പക്ഷിപ്പനി; നാല് ജില്ലകളില്‍ വളര്‍ത്തുപക്ഷികള്‍ക്ക് നിരോധനം
പക്ഷിപ്പനി വ്യാപനം തടയാൻ നാലു ജില്ലകളില്‍ നാലു മാസം വളർത്തുപക്ഷികളുടെ കടത്തലും വിരിയിക്കലും നിരോധിച്ച് സർക്കാർ ഉത്തരവിറങ്ങി.
ആലപ്പുഴ: പക്ഷിപ്പനി വ്യാപനം തടയാൻ നാലു ജില്ലകളില്‍ നാലു മാസം വളർത്തുപക്ഷികളുടെ കടത്തലും വിരിയിക്കലും നിരോധിച്ച് സർക്കാർ ഉത്തരവിറങ്ങി.
പ്രഭവകേന്ദ്രത്തിന് ഒരുകിലോമീറ്റർ ചുറ്റളവ് രോഗബാധിത മേഖലയും 10 കിലോമീറ്റർ നിരീക്ഷണ മേഖലയുമായാണ് കണക്കാക്കുന്നത്. സംസ്ഥാനത്ത് 38 പ്രഭവകേന്ദ്രങ്ങളാണുള്ളത്. ഇതില്‍ ആലപ്പുഴ ജില്ല പൂർണമായും ഉള്‍പ്പെടും. കോട്ടയം ജില്ലയിലെ വൈക്കം, ചങ്ങനാശ്ശേരി, കോട്ടയം താലൂക്കുകള്‍, പത്തനംതിട്ട ജില്ലയില്‍ തിരുവല്ല താലൂക്ക്, പള്ളിക്കല്‍, തുമ്ബമണ്‍ പഞ്ചായത്തുകള്‍, പന്തളം, അടൂർ നഗരസഭകള്‍, ആറന്മുള, കോഴഞ്ചേരി, കുളനട, മല്ലപ്പുഴശ്ശേരി, മെഴുവേലി, കല്ലൂപ്പാറ, കുന്നന്താനം, മല്ലപ്പള്ളി, പുറമറ്റം പഞ്ചായത്തുകള്‍, എറണാകുളം ജില്ലയിലെ ആമ്ബല്ലൂർ, ഉദയംപേരൂർ, എടയ്ക്കാട്ടുവയല്‍, ചെല്ലാനം പഞ്ചായത്തുകള്‍ എന്നിവയാണ് നിരോധനം ബാധകമായ സ്ഥലങ്ങള്‍.
നിലവിലെ ഹാച്ചറികളിലുള്ള മുട്ടകള്‍ ശാസ്ത്രീയമായി നശിപ്പിക്കണം. അതിന് മുട്ടയൊന്നിന് (കോഴി, താറാവ്) അഞ്ചുരൂപ നഷ്ടപരിഹാരം നല്‍കണം. ഹാച്ചറികളില്‍ മുട്ട വിരിയിക്കാനും പാടില്ല. പക്ഷികളില്ലാത്ത ഹാച്ചറികള്‍ അടച്ചിടണം. സെപ്റ്റംബർ രണ്ട് മുതല്‍ ഉത്തരവ് പ്രാബല്യത്തിലായി. രോഗം ആവർത്തിക്കുന്നത് തടയാൻ കേന്ദ്രസർക്കാർ നല്‍കിയ നിർദേശവും സംസ്ഥാന സമിതിയുടെ കണ്ടെത്തലും പരിഗണിച്ചാണ് പുതിയ വിജ്ഞാപനം.
നിരോധന ഉത്തരവ് നടപ്പാക്കാൻ ഫാമുകള്‍, ഹാച്ചറികള്‍, കർഷകർ തുടങ്ങിയവർക്ക് നോട്ടീസ് നല്‍കാൻ മൃഗസംരക്ഷണവകുപ്പ് തീരുമാനിച്ചു. വിവിധ വകുപ്പുകളുടെ സഹായത്തോടെ നിരോധനം പൂർണമായി താഴെത്തട്ടിലേക്ക് നടപ്പാക്കുന്നതിന്‍റെ ഭാഗമായി തദ്ദേശസ്ഥാപനങ്ങളിലെ അംഗങ്ങള്‍, ആശ വർക്കർ എന്നിവർ മുഖേനയാണ് നോട്ടീസ് നല്‍കുക. പക്ഷിപ്പനിബാധിത മേഖലകളില്‍ 2025 മാർച്ച് വരെ പക്ഷിവളർത്തല്‍ നിരോധിക്കണമെന്നാണ് സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധസമിതി ശിപാർശ. ഇതില്‍ നേരിയ ഇളവ് വരുത്തിയാണ് നിരോധനം ഡിസംബർ 31 വരെയാക്കിയത്.
ആലപ്പുഴ ജില്ലയില്‍ മാത്രം 30 ഇടത്താണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. . നിരോധിത മേഖലയില്‍ പുതുതായി കോഴി, താറാവ് എന്നിവയെ വളർത്തിയാല്‍ കർശന നടപടിയുണ്ടാകും.
What's Your Reaction?