എൻ എം വിജയൻ്റെ ആത്മഹത്യ: എൻ ഡി അപ്പച്ചനും കെ കെ ഗോപിനാഥനും അറസ്റ്റിൽ

കേസിലെ ഒന്നാം പ്രതിയായ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ.യ്ക്ക് നിയമസഭ സമ്മേളിക്കുന്നതിനാൽ ഇളവുനൽകിയിരുന്നു

Jan 22, 2025 - 23:27
 0  3
എൻ എം വിജയൻ്റെ ആത്മഹത്യ: എൻ ഡി അപ്പച്ചനും കെ കെ ഗോപിനാഥനും അറസ്റ്റിൽ

വയനാട് ഡി സി സി ട്രഷറർ ആയിരുന്ന എൻ.എം.വിജയൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തു. കേസിൽ പ്രതി ചേർക്കപ്പെട്ട ഡിസിസി പ്രസിഡന്‍റ് എൻ.ഡി.അപ്പച്ചൻ, മുൻ ട്രഷറർ കെ.കെ.ഗോപിനാഥൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നേരത്തെ മുൻകൂർ ജാമ്യം ലഭിച്ച ഇരുവരെയും പിന്നീട് ജാമ്യത്തിൽ വിട്ടു. രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷമാണ് ഇവരെ അറസ്റ്റ് ചെയ്തത്.

കേസിൽ പ്രതിയായ കോൺഗ്രസ് നേതാക്കൾ കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടിയിരുന്നു. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ എൻ.ഡി. അപ്പച്ചനെയും കെകെ.ഗോപിനാഥനെയും ചോദ്യം ചെയ്തിരുന്നു. കേസിലെ ഒന്നാം പ്രതിയായ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ.യ്ക്ക് നിയമസഭ സമ്മേളിക്കുന്നതിനാൽ ഇളവുനൽകിയിരുന്നു. 23, 24, 25 തീയതികളിൽ എം.എൽ.എ. ചോദ്യംചെയ്യലിന് ഹാജരാകും.

ഇന്നലെ ചോദ്യം ചെയ്യുന്നതിനിടെ എൻ.ഡി. അപ്പച്ചനെയും കൂട്ടി പോലീസ് ഡിസിസി ഓഫിസിലെത്തി പരിശോധന നടത്തിയിരുന്നു. ആദ്യ ദിവസം ചോദ്യം ചെയ്യലിനിടെ കെകെ.ഗോപിനാഥന്റെ വീട്ടിൽ നിന്നും ചില രേഖകൾ പൊലീസ് ശേഖരിച്ചിരുന്നു. പൊലീസ്, ക്രൈംബ്രാഞ്ച് സംയുക്ത സംഘമാണ് അന്വേഷണം നടത്തുന്നത്.

അതേ സമയം, സഹകരണസ്ഥാപനങ്ങളിലെ നിയമനത്തട്ടിപ്പുമായി ബന്ധപ്പെട്ട് സഹകരണ വകുപ്പ് അന്വേഷണം ആരംഭിച്ചു. ബത്തേരി അര്‍ബന്‍ ബാങ്ക്, കാര്‍ഷിക ഗ്രാമവികസന ബാങ്ക്, സര്‍വീസ് സഹകരണ ബാങ്ക്, പൂതാടി സര്‍വീസ് സഹകരണ ബാങ്ക്, മടക്കിമല സര്‍വീസ് സഹകരണ ബാങ്ക് എന്നിവിടങ്ങളിലെ നിയമനങ്ങളെ കുറിച്ചാണ് അന്വേഷണം. 30 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ബത്തേരി അസിസ്റ്റന്റ് റജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കിയത്. എന്‍.എം. വിജയന്‍റെ ബാധ്യതകളെ കുറിച്ച് റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശമുണ്ട്.

വിജയനും മകൻ ജിജേഷും ആത്മഹത്യ ചെയ്ത കേസിലാണ് ഐ.സി. ബാലകൃഷ്ണൻ, എൻ.ഡി. അപ്പച്ചൻ, ഡി.സി.സി. മുൻ ട്രഷറർ കെ.കെ. ഗോപിനാഥ്, തുടങ്ങിയവരെ പ്രതികളാക്കി പോലീസ് കേസെടുത്തത്. കെ.പി.സി.സി. പ്രസിഡന്റിന് നൽകാൻ വിജയൻ എഴുതിയ കത്തിൽ ഇവരുടെ പേരുകൾ പരാമർശിച്ചിരുന്നുവെന്നാണ് പറയുന്നത്. പോലീസ് അന്വേഷണത്തിൽ ലഭിച്ച മൊഴികളും നേതാക്കളെ പ്രതിചേർക്കുന്നതിലേക്ക് നയിച്ചതായാണ് വിവരം.

പ്രത്യേക അന്വേഷണസംഘം മേധാവി ബത്തേരി ഡിവൈ.എസ്. പി. കെ.കെ. അബ്ദുൾ ഷെരീഫിൻറെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. എൻ.എം. വിജയന്‍റെ കത്തുകളിലെയും ഡയറിക്കുറിപ്പിലെയും പേര് പരാമർശവുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യങ്ങളെന്നാണ് സൂചന.

What's Your Reaction?

like

dislike

love

funny

angry

sad

wow