എ.ഡി.എം നവീൻ ബാബുവിന്‍റെ മരണം: പി.പി. ദിവ്യയെ പ്രതിചേര്‍ത്തു, ചുമത്തിയത് ആത്മഹത്യ പ്രേരണാക്കുറ്റം
എ.ഡി.എം നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തില്‍ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യയെ പ്രതിചേർത്ത് അന്വേഷണ സംഘം കോടതിയില്‍ റിപ്പോർട്ട് നല്‍കി.
കണ്ണൂർ: എ.ഡി.എം നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തില്‍ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യയെ പ്രതിചേർത്ത് അന്വേഷണ സംഘം കോടതിയില്‍ റിപ്പോർട്ട് നല്‍കി.
നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തില്‍ കഴിഞ്ഞ ദിവസം രജിസ്റ്റർ ചെയ്ത അസ്വാഭാവിക മരണത്തിനുള്ള കേസിലാണ് ദിവ്യയെ പ്രതിചേർത്തത്. ജാമ്യമില്ലാ വകുപ്പുപ്രകാരമുള്ള കുറ്റത്തിന് പത്തു വർഷം വരെ തടവു ശിക്ഷ ലഭിക്കാം. കേസുമായി ബന്ധപ്പെട്ട് കണ്ണൂർ കലക്ടറേറ്റ് ജീവനക്കാരില്‍നിന്ന് ഉള്‍പ്പെടെ മൊഴിയെടുത്തിരുന്നു. ഇതിന്‍റെ കൂടി അടിസ്ഥാനത്തിലാണ് ദിവ്യയെ പ്രതി ചേർത്തത്.
അതേസമയം കണ്ണൂരില്‍ സി.പി.എമ്മിന്‍റെ അവയിലബിള്‍ സെക്രട്ടേറിയറ്റ് യോഗം പുരോഗമിക്കുകയാണ്. യോഗത്തിനു ശേഷം ദിവ്യക്കെതിരെ പാർട്ടി നടപടി സ്വീകരിച്ചേക്കുമെന്ന് വിവരമുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് ദിവ്യയെ നീക്കണോ എന്ന കാര്യമുള്‍പ്പെടെ ചർച്ചയാകും. എന്നാല്‍ സംഘടനാതലത്തിലുള്ള നടപടി സ്വീകരിക്കാനുള്ള സാധ്യത കുറവാണെന്നും സൂചനയുണ്ട്.
നേരത്തെ പി.പി. ദിവ്യക്കെതിരെ മനുഷ്യാവകാശ കമീഷൻ കേസെടുത്തിരുന്നു. നിയമപരമായ നടപടികള്‍ ആവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിലാണ് കമീഷൻ കേസെടുത്തത്. ജില്ലാ കലക്ടറും ജില്ലാ പൊലീസ് മേധാവിയും പരാതി പരിശോധിച്ച് രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. നവംബർ 19 ന് കണ്ണൂർ ഗവ.ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിങ്ങില്‍ കേസ് പരിഗണിക്കും.
എ.ഡി.എമ്മിന് ജീവനക്കാർ നല്‍കിയ യാത്രയയപ്പ് സമ്മേളനത്തില്‍ ക്ഷണിക്കപ്പെടാതെ എത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ഡി.എമ്മിനെ അഴിമതിക്കാരനാക്കിയെന്നാണ് പരാതി. പ്രസിഡന്റിന്റെ നടപടി തീർത്തും നിയമ വിരുദ്ധമാണെന്നും നവീൻബാബുവിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് പരാതിക്കാരൻ ആവശ്യപ്പെട്ടു. മനുഷ്യാവകാശ പ്രവർത്തകനായ അഡ്വ. വി. ദേവദാസ് നല്‍കിയ പരാതിയിലാണ് നടപടി.
ചൊവ്വാഴ്ച രാവിലെയാണ് കണ്ണൂർ എ.ഡി.എം കെ. നവീൻ ബാബുവിനെ പള്ളിക്കുന്നിലെ കോർട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കണ്ണൂരില്‍നിന്ന് സ്വദേശമായ പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റം ലഭിച്ച നവീൻ ബാബുവിന് തിങ്കളാഴ്ച കണ്ണൂർ കലക്ടറേറ്റ് കോണ്‍ഫറൻസ് ഹാളില്‍ യാത്രയയപ്പ് നല്‍കിയിരുന്നു. ഈ ചടങ്ങില്‍ പി.പി. ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് പിറ്റേന്ന് നവീൻ ബാബുവിനെ മരിച്ച നിലയില്‍ കണ്ടത്.
യാത്രയയപ്പ് യോഗത്തില്‍ ക്ഷണിക്കാതെയാണ് പി.പി. ദിവ്യ എത്തിയത്. എ.ഡി.എമ്മിനെക്കുറിച്ച് എല്ലാവരും സംസാരിക്കുന്നതിനിടെ അപ്രതീക്ഷിതമായി കയറിവന്ന ജില്ല പഞ്ചായത്ത് പ്രസിഡന്റ്, ചെങ്ങളായിയില്‍ പെട്രോള്‍ പമ്ബിന് അനുമതി നല്‍കുന്നത് മാസങ്ങളോളം വൈകിപ്പിച്ച എ.ഡി.എമ്മിന്റെ നടപടിയില്‍ വിമർശനം ഉന്നയിച്ചിരുന്നു. സ്ഥലംമാറ്റം വന്നതിനുശേഷം രണ്ടുദിവസം മുമ്ബ് അനുമതി നല്‍കിയെന്നും അത് എങ്ങനെയാണെന്ന് തനിക്കറിയാമെന്നും പറഞ്ഞ ദിവ്യ, രണ്ട് ദിവസത്തിനകം വിവരങ്ങള്‍ പുറത്തുവിടുമെന്നും പറഞ്ഞിരുന്നു.
What's Your Reaction?