സമഗ്രമാനവികവികസനത്തിനായി മനുഷ്യസ്വാതന്ത്ര്യവും അവകാശങ്ങളും മാനിക്കപ്പെടണം: ആർച്ച്ബിഷപ് എത്തൊറെ ബാലസ്ത്രെറോ

ബൗദ്ധികസ്വത്തവകാശം സംബന്ധിച്ച് ലോക ബൗദ്ധിക സ്വത്തവകാശ സംഘടന ( World Intellectual Property Organization) അഥവാ വിപോ (WIPO) അടുത്തിടെ സ്വീകരിച്ച നയങ്ങളെ സ്വാഗതം ചെയ്‌ത്‌ പരിശുദ്ധ സിംഹാസനം.

Jul 12, 2024 - 11:39
 0  5
സമഗ്രമാനവികവികസനത്തിനായി മനുഷ്യസ്വാതന്ത്ര്യവും അവകാശങ്ങളും മാനിക്കപ്പെടണം: ആർച്ച്ബിഷപ് എത്തൊറെ ബാലസ്ത്രെറോ

ലോക ബൗദ്ധിക സ്വത്തവകാശ സംഘടനയുമായി സഹകരിച്ചു മുന്നോട്ടുപോകാനുള്ള പരിശുദ്ധ സിംഹാസനത്തിന്റെ തീരുമാനം തുടരുന്നുവെന്ന് ഐക്യരാഷ്ട്രസഭയുടെ ജനീവയിലുള്ള കേന്ദ്രത്തിലേക്കുള്ള പരിശുദ്ധസിംഹാസനത്തിന്റെ പ്രതിനിധി ആർച്ച്ബിഷപ് എത്തൊറെ ബാലസ്ത്രെറോ. ബൗദ്ധികസ്വത്തവകാശവുമായി ബന്ധപ്പെട്ട് ജൂലൈ 9 ചൊവ്വാഴ്ച, ജനീവയിൽ വച്ചുനടന്ന ഒരു സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബൗദ്ധികസ്വത്തവകാശം, ജനിതകവിഭവങ്ങളും അനുബന്ധപരമ്പര്യഅറിവുകളും തുടങ്ങിയ വിഷയങ്ങളിൽ ലോക ബൗദ്ധിക സ്വത്തവകാശ സംഘടന അടുത്തിടെ നടപ്പിലാക്കിയ ഉടമ്പടിയെ പരിശുദ്ധ സിംഹാസനം സ്വാഗതം ചെയ്യുന്നുവെന്ന് ആർച്ച്ബിഷപ് ബാലസ്ത്രെറോ പറഞ്ഞു. ആദിവാസികളുടെയും, പ്രാദേശികസമൂഹങ്ങളുടെയും പങ്കാളിത്തം ഉറപ്പുവരുത്തുന്നതാണ് ഇപ്പോൾ എടുത്തിരിക്കുന്ന തീരുമാനങ്ങളെന്ന്  പരിശുദ്ധ സിംഹാസനത്തിന്റെ പ്രതിനിധി പ്രസ്‌താവിച്ചു.

ദൈവം മനുഷ്യന് നൽകിയിരിക്കുന്ന അന്തസ്സാണ് നമ്മുടെ സഹവർത്തിത്വത്തിന്റെ അടിസ്ഥാനമെന്നും, ബൗദ്ധിക അവകാശം സംബന്ധിച്ചുള്ള കരാർ ഇത്തരമൊരു അന്തസ്സിൽ അടിസ്ഥാനമിട്ടതായി തുടരണമെന്നും ആർച്ച്ബിഷപ് ബാലസ്ത്രെറോ ഓർമ്മിപ്പിച്ചു. ഇത്തരമൊരു കരാറിൽ മാനവിക ജനിതകവിഭവങ്ങളെ ഒഴിവാക്കിയതിന് പരിശുദ്ധ സിംഹാസനം അഭിനന്ദിച്ചു.

മാനവികതയുടെ പൊതുനന്മ ഉറപ്പാക്കുന്നതിനായി ലോക ബൗദ്ധിക സ്വത്തവകാശ സംഘടനയുമായി യോജിച്ചുപോകാൻ പരിശുദ്ധസിംഹാസനമെടുത്തിട്ടുള്ള തീരുമാനം വൃത്തക്കാൻ നയതന്ത്രപ്രതിനിധി അടിവരയിട്ടുപറഞ്ഞു. മനുഷ്യർക്ക് അവരുടെ അവകാശങ്ങളും സ്വാതന്ത്ര്യവും ജീവിക്കാൻ സാധിക്കുമ്പോഴേ പൊതുനന്മ സാധ്യമാകൂ എന്ന് ആർച്ച്ബിഷപ് ബാലസ്ത്രെറോ അനുസ്മരിച്ചു. മാനവകുടുംബം മുഴുവന്റെയും സഹകരണത്തോടെയേ പൊതുനന്മ സാധ്യമാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോക ബൗദ്ധിക സ്വത്തവകാശ സംഘടനയുടെ അറുപത്തിയഞ്ചാമത് സമ്മേളനപരമ്പരയായിരുന്നു കഴിഞ്ഞ ദിവസം ജനീവയിൽ വച്ച് നടന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow