വിശുദ്ധ കുർബാനയിലെ ക്രിസ്തു സാന്നിധ്യം ദാനവും, പൂർത്തീകരണവുമാണ്: കർദിനാൾ താഗ്ലെ

അമേരിക്കയിലെ ഇൻഡ്യാനോപോളിസിൽ നടന്ന ദേശീയ ദിവ്യകാരുണ്യകോൺഗ്രസിന്റെ അവസരത്തിൽ, ജൂലൈ മാസം ഇരുപത്തിയൊന്നാം തീയതി നടന്ന വിശുദ്ധ ബലിയർപ്പണത്തിനു കർദിനാൾ അന്തോണിയോ താഗ്ലെ മുഖ്യകാർമ്മികത്വം വഹിക്കുകയും, വചന സന്ദേശം നൽകുകയും ചെയ്‌തു.

Jul 23, 2024 - 11:23
 0  2
വിശുദ്ധ കുർബാനയിലെ ക്രിസ്തു സാന്നിധ്യം ദാനവും, പൂർത്തീകരണവുമാണ്: കർദിനാൾ താഗ്ലെ

ഇൻഡ്യാനപൊളിസിലെ ലൂക്കാസ് ഓയിൽ മൈതാനത്തിൽ നടന്ന അമേരിക്കൻ ദിവ്യകാരുണ്യ കോൺഗ്രസിന്റെ സമാപന ദിനത്തിൽ , സുവിശേഷവത്ക്കരണത്തിനായുള്ള ഡികാസ്റ്ററിയുടെ പ്രൊ-പ്രീഫെക്ട് കർദിനാൾ അന്തോണിയോ ലൂയിസ് താഗ്ലെ, പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പായുടെ പ്രത്യേക പ്രതിനിധിയായി സംബന്ധിക്കുകയും, വിശുദ്ധ കുർബാനയർപ്പിച്ച്, വചന സന്ദേശം നൽകുകയും ചെയ്തു. തന്റെ സന്ദേശത്തിന്റെ ആരംഭത്തിൽ, ഫ്രാൻസിസ് പാപ്പായുടെ പ്രത്യേക ആശംസകൾ വിശ്വാസികളെ അറിയിക്കുകയും, 'വിശുദ്ധ കുർബാനയിലേക്കുള്ള വിശ്വാസികളുടെ പരിവർത്തനമാണ്', പാപ്പായുടെ ആഗ്രഹമെന്ന് എടുത്തു പറയുകയും ചെയ്തു.

ദേശീയ ദിവ്യകാരുണ്യ കോൺഗ്രസിന്റെ വിചിന്തനത്തിനായി എടുത്തിരിക്കുന്ന യോഹന്നാന്റെ സുവിശേഷം ആറാം അധ്യായത്തെ ആസ്പദമാക്കിയാണ് കർദിനാൾ തന്റെ സന്ദേശം വിശ്വാസികൾക്ക് സമർപ്പിച്ചത്. ജീവന്റെ അപ്പമായി ഈ ലോകത്തിലേക്ക് കടന്നുവന്ന യേശുവിന്റെ പ്രധാന ദൗത്യം, തന്റെ പിതാവിന്റെ ഹിതപൂർത്തീകരണമായിരുന്നുവെന്നും, ഈ ദൗത്യത്തിന്റെ പൂർത്തീകരണം, തന്നെത്തന്നെ സമർപ്പിച്ചുകൊണ്ടാണ് അവൻ പൂർത്തിയാക്കിയതെന്നും കർദിനാൾ പറഞ്ഞു. അതിനാൽ, വിശുദ്ധ കുർബാനയിലുള്ള യേശുവിന്റെ സാന്നിധ്യം, ദാനവും, തന്റെ ഇഹലോക ദൗത്യത്തിന്റെ പൂർത്തീകരണവുമാണെന്ന് കർദിനാൾ അടിവരയിട്ടു പറഞ്ഞു.ഈ ദൗത്യമാണ് വിശുദ്ധ കുർബാനയുടെ അവസരത്തിൽ വിശ്വാസികൾ എല്ലാവരും ജീവിതത്തിൽ സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ ഇന്നത്തെ ലോകത്തിൽ, ഇപ്രകാരം ദൗത്യനിർവ്വഹണത്തിനുള്ള തീക്ഷ്ണത കുറഞ്ഞു വരുന്നത്  അപകടമാണ്. ഇത് ജീവിതത്തിൽ നമുക്ക് ദാനമായി  ലഭിച്ച  സഹോദരങ്ങളെയും,  വസ്തുക്കളെയും  തിരിച്ചറിയാതെ പോകുന്നതിനു ഇടവരുത്തുന്നുവെന്നും കർദിനാൾ പറഞ്ഞു. നമ്മുടെ ജീവിത ലക്‌ഷ്യം, നേട്ടം, വിജയം, ലാഭം തുടങ്ങിയവ മാത്രമാണെങ്കിൽ, നമ്മിലേക്ക് നാം ചുരുങ്ങി പോകുമെന്നും, അത് ക്രൈസ്തവീകതയല്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അതിനാൽ നമ്മെ തന്നെ ദാനമായി മറ്റുള്ളവർക്ക് നൽകുവാനുള്ള ഒരു ക്ഷണമാണ് വിശുദ്ധ കുർബാന നൽകുന്നതെന്ന് കർദിനാൾ അടിവരയിട്ടു പറഞ്ഞു.

യേശുവിന് റെ വചനം, ശരീരം, രക്തം എന്നീ ദാനങ്ങൾ നിരസിക്കുന്ന അവസ്ഥയെയും കർദിനാൾ സൂചിപ്പിച്ചു. ഇപ്രകാരം, ദാനമാണ് നിരസിക്കുന്നവർക്ക്, യേശുവിന്റെ കൂടെ യാത്ര ചെയ്യുവാൻ കഴിയുകയില്ലെന്നും, ദൗത്യനിർവഹണത്തിനായി അയയ്ക്കപ്പെടുവാൻ സാധിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു. വിശുദ്ധ കുർബാനയിൽ യേശുവിന്റെ സാന്നിധ്യം അനുഭവവേദ്യമാക്കുവാൻ മറ്റുള്ളവരെ സഹായിക്കേണ്ടത്, ക്രൈസ്തവകടമയാണെന്നും, അതിനുള്ള ധൈര്യം സംഭരിക്കേണ്ടത് ആവശ്യമെന്നും കർദിനാൾ  അടിവരയിട്ടു പറഞ്ഞു.

അവസാനമായി ദിവ്യകാരുണ്യ മിഷനറിമാരായി, യേശുവിനു സാക്ഷ്യം വഹിക്കുവാനുള്ള ഉത്തരവാദിത്വവും, അദ്ദേഹം പ്രത്യേകമായി സൂചിപ്പിച്ചു. "ഞങ്ങൾ ആരുടെ അടുക്കൽ പോകും?  നിത്യജീവന്റെ വചസുകൾ അങ്ങയുടെ പക്കൽ ഉണ്ടല്ലോ", എന്ന് പറഞ്ഞ വിശുദ്ധ പത്രോസിനെ പോലെ  ദൃഢനിശ്ചയത്തോടെ യേശുവിൽ വിശ്വസിക്കണമെന്നും, അവനോടൊപ്പം ജീവിതം നയിക്കണമെന്നും കർദിനാൾ പറഞ്ഞു. ഇപ്രകാരം യേശുവിനോടൊപ്പം ജീവിക്കുന്നവരെയാണ് തന്റെ ദൗത്യ നിർവ്വഹണത്തിനായി അവൻ അയയ്ക്കുന്നതെന്നും, അനുരഞ്ജനത്തിന്റെയും സമാധാനത്തിന്റെയും പാതകൾ തുറക്കുമാറ്‌ ശക്തരാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  വിശുദ്ധ ബലിയിലൂടെ നമുക്ക് ലഭിച്ചതും, നാം അനുഭവിച്ചതുമായ കാര്യങ്ങൾ മറ്റുള്ളവരെ അറിയിക്കുന്നതും, അവരെ യേശുവിലേക്ക് കൂട്ടിക്കൊണ്ടുവരുന്നതുമാണ് യഥാർത്ഥ ദിവ്യകാരുണ്യ മിഷനറി ദൗത്യമെന്നും കർദിനാൾ താഗ്ലെ ഉപസംഹാരമായി പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow