടെ സഞ്ചരിക്കാനായി വിളിച്ച മനുഷ്യരിൽനിന്ന് പന്ത്രണ്ട് അപ്പസ്തോലന്മാരെ പ്രത്യേകമായി തിരഞ്ഞെടുത്ത്, അവരെ പ്രത്യേക ദൗത്യത്തിനായി തയ്യാറാക്കുന്നത് വിശുദ്ധ മർക്കോസിന്റെ സുവിശേഷം മൂന്നാം അദ്ധ്യായത്തിൽ നാം കാണുന്നുണ്ട്. അവർക്കുള്ള ദൗത്യം കൃത്യമായി മർക്കോസ് രേഖപ്പെടുത്തുന്നുണ്ട്: "തന്നോടുകൂടി ആയിരിക്കുന്നതിനും, പ്രസംഗിക്കാൻ അയക്കുന്നതിനും, പിശാചുക്കളെ ബഹിഷ്‌ക്കരിക്കാൻ അധികാരം നൽകുന്നതിനുമായി അവൻ പന്ത്രണ്ടുപേരെ നിയോഗിച്ചു" (മർക്കോസ് 3, 14-13). അങ്ങനെ, പ്രത്യേകമായി വിളിച്ച്, വേർതിരിച്ച്, കൂടെ നിറുത്തി തയ്യാറാക്കി, പ്രസംഗിക്കാനും പിശാചുക്കളെ പുറത്താക്കാനും അധികാരമേകി, നിയോഗം നൽകിയാണ് യേശു തന്റെ ശിഷ്യന്മാരെ അയക്കുന്നത്. പിതാവായ ദൈവം ക്രിസ്തുവിന് നൽകിയ നിയോഗമാണ് ക്രിസ്തുശിഷ്യന്മാർക്ക് തുടരാനുള്ളത്.

വ്യത്യസ്തമായ നിയോഗം

വിശുദ്ധ മത്തായിയുടെയും (മത്തായി 10, 1-15) ലൂക്കായുടെയും (ലൂക്കാ 10, 1-12) സുവിശേഷങ്ങളിൽനിന്ന് ചില വ്യത്യാസങ്ങളോടെയാണ് യേശു തന്റെ ശിഷ്യന്മാരെ പ്രസംഗത്തിനും, സൗഖ്യപ്പെടുത്തലിനുമായി അയക്കുന്നതിനെക്കുറിച്ച് വിശുദ്ധ മർക്കോസ് എഴുതുകയെന്ന് നമുക്ക് കാണാം. ചേരിപ്പോ വടിയോ (മത്തായി 10, 10; ലൂക്കാ 10, 4) കൊണ്ടുപോകുന്നതിനെതിരായി മർക്കോസിന്റെ സുവിശേഷത്തിലെ യേശു ഒന്നും പറയുന്നില്ല. വിശുദ്ധ മത്തായിയുടെ സുവിശേഷത്തിലെ യേശു, തന്റെ ശിഷ്യരോട് വിജാതീയരുടെ അടുത്തേക്ക് പോകരുതെന്നും, സമരിയക്കാരുടെ പട്ടണത്തിൽ പ്രവേശിക്കരുതെന്നും (മത്തായി 10, 5), പറയുമ്പോൾ, മർക്കോസ് അതിനെക്കുറിച്ച് പരാമർശിക്കുന്നില്ല. വിശുദ്ധ ലൂക്കായാകട്ടെ, താൻ പോകാനിരുന്ന എല്ലാ പട്ടണങ്ങളിലേക്കും നാട്ടിൻപുറങ്ങളിലേക്കുമാണ് യേശു തന്റെ ശിഷ്യന്മാരെ അയക്കുന്നതെന്ന് എഴുതുന്നുണ്ട്. ആദിമസഭയിൽ ഉണ്ടായിരുന്ന ചില മാറ്റങ്ങളെ ഉൾക്കൊണ്ടാകാം വിശുദ്ധ മർക്കോസ് തന്റെ സുവിശേഷത്തിൽ വിശുധ് മത്തായിയും ലൂക്കായും എഴുതിയിരുന്ന കാര്യങ്ങളിൽനിന്ന് വ്യത്യസ്തമായി ഇവിടെ എഴുതുക എന്നാണ് സുവിശേഷവ്യഖ്യാതാക്കൾ ഇതേക്കുറിച്ച് പറയുക.

ദൈവത്തിൽ ആശ്രയിച്ചുള്ള ജീവിതം

യേശു തന്റെ ശിഷ്യരെ സുവിശേഷം പ്രഘോഷിക്കാനും, പിശാചുക്കളെ പുറത്താകാനുമായി അയക്കുന്ന സംഭവത്തെക്കുറിച്ച് മൂന്ന് സുവിശേഷകരും ഒരുപോലെ എഴുതിവയ്ക്കുന്ന പ്രധാനപ്പെട്ട ഒരു കാര്യം, ദൈവത്തിൽ പൂർണ്ണമായി വിശ്വാസമർപ്പിച്ഛ്, അവനേകുന്ന ഉറപ്പിൽ ധൈര്യപ്പെട്ട് മുന്നോട്ടുപോകാനുള്ള ഒരു വിളിയാണ്. ദൈവത്തിനായി ജീവിതം സമർപ്പിക്കുകയും, അവനുവേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്നവർക്ക്, ലൗകികമായ കരുതലുകൾ ഏറെ ആവശ്യമില്ലെന്ന ഒരു സന്ദേശം ഈ സുവിശേഷങ്ങൾ മൂന്നും കൃത്യമായി നൽകുന്നുണ്ട്. അപ്പമോ, സഞ്ചിയോ, പണമോ, കൂടുതൽ വസ്ത്രങ്ങളോ കരുതേണ്ട ആവശ്യമില്ല. ഈ നിർദ്ദേശങ്ങൾക്ക് രണ്ട് അർത്ഥങ്ങളുണ്ട്. ഒന്നാമതായി, നാം മുൻപ് കണ്ടതുപോലെ, ദൈവത്തിൽ ശരണപ്പെട്ട ഒരു ജീവിതമായിരിക്കണം അവരുടേത് എന്നതുതന്നെയാണ്. അഞ്ചപ്പവും രണ്ടു മീനും കൊണ്ട് ആയിരങ്ങളെ തീറ്റിപ്പോറ്റിയവൻ, (മർക്കോസ് 6, 35-44; മത്തായി 14, 13-21; ലൂക്ക 9, 10-17; യോഹന്നാൻ 6, 1-14), താൻ വിളിച്ച്, തയ്യാറാക്കി അയച്ചവരുടെ കാര്യത്തിൽ ശ്രദ്ധാലുവാകില്ലേ? എന്നാൽ രണ്ടാമത്തെ ഒരർത്ഥം അവരുടെ വിളിയുമായി ബന്ധപ്പെട്ടതാണ്. ഒരു ക്രിസ്തുശിഷ്യന്റെ, സുവിശേഷപ്രഘോഷകന്റെ പ്രഥമവും പ്രധാനപ്പെട്ടതുമായ കടമ, യേശുവിനെ അറിയിക്കുക, അവന്റെ നാമത്തിൽ സൗഖ്യപ്പെടുത്തുക, രക്ഷയിലേക്ക് നയിക്കുക എന്നതാണ്. വസ്തുവകകളും, ഭക്ഷണപദാർത്ഥങ്ങളും നേടുന്നതിനെക്കുറിച്ചും, അവ സമാഹരിച്ച് കൂട്ടിവയ്ക്കുന്നതിനെക്കുറിച്ചും ചിന്തിച്ച്, ഓടിനടന്ന് കളയാനുള്ളതല്ല, ദൈവത്താൽ വിളിച്ച്, അയക്കപ്പെട്ടവന്റെ സമയം.

പ്രതികരണങ്ങളും പ്രതിഫലങ്ങളും പ്രതീക്ഷിക്കാത്ത ജീവിതം

ക്രിസ്‌തുശിഷ്യരുടെ ജീവിതത്തിലും, പ്രവർത്തനങ്ങളിലും ഉണ്ടായിരിക്കേണ്ട മറ്റൊരു പ്രത്യേകതയെക്കുറിച്ച് സമാന്തരസുവിശേഷങ്ങൾ മൂന്നും നമ്മോട് പറയുന്ന മറ്റൊരു പ്രത്യേകത, പ്രതിഫലമോ, നല്ല സ്വീകരണമോ പ്രതീക്ഷിച്ചല്ല ക്രിസ്‌തുവിന്റെ ശിഷ്യർ ആരും യേശുവിന്റെ വചനം അറിയിക്കാനായി മുന്നോട്ടിറങ്ങേണ്ടത് എന്നാണ്. സൗജന്യമായി ദൈവത്തിൽനിന്ന് ലഭിച്ച വിളിയും അനുഗ്രഹങ്ങളും, അവയുടെ അമൂല്യത തിരിച്ചറിയുമ്പോഴും, സൗജന്യമായി മറ്റുള്ളവർക്ക് നൽകുക എന്നതാണ് ഓരോ ക്രിസ്തുശിഷ്യന്റെയും കടമ. വചനം പ്രഘോഷിക്കുക, രക്ഷയിലേക്ക് നയിക്കുക, സൗഖ്യപ്പെടുത്തുക എന്നിവയാണ് ഒരു ശിഷ്യന്റെ കടമ.

ഏതെങ്കിലും സ്ഥലത്ത് ഒരു വീട്ടിൽ പ്രവേശിച്ചാൽ, അവിടം വിട്ടു പോകുന്നതുവരെ ആ വീട്ടിൽ താമസിക്കാനും യേശു തന്റെ ശിഷ്യർക്ക് നിർദ്ദേശം നൽകുന്നത് നാം കാണുന്നുണ്ട്. തനിക്ക് ദൈവം തന്നിരിക്കുന്ന നിയോഗം മറന്ന്, തന്റെ സന്തോഷം ലക്‌ഷ്യം വച്ച്, മെച്ചപ്പെട്ട സൗകര്യങ്ങൾ തേടി ഇറങ്ങേണ്ടവനല്ല ക്രിസ്തുശിഷ്യൻ. തനിക്ക് ആതിഥ്യമരുളിയ ആതിഥേയനോടുള്ള ബഹുമാനം കൂടിയാണ്, ഒരു വീട്ടിൽ തുടരുന്നതുവഴി ശിഷ്യൻ വെളിവാക്കുന്നത്.

അനുതാപത്തിനും, തിന്മയുടെ അടിമത്തത്തിൽനിന്നുള്ള മോചനത്തിനും ശിഷ്യർ ക്രിസ്തുവിന്റെ നാമത്തിൽ നൽകുന്ന വിളി സ്വീകരിക്കാത്തവർക്കെതിരെ സാക്ഷ്യത്തിനായി കാലിലെ പൊട്ടി തട്ടിക്കളയാനും യേശു ശിഷ്യരോട് ആവശ്യപ്പെടുന്നുണ്ട്. പിശാചിന്റെ അടിമത്തത്തിൽനിന്ന്, പാപങ്ങളിൽനിന്നും പാപമാർഗ്ഗത്തിൽനിന്നും മാറി, അനുരഞ്ജനപ്പെട്ട് ക്രിസ്‌തുവിന്റെ മാർഗ്ഗത്തിൽ സഞ്ചരിക്കാനുള്ള ക്ഷണം സ്വീകരിക്കാത്തവരുടെ സ്വന്തമായതെല്ലാം, കാലിലെ പൊടി പോലും തട്ടിക്കളയുക. ക്രിസ്തുവിന്റെ ശിഷ്യർക്ക് പാപവുമായി ബന്ധമരുതെന്ന് ഈ വചനം നമ്മെ ഉദ്ബോധിപ്പിക്കുന്നുണ്ട്.

ക്രിസ്തുവിൽ തിരഞ്ഞെടുക്കപ്പെട്ടവർ

പിതാവായ ദൈവം ക്രിസ്തുവിലൂടെ നമ്മെ തന്റെ മക്കളായി തിരഞ്ഞെടുത്തതിനെക്കുറിച്ചും, അവനിലൂടെ നമുക്ക് പാപമോചനവും, അവന്റെ രക്തം വഴി രക്ഷയും നൽകിയിരുന്നെന്നും, സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാറ്റിനെയും ക്രിസ്തുവിൽ ഒന്നിപ്പിക്കുന്നതിനുവേണ്ടിയാണ് ഇതെന്നും ഇന്നത്തെ രണ്ടാം വായനയിൽ, വിശുദ്ധ പൗലോസ് എഫേസൂസ്‌കാർക്കെഴുതിയ ലേഖനം ഒന്നാം അദ്ധ്യായത്തിൽ (എഫേസൂസ്‌ 1, 3-13) നാം കാണുന്നുണ്ട്. ലോകസ്ഥാപനത്തിനുമുൻപുതന്നെ ദൈവം ക്രിസ്തുവിൽ തിരഞ്ഞെടുത്തവരാണ് നാമെന്ന് പൗലോസ് തന്റെ ലേഖനത്തിലൂടെ നമ്മെ ഓർമ്മിപ്പിക്കുന്നു.

ആമോസ് പ്രവാചകന്റെ പുസ്തകത്തിൽനിന്നുള്ള ഒന്നാം വായനയിലാകട്ടെ, താൻ ഒരു പ്രവാചകനല്ലതിരുന്നിട്ടും, ആടിനെ മേയിച്ചു നടന്ന തന്നെ കർത്താവ്, ഇസ്രായേൽജനത്തോട് പ്രവചിക്കാനായി വിളിച്ചതിനെക്കുറിച്ച് പ്രവാചകൻ പറയുന്നുണ്ട്.

ഓരോ ക്രിസ്തുശിഷ്യർക്കും, ക്രൈസ്തവരായ നമുക്കോരോരുത്തർക്കുമുള്ള ദൈവവിളിയെക്കുറിച്ചാണ് ഇന്ന് തിരുവചനം നമ്മെ ഓർമ്മിപ്പിക്കുന്നത്. ദൈവത്തിന് പ്രഥമസ്ഥാനം കൊടുക്കുക, ദൈവത്തെക്കുറിച്ച് ജീവിതം കൊണ്ട് പ്രഘോഷിക്കുവാൻ ശ്രമിക്കുക. ഭൗമികസാമ്പത്തിനെക്കുറിച്ചോ, ലോകത്തിന്റെ ഇഷ്ടാനിഷ്ടങ്ങളെക്കുറിച്ചോ ചിന്തിച്ച് സമയം കളയാതെ, ഓരോ നിമിഷവും ദൈവത്തിന് സമർപ്പിക്കുക. പാപത്തിൽനിന്ന് അകന്ന്, അനുതാപത്തോടെ ദൈവത്തിലേക്ക് തിരികെ വരിക. അവന്റെ അപ്പസ്തോലന്മാരായി, അയക്കപ്പെട്ടവരായി ജീവിക്കുക.

What's Your Reaction?

like

dislike

love

funny

angry

sad

wow